Malayalam Meal — Abdülhamîd Haydar ve Kunhi Muhammed — Nisa' 4:1 – Enam 6:165
Contents
- Nisa' 4:1
- Nisa' 4:2
- Nisa' 4:3
- Nisa' 4:4
- Nisa' 4:5
- Nisa' 4:6
- Nisa' 4:7
- Nisa' 4:8
- Nisa' 4:9
- Nisa' 4:10
- Nisa' 4:11
- Nisa' 4:12
- Nisa' 4:13
- Nisa' 4:14
- Nisa' 4:15
- Nisa' 4:16
- Nisa' 4:17
- Nisa' 4:18
- Nisa' 4:19
- Nisa' 4:20
- Nisa' 4:21
- Nisa' 4:22
- Nisa' 4:23
- Nisa' 4:24
- Nisa' 4:25
- Nisa' 4:26
- Nisa' 4:27
- Nisa' 4:28
- Nisa' 4:29
- Nisa' 4:30
- Nisa' 4:31
- Nisa' 4:32
- Nisa' 4:33
- Nisa' 4:34
- Nisa' 4:35
- Nisa' 4:36
- Nisa' 4:37
- Nisa' 4:38
- Nisa' 4:39
- Nisa' 4:40
- Nisa' 4:41
- Nisa' 4:42
- Nisa' 4:43
- Nisa' 4:44
- Nisa' 4:45
- Nisa' 4:46
- Nisa' 4:47
- Nisa' 4:48
- Nisa' 4:49
- Nisa' 4:50
- Nisa' 4:51
- Nisa' 4:52
- Nisa' 4:53
- Nisa' 4:54
- Nisa' 4:55
- Nisa' 4:56
- Nisa' 4:57
- Nisa' 4:58
- Nisa' 4:59
- Nisa' 4:60
- Nisa' 4:61
- Nisa' 4:62
- Nisa' 4:63
- Nisa' 4:64
- Nisa' 4:65
- Nisa' 4:66
- Nisa' 4:67
- Nisa' 4:68
- Nisa' 4:69
- Nisa' 4:70
- Nisa' 4:71
- Nisa' 4:72
- Nisa' 4:73
- Nisa' 4:74
- Nisa' 4:75
- Nisa' 4:76
- Nisa' 4:77
- Nisa' 4:78
- Nisa' 4:79
- Nisa' 4:80
- Nisa' 4:81
- Nisa' 4:82
- Nisa' 4:83
- Nisa' 4:84
- Nisa' 4:85
- Nisa' 4:86
- Nisa' 4:87
- Nisa' 4:88
- Nisa' 4:89
- Nisa' 4:90
- Nisa' 4:91
- Nisa' 4:92
- Nisa' 4:93
- Nisa' 4:94
- Nisa' 4:95
- Nisa' 4:96
- Nisa' 4:97
- Nisa' 4:98
- Nisa' 4:99
- Nisa' 4:100
- Nisa' 4:101
- Nisa' 4:102
- Nisa' 4:103
- Nisa' 4:104
- Nisa' 4:105
- Nisa' 4:106
- Nisa' 4:107
- Nisa' 4:108
- Nisa' 4:109
- Nisa' 4:110
- Nisa' 4:111
- Nisa' 4:112
- Nisa' 4:113
- Nisa' 4:114
- Nisa' 4:115
- Nisa' 4:116
- Nisa' 4:117
- Nisa' 4:118
- Nisa' 4:119
- Nisa' 4:120
- Nisa' 4:121
- Nisa' 4:122
- Nisa' 4:123
- Nisa' 4:124
- Nisa' 4:125
- Nisa' 4:126
- Nisa' 4:127
- Nisa' 4:128
- Nisa' 4:129
- Nisa' 4:130
- Nisa' 4:131
- Nisa' 4:132
- Nisa' 4:133
- Nisa' 4:134
- Nisa' 4:135
- Nisa' 4:136
- Nisa' 4:137
- Nisa' 4:138
- Nisa' 4:139
- Nisa' 4:140
- Nisa' 4:141
- Nisa' 4:142
- Nisa' 4:143
- Nisa' 4:144
- Nisa' 4:145
- Nisa' 4:146
- Nisa' 4:147
- Nisa' 4:148
- Nisa' 4:149
- Nisa' 4:150
- Nisa' 4:151
- Nisa' 4:152
- Nisa' 4:153
- Nisa' 4:154
- Nisa' 4:155
- Nisa' 4:156
- Nisa' 4:157
- Nisa' 4:158
- Nisa' 4:159
- Nisa' 4:160
- Nisa' 4:161
- Nisa' 4:162
- Nisa' 4:163
- Nisa' 4:164
- Nisa' 4:165
- Nisa' 4:166
- Nisa' 4:167
- Nisa' 4:168
- Nisa' 4:169
- Nisa' 4:170
- Nisa' 4:171
- Nisa' 4:172
- Nisa' 4:173
- Nisa' 4:174
- Nisa' 4:175
- Nisa' 4:176
- Maide 5:1
- Maide 5:2
- Maide 5:3
- Maide 5:4
- Maide 5:5
- Maide 5:6
- Maide 5:7
- Maide 5:8
- Maide 5:9
- Maide 5:10
- Maide 5:11
- Maide 5:12
- Maide 5:13
- Maide 5:14
- Maide 5:15
- Maide 5:16
- Maide 5:17
- Maide 5:18
- Maide 5:19
- Maide 5:20
- Maide 5:21
- Maide 5:22
- Maide 5:23
- Maide 5:24
- Maide 5:25
- Maide 5:26
- Maide 5:27
- Maide 5:28
- Maide 5:29
- Maide 5:30
- Maide 5:31
- Maide 5:32
- Maide 5:33
- Maide 5:34
- Maide 5:35
- Maide 5:36
- Maide 5:37
- Maide 5:38
- Maide 5:39
- Maide 5:40
- Maide 5:41
- Maide 5:42
- Maide 5:43
- Maide 5:44
- Maide 5:45
- Maide 5:46
- Maide 5:47
- Maide 5:48
- Maide 5:49
- Maide 5:50
- Maide 5:51
- Maide 5:52
- Maide 5:53
- Maide 5:54
- Maide 5:55
- Maide 5:56
- Maide 5:57
- Maide 5:58
- Maide 5:59
- Maide 5:60
- Maide 5:61
- Maide 5:62
- Maide 5:63
- Maide 5:64
- Maide 5:65
- Maide 5:66
- Maide 5:67
- Maide 5:68
- Maide 5:69
- Maide 5:70
- Maide 5:71
- Maide 5:72
- Maide 5:73
- Maide 5:74
- Maide 5:75
- Maide 5:76
- Maide 5:77
- Maide 5:78
- Maide 5:79
- Maide 5:80
- Maide 5:81
- Maide 5:82
- Maide 5:83
- Maide 5:84
- Maide 5:85
- Maide 5:86
- Maide 5:87
- Maide 5:88
- Maide 5:89
- Maide 5:90
- Maide 5:91
- Maide 5:92
- Maide 5:93
- Maide 5:94
- Maide 5:95
- Maide 5:96
- Maide 5:97
- Maide 5:98
- Maide 5:99
- Maide 5:100
- Maide 5:101
- Maide 5:102
- Maide 5:103
- Maide 5:104
- Maide 5:105
- Maide 5:106
- Maide 5:107
- Maide 5:108
- Maide 5:109
- Maide 5:110
- Maide 5:111
- Maide 5:112
- Maide 5:113
- Maide 5:114
- Maide 5:115
- Maide 5:116
- Maide 5:117
- Maide 5:118
- Maide 5:119
- Maide 5:120
- Enam 6:1
- Enam 6:2
- Enam 6:3
- Enam 6:4
- Enam 6:5
- Enam 6:6
- Enam 6:7
- Enam 6:8
- Enam 6:9
- Enam 6:10
- Enam 6:11
- Enam 6:12
- Enam 6:13
- Enam 6:14
- Enam 6:15
- Enam 6:16
- Enam 6:17
- Enam 6:18
- Enam 6:19
- Enam 6:20
- Enam 6:21
- Enam 6:22
- Enam 6:23
- Enam 6:24
- Enam 6:25
- Enam 6:26
- Enam 6:27
- Enam 6:28
- Enam 6:29
- Enam 6:30
- Enam 6:31
- Enam 6:32
- Enam 6:33
- Enam 6:34
- Enam 6:35
- Enam 6:36
- Enam 6:37
- Enam 6:38
- Enam 6:39
- Enam 6:40
- Enam 6:41
- Enam 6:42
- Enam 6:43
- Enam 6:44
- Enam 6:45
- Enam 6:46
- Enam 6:47
- Enam 6:48
- Enam 6:49
- Enam 6:50
- Enam 6:51
- Enam 6:52
- Enam 6:53
- Enam 6:54
- Enam 6:55
- Enam 6:56
- Enam 6:57
- Enam 6:58
- Enam 6:59
- Enam 6:60
- Enam 6:61
- Enam 6:62
- Enam 6:63
- Enam 6:64
- Enam 6:65
- Enam 6:66
- Enam 6:67
- Enam 6:68
- Enam 6:69
- Enam 6:70
- Enam 6:71
- Enam 6:72
- Enam 6:73
- Enam 6:74
- Enam 6:75
- Enam 6:76
- Enam 6:77
- Enam 6:78
- Enam 6:79
- Enam 6:80
- Enam 6:81
- Enam 6:82
- Enam 6:83
- Enam 6:84
- Enam 6:85
- Enam 6:86
- Enam 6:87
- Enam 6:88
- Enam 6:89
- Enam 6:90
- Enam 6:91
- Enam 6:92
- Enam 6:93
- Enam 6:94
- Enam 6:95
- Enam 6:96
- Enam 6:97
- Enam 6:98
- Enam 6:99
- Enam 6:100
- Enam 6:101
- Enam 6:102
- Enam 6:103
- Enam 6:104
- Enam 6:105
- Enam 6:106
- Enam 6:107
- Enam 6:108
- Enam 6:109
- Enam 6:110
- Enam 6:111
- Enam 6:112
- Enam 6:113
- Enam 6:114
- Enam 6:115
- Enam 6:116
- Enam 6:117
- Enam 6:118
- Enam 6:119
- Enam 6:120
- Enam 6:121
- Enam 6:122
- Enam 6:123
- Enam 6:124
- Enam 6:125
- Enam 6:126
- Enam 6:127
- Enam 6:128
- Enam 6:129
- Enam 6:130
- Enam 6:131
- Enam 6:132
- Enam 6:133
- Enam 6:134
- Enam 6:135
- Enam 6:136
- Enam 6:137
- Enam 6:138
- Enam 6:139
- Enam 6:140
- Enam 6:141
- Enam 6:142
- Enam 6:143
- Enam 6:144
- Enam 6:145
- Enam 6:146
- Enam 6:147
- Enam 6:148
- Enam 6:149
- Enam 6:150
- Enam 6:151
- Enam 6:152
- Enam 6:153
- Enam 6:154
- Enam 6:155
- Enam 6:156
- Enam 6:157
- Enam 6:158
- Enam 6:159
- Enam 6:160
- Enam 6:161
- Enam 6:162
- Enam 6:163
- Enam 6:164
- Enam 6:165
Nisa' 4:1
മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ(1) അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
———
1) അല്ലാഹുവിന്‍റെ പേരില്‍ അന്യോന്യം തര്‍ക്കിക്കുന്നതിനെപ്പറ്റിയോ, അവന്‍റെ പേരില്‍ അന്യോന്യം അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെപ്പറ്റിയോ അവന്‍റെ പേരില്‍ സഹായാര്‍ഥന നടത്തുന്നതിനെപ്പറ്റിയോ ആകാം സൂചന.
Nisa' 4:2
അനാഥകള്‍ക്ക് അവരുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങള്‍ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേര്‍ത്ത് അവരുടെ ധനം നിങ്ങള്‍ തിന്നുകളയുകയുമരുത്. തീര്‍ച്ചയായും അത് ഒരു കൊടും പാതകമാകുന്നു
Nisa' 4:3
അനാഥകളുടെ കാര്യത്തില്‍(2) നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (മറ്റു) സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ (അവര്‍ക്കിടയില്‍) നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം (വിവാഹം കഴിക്കുക.) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക.) നിങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്.
———
2) അനാഥപെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നവര്‍ അവരുടെ സ്വത്തിലും സൗന്ദര്യത്തിലും കണ്ണുവെച്ചുകൊണ്ട് അവരെ കല്യാണം കഴിക്കുന്ന സമ്പ്രദായം അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. എന്നാല്‍ അവരില്‍ മിക്കവരും ആ 'അനാഥഭാര്യ'മാരോട് നീതി പുലര്‍ത്തിയിരുന്നില്ല. നീതി പുലര്‍ത്താത്ത ഏതു വിവാഹസമ്പ്രദായവും ഇസ്‌ലാമില്‍ നിഷിദ്ധമാണ്.
Nisa' 4:4
സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട് കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വ്വം സുഖമായി ഭക്ഷിച്ചു കൊള്ളുക
Nisa' 4:5
അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ച് തന്നിട്ടുള്ള നിങ്ങളുടെ സ്വത്തുകള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ട് കൊടുക്കരുത്. എന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ അവര്‍ക്ക് ഉപജീവനവും വസ്ത്രവും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യുക
Nisa' 4:6
അനാഥകളെ നിങ്ങള്‍ പരീക്ഷിച്ച് നോക്കുക. അങ്ങനെ അവര്‍ക്കു വിവാഹപ്രായമെത്തിയാല്‍ നിങ്ങളവരില്‍ കാര്യബോധം കാണുന്ന പക്ഷം അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് വിട്ടുകൊടുക്കുക. അവര്‍ (അനാഥകള്‍) വലുതാകുമെന്നത് കണ്ട് അമിതമായും ധൃതിപ്പെട്ടും അത് തിന്നുതീര്‍ക്കരുത്. ഇനി (അനാഥരുടെ സംരക്ഷണമേല്‍ക്കുന്ന) വല്ലവനും കഴിവുള്ളവനാണെങ്കില്‍ (അതില്‍ നിന്നു എടുക്കാതെ) മാന്യത പുലര്‍ത്തുകയാണ് വേണ്ടത്. വല്ലവനും ദരിദ്രനാണെങ്കില്‍ മര്യാദപ്രകാരം അയാള്‍ക്കതില്‍ നിന്ന് ഭക്ഷിക്കാവുന്നതാണ്. എന്നിട്ട് അവരുടെ സ്വത്തുക്കള്‍ അവര്‍ക്ക് നിങ്ങള്‍ ഏല്‍പിച്ചുകൊടുക്കുമ്പോള്‍ നിങ്ങളതിന് സാക്ഷിനിര്‍ത്തേണ്ടതുമാണ്. കണക്കു നോക്കുന്നവനായി അല്ലാഹു തന്നെ മതി.
Nisa' 4:7
മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു
Nisa' 4:8
(സ്വത്ത്) ഭാഗിക്കുന്ന സന്ദര്‍ഭത്തില്‍ (മറ്റു) ബന്ധുക്കളോ, അനാഥകളോ പാവപ്പെട്ടവരോ ഹാജറുണ്ടായാല്‍ അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ വല്ലതും നല്‍കുകയും, അവരോട് മര്യാദയുള്ള വാക്ക് പറയുകയും ചെയ്യേണ്ടതാകുന്നു(3)
———
3) അനന്തരാവകാശ നിയമപ്രകാരം അവകാശം ലഭിക്കാത്ത ചില ബന്ധുക്കള്‍ -വിശിഷ്യാ അനാഥകളും അഗതികളുമായിട്ടുള്ളവര്‍ -പരേതന് ശേഷം ആശ്രയം നഷ്ടപ്പെട്ടവരായി ഉണ്ടായേക്കാം. സ്വത്തു ഭാഗിച്ചെടുക്കുന്ന നിയമാനുസൃത അവകാശികള്‍ ഇത്തരക്കാര്‍ക്ക് ന്യായമായ വിഹിതം നല്‍കേണ്ടതാണെന്ന് ഈ വചനം പഠിപ്പിക്കുന്നു.
Nisa' 4:9
തങ്ങളുടെ പിന്നില്‍ ദുര്‍ബലരായ സന്താനങ്ങളെ വിട്ടേച്ചുപോയാല്‍ (അവരുടെ ഗതിയെന്താകുമെന്ന്) ഭയപ്പെടുന്നവര്‍ (അതേവിധം മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍) ഭയപ്പെടട്ടെ.(4) അങ്ങനെ അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യട്ടെ.
———
4) താന്‍ മരിക്കുകയും തന്‍റെ മക്കള്‍ അനാഥരായിട്ട് അവര്‍ ആരുടെയെങ്കിലും ദ്രോഹത്തിനും ചൂഷണത്തിനും ഇരയായിത്തീരുകയും ചെയ്യുന്ന അവസ്ഥയെപ്പറ്റി ആര്‍ക്കും ചിന്തിച്ചു നോക്കാവുന്നതാണ്. ഒരാളും അത് ഇഷ്ടപ്പെടുകയില്ല. മറ്റൊരാളുടെ അനാഥക്കുട്ടികള്‍ തന്‍റെ സംരക്ഷണത്തില്‍ വരുമ്പോള്‍ സ്വന്തം മക്കള്‍ക്ക് സംഭവിച്ചേക്കാവുന്ന ഈ അവസ്ഥയെപ്പറ്റിയുള്ള ചിന്ത ഏതൊരാളെയും നീതിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പര്യാപ്തമായിരിക്കേണ്ടതാണ്.
Nisa' 4:10
തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിയെരിയുന്നതുമാണ്
Nisa' 4:11
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നു; ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം(5) പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചു പോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗമാണ് അവര്‍ക്കുള്ളത്. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പകുതിയാണുള്ളത്. മരിച്ച ആള്‍ക്കു സന്താനമുണ്ടെങ്കില്‍ അയാളുടെ മാതാപിതാക്കളില്‍ ഓരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്‍റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാള്‍ക്ക് സന്താനമില്ലാതിരിക്കുകയും, മാതാപിതാക്കള്‍ അയാളുടെ അനന്തരാവകാശികളായിരിക്കയുമാണെങ്കില്‍ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും.(6) ഇനി അയാള്‍ക്ക് സഹോദരങ്ങളുണ്ടായിരുന്നാല്‍ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും.(7) മരിച്ച ആള്‍ ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ് ഇതെല്ലാം. നിങ്ങളുടെ പിതാക്കളിലും നിങ്ങളുടെ മക്കളിലും ഉപകാരം കൊണ്ട് നിങ്ങളോട് ഏറ്റവും അടുത്തവര്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ല. അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ള (ഓഹരി) നിര്‍ണയമാണിത്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
———
5) രണ്ട് പെണ്‍കുട്ടികളാണെങ്കിലും മൂന്നില്‍ രണ്ടുഭാഗം തന്നെയാണ് വിഹിതം. നബി(ﷺ) സഅ്ദുബ്‌നു റബീഇന്‍റെ രണ്ടു മക്കള്‍ക്ക് അപ്രകാരം നല്‍കാന്‍ വിധിച്ചിട്ടുണ്ട്.
6) ബാക്കി വരുന്ന ഭാഗം (മൂന്നില്‍ രണ്ട്) പിതാവിനും.
7) മരിച്ചയാളുടെ ആണ്‍മക്കളോ പിതാവോ ഇല്ലാതെ വരുമ്പോള്‍ മാത്രമേ സഹോദരന്‍ (അഥവാ സഹോദരന്‍മാര്‍) അവകാശിയാവുകയുള്ളൂ. മാതാവും ഒന്നിലേറെ സഹോദരന്മാരും മാത്രമുള്ള സന്ദര്‍ഭത്തില്‍ ആറിലൊന്ന് കഴിച്ച് ബാക്കി മുഴുവന്‍ സഹോദരന്മാര്‍ക്കായിരിക്കും. ഒരു സഹോദരനൂം മാതാവും മാത്രമാണ് അവകാശികളെങ്കില്‍ മാതാവിന് മൂന്നിലൊന്നും സഹോദരന് മൂന്നില്‍ രണ്ടുമായിരിക്കും. മാതാവും സഹോദരിമാരും മാത്രം അവകാശികളായി വന്നാലും മാതാവിന് ആറിലൊന്ന് തന്നെയാണ്. മാതാവും പിതാവും സഹോദരങ്ങളും ഉള്ള സാഹചര്യത്തില്‍ മാതാവിനുള്ള ആറിലൊന്ന് കഴിച്ച് ബാക്കി (ആറില്‍ അഞ്ചുഭാഗം) പിതാവിന് അവകാശപ്പെട്ടതാണെന്നത്രെ ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം.
Nisa' 4:12
നിങ്ങളുടെ ഭാര്യമാര്‍ക്ക് സന്താനമില്ലാത്ത പക്ഷം അവര്‍ വിട്ടേച്ചുപോയ ധനത്തിന്‍റെ പകുതി നിങ്ങള്‍ക്കാകുന്നു. ഇനി അവര്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ അവര്‍ വിട്ടേച്ചുപോയതിന്‍റെ നാലിലൊന്ന് നിങ്ങള്‍ക്കായിരിക്കും. അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. നിങ്ങള്‍ക്ക് സന്താനമില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയ ധനത്തില്‍ നിന്ന് നാലിലൊന്നാണ് അവര്‍ക്ക് (ഭാര്യമാര്‍ക്ക്) ഉള്ളത്. ഇനി നിങ്ങള്‍ക്ക് സന്താനമുണ്ടായിരുന്നാല്‍ നിങ്ങള്‍ വിട്ടേച്ചു പോയതില്‍ നിന്ന് എട്ടിലൊന്നാണ് അവര്‍ക്കുള്ളത്. നിങ്ങള്‍ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കില്‍ അതും കഴിച്ചാണിത്. അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും, അയാള്‍ക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താല്‍ അവരില്‍ (ആ സഹോദരസഹോദരിമാരില്‍) ഓരോരുത്തര്‍ക്കും ആറില്‍ ഒരംശം ലഭിക്കുന്നതാണ്. ഇനി അവര്‍ അതിലധികം പേരുണ്ടെങ്കില്‍ അവര്‍ മൂന്നിലൊന്നില്‍ സമാവകാശികളായിരിക്കും.(8) ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതു കഴിച്ചാണിത്.(9) അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു
———
8) ഈ വചനത്തില്‍ ഉമ്മയൊത്ത സഹോദരങ്ങളുടെ അവകാശത്തെപ്പറ്റിയാണ് പറയുന്നത്. മറ്റുള്ള സഹോദരങ്ങളുടെ അവകാശത്തെപ്പറ്റി 4:176 ല്‍ പറയുന്നുണ്ട്. മാതാവൊത്ത സഹോദരന്മാര്‍ക്കുള്ള അനന്തരാവകാശത്തില്‍ ആണിനും പെണ്ണിനും തുല്യ ഓഹരിയാകുന്നു. മാതാവിന്‍റെ പ്രതിനിധികള്‍ എന്ന നിലയിലാണ് അവര്‍ക്ക് അവകാശം നല്‍കപ്പെടുന്നത്.
9) പരമാവധി, ആകെ സ്വത്തിന്‍റെ മൂന്നിലൊന്ന് മാത്രമേ ആര്‍ക്കെങ്കിലും വസിയ്യത്ത് മുഖേന നല്‍കാന്‍ പാടുള്ളൂ. അതില്‍ കവിഞ്ഞുള്ള വസ്വിയ്യത്ത് അവകാശികളോടുള്ള ദ്രോഹമാണ്. അവകാശികളോടുള്ള വെറുപ്പിന്‍റെ പേരില്‍ അവര്‍ക്ക് തന്‍റെ സ്വത്തില്‍ നിന്ന് തന്‍റെ മരണശേഷം യാതൊന്നും കിട്ടരുതെന്ന് കരുതി ഒരാള്‍ തനിക്ക് ഇഷ്ടപ്പെട്ട ഒരാള്‍ക്ക് ഒരു വലിയ സംഖ്യ കടം വീട്ടാനുണ്ട് എന്ന് രേഖപ്പെടുത്തുകയോ മൊഴി നല്‍കുകയോ ചെയ്താല്‍ അതും ദ്രോഹമാണ്.
Nisa' 4:13
അല്ലാഹുവിന്‍റെ നിയമപരിധികളാകുന്നു അവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം
Nisa' 4:14
ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുകയും, അവന്‍റെ (നിയമ) പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നുവോ അവനെ അല്ലാഹു നരകാഗ്നിയില്‍ പ്രവേശിപ്പിക്കും. അവനതില്‍ നിത്യവാസിയായിരിക്കും. അപമാനകരമായ ശിക്ഷയാണ് അവന്നുള്ളത്
Nisa' 4:15
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് നീചവൃത്തിയില്‍ ഏര്‍പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന് നാലുപേരെ നിങ്ങള്‍ കൊണ്ട് വരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത് വരെ(10)
———
10) വ്യഭിചാരത്തിനുളള ശിക്ഷ നല്‍കണമെങ്കില്‍ സത്യസന്ധരായ നാലുപേര്‍ അത് കാണുകയും അവര്‍ സാക്ഷ്യം വഹിക്കുകയും വേണം. ഇസ്‌ലാമിന്‍റെ എല്ലാ നിയമങ്ങളെയും പോലെ ശിക്ഷാനിയമവും പടിപടിയായാണ് അവതരിപ്പിച്ചത്. 100 അടി ശിക്ഷ നിശ്ചയിച്ചു കൊണ്ടുള്ള ആയത്തിനു മുമ്പാണ് ഈ ആയത്ത് അവതരിച്ചത്. അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുന്നതു വരെ എന്നതു കൊണ്ടുള്ള വിവക്ഷ ഖണ്ഡിതവും അന്തിമവുമായ ശിക്ഷാനിയമം അവതരിപ്പിക്കപ്പെടുന്നതു വരെ എന്നായിരിക്കാം.
Nisa' 4:16
നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക.(11) എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു
———
11) വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീ പുരുഷന്‍മാരെ പറ്റിയുള്ളതാണ് ഈ വചനമെന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം. പ്രകൃതിവിരുദ്ധ ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാരെ പറ്റിയുള്ളതാണെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. വ്യഭിചാരത്തിനുള്ള ഖണ്ഡിതമായ ശിക്ഷാനിയമം ഇതിന് ശേഷമാണ് അവതരിപ്പിക്കപ്പെട്ടത്.
Nisa' 4:17
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് (അനന്തര ഫലങ്ങളെക്കുറിച്ച്) അറിവുകേട് നിമിത്തം തിന്‍മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
Nisa' 4:18
പശ്ചാത്താപം എന്നത് തെറ്റുകള്‍ ചെയ്ത് കൊണ്ടിരിക്കുകയും, എന്നിട്ട് മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട് മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കിവെച്ചിട്ടുള്ളത്
Nisa' 4:19
സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല.(12) അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്.(13) അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാതെ. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമാണ്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം.
———
12) അജ്ഞാനകാലത്ത് അറബികളാരെങ്കിലും മരിച്ചാല്‍ അയാളുടെ സ്വത്തുക്കളോടൊപ്പം ഭാര്യമാരെയും അനന്തരാവകാശികള്‍ പങ്കിട്ടെടുക്കുമായിരുന്നു.
13) ഭാര്യമാരെ പീഡിപ്പിക്കുകയും, അവര്‍ വിവാഹമോചനം ആവശ്യപ്പെടുകയാണെങ്കില്‍ മഹ്ര്‍ തിരിച്ചു കൊടുത്താല്‍ മാത്രമേ മോചനം നല്‍കുകയുള്ളൂ എന്ന് ശഠിക്കുകയും ചെയ്യുന്ന ദുഷിച്ച സമ്പ്രദായത്തെ വിശുദ്ധഖുര്‍ആന്‍ നിരോധിക്കുന്നു.
Nisa' 4:20
നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നപക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന് യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മ്മം ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ?
Nisa' 4:21
നിങ്ങള്‍ അന്യോന്യം കൂടിച്ചേരുകയും അവര്‍ നിങ്ങളില്‍ നിന്ന് കനത്ത ഒരു കരാര്‍ വാങ്ങുകയും ചെയ്തുകഴിഞ്ഞിരിക്കെ നിങ്ങള്‍ അതെങ്ങനെ മേടിക്കും?
Nisa' 4:22
നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്; മുമ്പ് ചെയ്തുപോയതൊഴികെ. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാര്‍ഗവുമാകുന്നു
Nisa' 4:23
നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരപുത്രിമാർ, സഹോദരീ പുത്രിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തു പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങള്‍ അവരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വേള്‍ക്കുന്നതില്‍) നിങ്ങള്‍ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന് പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടുസഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ് ചെയ്തുപോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Nisa' 4:24
(മറ്റുള്ളവരുടെ) വിവാഹബന്ധത്തിലിരിക്കുന്ന സ്ത്രീകളും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമസ്ത്രീകള്‍) ഒഴികെ.(14) നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ നിയമമത്രെ ഇത്. അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം (മഹ്‌റായി) നല്‍കിക്കൊണ്ട് നിങ്ങള്‍ (വിവാഹബന്ധം) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ വൈവാഹിക ജീവിതം ലക്ഷ്യമാക്കുന്നവരായിരിക്കണം. നീചവൃത്തി ആഗ്രഹിക്കുന്നവരാകരുത്. അങ്ങനെ അവരില്‍ നിന്ന് നിങ്ങള്‍ വല്ല സുഖവുമനുഭവിച്ചാല്‍ അവര്‍ക്കുള്ള വിവാഹമൂല്യം ഒരു ബാധ്യത എന്ന നിലയില്‍ നിങ്ങള്‍ നല്‍കേണ്ടതാണ്. ബാധ്യത (വിവാഹമൂല്യം) നിശ്ചയിച്ചതിനു ശേഷം നിങ്ങള്‍ അന്യോന്യം തൃപ്തിപ്പെട്ട് വല്ല വിട്ടുവീഴ്ചയും ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
———
14) ശത്രുക്കളുടെ ഭാര്യമാര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുകയും അവര്‍ മുസ്‌ലിംകളുടെ അടിമകളായിത്തീരുകയും ചെയ്താല്‍ അവരെ മുസ്‌ലിംകള്‍ക്ക് ഭാര്യമാരായി സ്വീകരിക്കാമെന്ന് ഇതില്‍ നിന്നും ഗ്രഹിക്കാം
Nisa' 4:25
നിങ്ങളിലാര്‍ക്കെങ്കിലും സത്യവിശ്വാസിനികളായ സ്വതന്ത്രസ്ത്രീകളെ വിവാഹം കഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലെങ്കില്‍ നിങ്ങളുടെ കൈകള്‍ ഉടമപ്പെടുത്തിയ സത്യവിശ്വാസിനികളായ ദാസിമാരില്‍ ആരെയെങ്കിലും (ഭാര്യമാരായി സ്വീകരിക്കാവുന്നതാണ്.) അല്ലാഹുവാകുന്നു നിങ്ങളുടെ വിശ്വാസത്തെപ്പറ്റി നന്നായി അറിയുന്നവന്‍. നിങ്ങളില്‍ ചിലര്‍ ചിലരില്‍ നിന്നുണ്ടായവരാണല്ലോ.(15) അങ്ങനെ അവരെ (ആ ദാസിമാരെ) അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതിപ്രകാരം നിങ്ങള്‍ വിവാഹം കഴിച്ച് കൊള്ളുക. അവരുടെ വിവാഹമൂല്യം മര്യാദപ്രകാരം അവര്‍ക്ക് നിങ്ങള്‍ നല്‍കുകയും ചെയ്യുക. മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടാത്തവരും രഹസ്യവേഴ്ചക്കാരെ സ്വീകരിക്കാത്തവരുമായ പതിവ്രതകളായിരിക്കണം അവര്‍. അങ്ങനെ അവര്‍ വൈവാഹിക ജീവിതത്തിന്‍റെ സംരക്ഷണത്തിലായിക്കഴിഞ്ഞിട്ട് അവര്‍ മ്ലേച്ഛവൃത്തിയില്‍ ഏര്‍പെടുന്ന പക്ഷം സ്വതന്ത്രസ്ത്രീകള്‍ക്കുള്ളതിന്‍റെ പകുതി ശിക്ഷ അവര്‍ക്കുണ്ടായിരിക്കും.(16) നിങ്ങളുടെ കൂട്ടത്തില്‍ (വിവാഹം കഴിച്ചില്ലെങ്കില്‍) വിഷമിക്കുമെന്ന് ഭയപ്പെടുന്നവര്‍ക്കാകുന്നു അത്. (അടിമസ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കാനുള്ള അനുവാദം.) എന്നാല്‍ നിങ്ങള്‍ ക്ഷമിച്ചിരിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം.(17) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
———
15) അടിമത്വം മനുഷ്യന്‍റെ മേല്‍ അടിച്ചേല്‍പിക്കപ്പെട്ട ഒരു കാര്യമാണ്. അടിമയും സ്വതന്ത്രനുമെല്ലാം മുസ്‌ലിംകൾ എന്ന നിലയില്‍ അന്യോന്യം സാഹോദര്യബന്ധമുള്ളവര്‍ തന്നെയാണ്.
16) അടിമസ്ത്രീ തെറ്റ് ചെയ്യുന്നതിന് നിര്‍ബന്ധിതയായിത്തീരാനുള്ള സാധ്യത കൂടുതലായതു കൊണ്ടായിരിക്കാം അവള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കപ്പെട്ടത്.
17) മറ്റൊരാള്‍ക്ക് ദാസ്യവേല ചെയ്യാന്‍ ബാധ്യസ്ഥയായ ഒരു സ്ത്രീക്ക് ദാമ്പത്യജീവിതത്തിന്‍റെ ബാധ്യതകള്‍ പൂര്‍ണ്ണമായി നിറവേറ്റാന്‍ പ്രയാസം നേരിടുന്നതിനാലായിരിക്കാം ദാസിമാരുമായുള്ള വിവാഹത്തെ വിശുദ്ധഖുര്‍ആന്‍ ഏറെ പ്രോല്‍സാഹിപ്പിക്കാത്തത്.
Nisa' 4:26
നിങ്ങള്‍ക്ക് (കാര്യങ്ങള്‍) വിവരിച്ചുതരുവാനും, നിങ്ങളുടെ മുന്‍ഗാമികളുടെ നല്ല നടപടികള്‍ നിങ്ങള്‍ക്ക് കാട്ടിത്തരുവാനും നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുവാനും, അല്ലാഹു ഉദ്ദേശിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
Nisa' 4:27
അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റി ജീവിക്കുന്നവര്‍ ഉദ്ദേശിക്കുന്നത് നിങ്ങള്‍ (നേര്‍വഴിയില്‍ നിന്ന്) വന്‍തോതില്‍ തെറ്റിപ്പോകണമെന്നാണ്
Nisa' 4:28
നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു.(18) ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്
———
18) അല്ലാഹു അവന്‍റെ വിധിവിലക്കുകളിലൂടെ മനുഷ്യര്‍ക്ക് ഭാരമുണ്ടാക്കിത്തീര്‍ക്കുകയല്ല; മറിച്ച് ഉത്തമമായ ജീവിത മാതൃകകള്‍ കാണിച്ചു തന്ന് ജീവിതം ധന്യവും സുഗമവുമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്.
Nisa' 4:29
സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്.(19) തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു
———
19) സത്യവിശ്വാസികള്‍ ഒരേ ശരീരം കണക്കെ ഒത്തൊരുമയോടെ ജീവിക്കേണ്ടവരാണ്. അപ്പോള്‍ ഒരു വിശ്വാസി തന്‍റെ സഹോദരനെ കൊല്ലുന്നത് തന്നെത്തന്നെ കൊല്ലുന്നതിന് സമമാകുന്നു. അതുകൊണ്ടാണ് 'നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്' എന്ന് അല്ലാഹു പറഞ്ഞത്.
Nisa' 4:30
ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു
Nisa' 4:31
നിങ്ങളോട് നിരോധിക്കപ്പെടുന്ന വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജ്ജിക്കുന്ന പക്ഷം നിങ്ങളുടെ തിന്‍മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും, മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്
Nisa' 4:32
നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്.(20) പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവോട് അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു
———
20) അന്യരുടെ നേട്ടങ്ങളെപ്പറ്റിയുളള അസൂയയും, അതില്‍ നിന്ന് ഒരു ഭാഗം അപഹരിച്ചെടുക്കണമെന്ന ആഗ്രഹവുമാണ് പല അതിക്രമങ്ങള്‍ക്കും കലഹങ്ങള്‍ക്കും പ്രേരകമായിത്തീരുന്നത്.
Nisa' 4:33
ഏതൊരാള്‍ക്കും തന്‍റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ച് പോയ സ്വത്തിന് നാം അവകാശികളെ നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ വലംകൈകള്‍ ബന്ധം സ്ഥാപിച്ചിട്ടുള്ളവര്‍ക്കും അവരുടെ ഓഹരി നിങ്ങള്‍ കൊടുക്കുക.(21) തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയാകുന്നു
———
21) അറബികള്‍ വലതുകൈകള്‍ നീട്ടി പരസ്പരം ഹസ്തദാനം ചെയ്തുകൊണ്ടായിരുന്നു കരാറുകള്‍ ഉറപ്പിച്ചിരുന്നത്. വിവാഹക്കരാറില്‍ ഏര്‍പ്പെട്ടവര്‍ക്ക് (ഭാര്യാഭര്‍ത്താക്കള്‍ക്ക്) നിങ്ങള്‍ സ്വത്തില്‍ അവകാശം നല്‍കണം എന്നാണ് ഒരു വിഭാഗം മുഫസ്സിറുകള്‍ ഇതിന് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. സ്‌നേഹബന്ധത്തിന്‍റെയോ ആദര്‍ശബന്ധത്തിന്‍റെയോ അടിസ്ഥാനത്തില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് തന്‍റെ സ്വത്തില്‍ അവകാശം നല്‍കാമെന്ന് കരാര്‍ ചെയ്യുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. അതിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിച്ചിട്ടുള്ളതെന്നും, ഈ അവകാശം അനന്തരാവകാശ നിയമം അവതരിപ്പിക്കപ്പെട്ടതോടെ റദ്ദായിപ്പോയിരിക്കുന്നുവെന്നുമാണ് ഭൂരിപക്ഷം വ്യാഖ്യാതാക്കളുടെയും അഭിപ്രായം.
Nisa' 4:34
പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക.(22) എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും ഏറ്റവും വലിയവനുമാകുന്നു.
———
22) ലഘുവായ അടിയേ പാടുള്ളൂവെന്ന് നബിവചനങ്ങള്‍ വ്യക്തമാക്കുന്നു
Nisa' 4:35
ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്‍റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.
Nisa' 4:36
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.
Nisa' 4:37
പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്‍റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്
Nisa' 4:38
ജനങ്ങളെ കാണിക്കുവാനായി തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നവരും, അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വാസമില്ലാത്തവരുമാണവര്‍. പിശാചാണ് ഒരാളുടെ കൂട്ടാളിയാകുന്നതെങ്കില്‍ അവന്‍ എത്ര ദുഷിച്ച ഒരു കൂട്ടുകാരന്‍!
Nisa' 4:39
അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹു അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തു പോയാല്‍ അവര്‍ക്കെന്തൊരു ദോഷമാണുള്ളത്? അല്ലാഹു അവരെപ്പറ്റി നന്നായി അറിയുന്നവനാകുന്നു
Nisa' 4:40
തീര്‍ച്ചയായും അല്ലാഹു ഒരു അണുവോളം അനീതി കാണിക്കുകയില്ല. വല്ല നന്‍മയുമാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിച്ച് കൊടുക്കുകയും, അവന്‍റെ പക്കല്‍ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്.
Nisa' 4:41
എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ട് വരികയും ഇക്കൂട്ടര്‍ക്കെതിരില്‍ നിന്നെ നാം സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ!
Nisa' 4:42
അവിശ്വസിക്കുകയും റസൂലിനെ ധിക്കരിക്കുകയും ചെയ്തവര്‍ ആ ദിവസം കൊതിച്ചുപോവും; അവരെ മൂടിക്കൊണ്ട് ഭൂമി നിരപ്പാക്കപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന്. ഒരു വിവരവും അല്ലാഹുവില്‍ നിന്ന് അവര്‍ക്ക് ഒളിച്ചുവെക്കാനാവില്ല.
Nisa' 4:43
സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്; നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോള്‍ നിങ്ങള്‍ കുളിക്കുന്നത് വരെയും (നമസ്കാരത്തെ സമീപിക്കരുത്.) നിങ്ങള്‍ വഴി കടന്ന് പോകുന്നവരായിക്കൊണ്ടല്ലാതെ.(23) നിങ്ങള്‍ രോഗികളായിരിക്കുകയോ യാത്രയിലാവുകയോ ചെയ്താല്‍- അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, സ്ത്രീകളുമായി സമ്പര്‍ക്കം നടത്തുകയോ(24) ചെയ്തുവെങ്കില്‍ -എന്നിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയതുമില്ലെങ്കില്‍ നിങ്ങള്‍ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക.(25) എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാകുന്നു.
———
23) ലൈംഗികവേഴ്ച മൂലവും ശുക്ലസ്ഖലനം മൂലവും ഉണ്ടാകുന്ന വലിയ അശുദ്ധിക്കാണ് 'ജനാബത്ത്' എന്ന് പറയുന്നത്. വലിയ അശുദ്ധിയുള്ള ആള്‍ക്ക് നമസ്‌കാരത്തില്‍ പ്രവേശിക്കാനോ നമസ്‌കാരസ്ഥലത്ത് (പളളിയില്‍) കഴിച്ചുകൂട്ടാനോ പാടില്ല. എന്നാല്‍ പള്ളിക്കുള്ളിലൂടെ കടന്നുപോകേണ്ടി വന്നാല്‍ അതിന് വിരോധമില്ല.
24) 'ലാമസ' എന്ന വാക്കിന്‍റെ ഭാഷാര്‍ത്ഥം 'പരസ്പരം സ്പര്‍ശിച്ചു' എന്നാണ്. ലൈംഗിക വേഴ്ചയിലേര്‍പ്പെട്ടു എന്ന അര്‍ത്ഥത്തിലുള്ള ഒരു അലങ്കാര പ്രയോഗമാണ് അതെന്ന് 2:236,237 എന്നീ വചനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം
25) 'വുദൂഅ്' ചെയ്യാനോ, കുളിക്കാനോ സൗകര്യപ്പെടാത്ത പക്ഷം പകരം ചെയ്യേണ്ട ശുദ്ധികര്‍മ്മമാണ് തയമ്മും. ശുദ്ധിയുളള നിലത്ത് ഇരു കൈപ്പത്തികള്‍ അടിച്ച് അതുകൊണ്ട് മുഖവും കൈകളും തടവുന്നതിനാണ് 'തയമ്മും' എന്ന് പറയുന്നത്.
Nisa' 4:44
വേദഗ്രന്ഥത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ കണ്ടില്ലേ? അവര്‍ ദുര്‍മാര്‍ഗം വിലയ്ക്ക് വാങ്ങുകയും, നിങ്ങള്‍ വഴിതെറ്റിപ്പോകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു
Nisa' 4:45
അല്ലാഹു നിങ്ങളുടെ ശത്രുക്കളെപ്പറ്റി നന്നായി അറിയുന്നവനാകുന്നു. നിങ്ങള്‍ക്ക് രക്ഷകനായി അല്ലാഹു മതി, സഹായിയായും അല്ലാഹു തന്നെ മതി
Nisa' 4:46
യഹൂദരില്‍പെട്ടവരത്രെ (ആ ശത്രുക്കള്‍.) വാക്കുകളെ അവര്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് കൊണ്ടും, മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും 'സമിഅ്നാ വഅസൈനാ' എന്നും 'ഇസ്മഅ് ഗൈറ മുസ്മഅ്' എന്നും 'റാഇനാ' എന്നും അവര്‍ പറയുന്നു.(26) 'സമിഅ്നാ വഅത്വഅ്നാ' (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും 'ഇസ്മഅ്' (കേള്‍ക്കണേ) എന്നും 'ഉന്‍ളുര്‍നാ' (ഞങ്ങളെ ഗൗനിക്കണേ) എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷെ അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ.
———
26) റസൂല്‍ (ﷺ) വല്ലതും ആജ്ഞാപിച്ചാല്‍ സത്യവിശ്വാസികള്‍ 'സമിഅ്‌നാ വഅതഅ്‌നാ' (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്ന് പറയുമായിരുന്നു. എന്നാല്‍ യഹൂദന്‍മാര്‍ ഇതില്‍ തന്ത്രപൂര്‍വം മാറ്റം വരുത്തി 'സമിഅ്‌നാ വഅസൈനാ' (ഞങ്ങള്‍ കേള്‍ക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു) എന്നാക്കിയിട്ട് നബി(ﷺ)യെയും സത്യവിശ്വാസികളെയും പരിഹസിക്കുകയാണ് ചെയ്തിരുന്നത്.
'ഇസ്മഅ് ഗൈറ മുസ്മഅ്' എന്നത് ദ്വയാർത്ഥമുള്ള ഒരു പ്രാർത്ഥനയാണ്. 'കേൾക്കുക, കേൾക്കാൻ കൊള്ളാത്തതൊന്നും താങ്കൾ കേൾക്കാൻ ഇടവരാതിരിക്കട്ടെ' എന്നും 'കേൾക്കുക, നിനക്ക് കേൾക്കാൻ സാധിക്കാതിരിക്കട്ടെ' എന്നും അതിന് അർഥം കൽപിക്കാവുന്നതാണ്. 'റാഇനാ' എന്ന വാക്കിനെപ്പറ്റി 2:104 ലെ കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
Nisa' 4:47
ഹേ; വേദഗ്രന്ഥം നല്‍കപ്പെട്ടവരേ, നിങ്ങളുടെ പക്കലുള്ള വേദത്തെ സത്യപ്പെടുത്തിക്കൊണ്ട് നാം അവതരിപ്പിച്ചതില്‍ നിങ്ങള്‍ വിശ്വസിക്കുവിന്‍. നാം ചില മുഖങ്ങള്‍ തുടച്ചുനീക്കിയിട്ട് അവയെ പിന്‍വശങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പായി, അല്ലെങ്കില്‍ ശബ്ബത്തിന്‍റെ ആള്‍ക്കാരെ നാം ശപിച്ചത് പോലെ നിങ്ങളെയും ശപിക്കുന്നതിന്നുമുമ്പായി നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുക തന്നെ ചെയ്യും.
Nisa' 4:48
തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.
Nisa' 4:49
സ്വയം പരിശുദ്ധരെന്ന് അവകാശപ്പെടുന്നവരെ നീ കണ്ടില്ലേ? എന്നാല്‍ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ പരിശുദ്ധരാക്കുന്നു. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.
Nisa' 4:50
എങ്ങനെയാണ് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നത് എന്ന് നോക്കൂ. പ്രത്യക്ഷമായ കുറ്റമായിട്ട് അതു തന്നെ മതി
Nisa' 4:51
വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലെ? അവര്‍ ക്ഷുദ്രവിദ്യകളിലും ദുര്‍മൂര്‍ത്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെപ്പറ്റി അവര്‍ പറയുന്നു; ഇക്കൂട്ടരാണ് വിശ്വാസികളെക്കാള്‍ നേര്‍മാര്‍ഗം പ്രാപിച്ചവരെന്ന്
Nisa' 4:52
എന്നാല്‍ അവരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്. ഏതൊരുവനെ അല്ലാഹു ശപിച്ചിരിക്കുന്നുവോ അവന്ന് ഒരു സഹായിയെയും നീ കണ്ടെത്തുകയില്ല.
Nisa' 4:53
അതല്ല, ആധിപത്യത്തില്‍ വല്ല വിഹിതവും അവര്‍ക്കുണ്ടോ? എങ്കില്‍ ഒരു അണുവോളവും അവര്‍ മനുഷ്യര്‍ക്ക് നല്‍കുമായിരുന്നില്ല.
Nisa' 4:54
അതല്ല, അല്ലാഹു അവന്‍റെ ഔദാര്യത്തില്‍ നിന്ന് മറ്റു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്‍റെ പേരില്‍ അവര്‍ അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നാം മഹത്തായ ആധിപത്യവും നല്‍കിയിട്ടുണ്ട്.
Nisa' 4:55
അതില്‍ വിശ്വസിച്ച ഒരു വിഭാഗം അവരുടെ കൂട്ടത്തിലുണ്ട്. അതില്‍ നിന്ന് പിന്തിരിഞ്ഞ വിഭാഗവും അവരിലുണ്ട്. (അവര്‍ക്ക്) കത്തിജ്വലിക്കുന്ന നരകാഗ്നി തന്നെ മതി.
Nisa' 4:56
തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.
Nisa' 4:57
വിശ്വസിക്കുകയും സല്‍പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തവരാകട്ടെ, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോട്ടങ്ങളില്‍ നാം അവരെ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും. സ്ഥിരവും ഇടതൂര്‍ന്നതുമായ തണലില്‍ നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും.
Nisa' 4:58
വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പുകല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു.
Nisa' 4:59
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
Nisa' 4:60
നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്‍പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ദുര്‍മൂര്‍ത്തികളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. വാസ്തവത്തില്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുവാനാണ് അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു.
Nisa' 4:61
അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്‍റെ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം.
Nisa' 4:62
എന്നാല്‍ സ്വന്തം കൈകള്‍ ചെയ്ത് വെച്ചതിന്‍റെ ഫലമായി അവര്‍ക്ക് വല്ല ആപത്തും ബാധിക്കുകയും, അനന്തരം അവര്‍ നിന്‍റെ അടുത്ത് വന്ന് അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് കൊണ്ട് ഞങ്ങള്‍ നന്‍മയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും?
Nisa' 4:63
അത്തരക്കാരുടെ മനസ്സുകളില്‍ എന്താണുള്ളതെന്ന് അല്ലാഹുവിന്നറിയാം. ആകയാല്‍ (നബിയേ,) അവരെ വിട്ട് തിരിഞ്ഞുകളയുക. അവര്‍ക്ക് സദുപദേശം നല്‍കുകയും, അവരുടെ മനസ്സില്‍ തട്ടുന്ന വാക്ക് അവരോട് പറയുകയും ചെയ്യുക.
Nisa' 4:64
അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നിന്‍റെ അടുക്കല്‍ അവര്‍ വരികയും, എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും, അവര്‍ക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു.
Nisa' 4:65
ഇല്ല, നിന്‍റെ രക്ഷിതാവിനെത്തന്നെയാണെ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.
Nisa' 4:66
നിങ്ങള്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കണമെന്നോ, വീട് വിട്ടിറങ്ങണമെന്നോ നാം അവര്‍ക്ക് കല്‍പന നല്‍കിയിരുന്നുവെങ്കില്‍ അവരില്‍ ചുരുക്കം പേരൊഴികെ അത് ചെയ്യുമായിരുന്നില്ല. അവരോട് ഉപദേശിക്കപ്പെടും പ്രകാരം അവര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഏറ്റവും ഉത്തമവും (സന്മാര്‍ഗത്തില്‍) അവരെ കൂടുതല്‍ ശക്തമായി ഉറപ്പിക്കുന്നതും ആകുമായിരുന്നു.
Nisa' 4:67
എന്നാല്‍ അവര്‍ക്ക് നമ്മുടെ പക്കല്‍ നിന്നുള്ള മഹത്തായ പ്രതിഫലം നാം നല്‍കുകയും,
Nisa' 4:68
നാമവരെ നേര്‍വഴിയില്‍ ചേര്‍ക്കുകയും ചെയ്യുമായിരുന്നു.
Nisa' 4:69
ആര്‍ അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!
Nisa' 4:70
അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹമത്രെ അത്. എല്ലാം അറിയുന്നവനായി അല്ലാഹു മതി
Nisa' 4:71
സത്യവിശ്വാസികളേ, നിങ്ങള്‍ ജാഗ്രത കൈക്കൊള്ളുവിന്‍. അങ്ങനെ ചെറുസംഘങ്ങളായോ, ഒന്നിച്ചൊറ്റകൂട്ടമായോ നിങ്ങള്‍ (യുദ്ധത്തിന്) പുറപ്പെട്ട് കൊള്ളുക.
Nisa' 4:72
തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ മടിച്ച് പിന്നോക്കം നില്‍ക്കുന്നവനുണ്ട്. അങ്ങനെ നിങ്ങള്‍ക്ക് വല്ല വിപത്തും ബാധിച്ചുവെങ്കില്‍, 'ഞാന്‍ അവരോടൊപ്പം (യുദ്ധത്തിന്) ഹാജരാകാതിരുന്നത് വഴി അല്ലാഹു എനിക്ക് അനുഗ്രഹം ചെയ്തിരിക്കുകയാണ്' എന്നായിരിക്കും അവന്‍ പറയുക.
Nisa' 4:73
നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വല്ല അനുഗ്രഹവും വന്നുകിട്ടുകയാണെങ്കിലോ, നിങ്ങളും അവനും തമ്മില്‍ യാതൊരു സ്നേഹബന്ധവുമുണ്ടായിരുന്നില്ല എന്ന മട്ടില്‍ അവന്‍ പറയും; (ഹാ കഷ്ടമായി!) ഞാന്‍ അവരുടെ കൂടെയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ എനിക്കൊരു വലിയ നേട്ടം നേടിയെടുക്കാമായിരുന്നു.
Nisa' 4:74
ഇഹലോകജീവിതത്തെ പരലോകജീവിതത്തിന് പകരം വില്‍ക്കാന്‍ തയ്യാറുള്ളവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യട്ടെ. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും യുദ്ധം ചെയ്തിട്ട് അവന്‍ കൊല്ലപ്പെട്ടാലും വിജയം നേടിയാലും നാമവന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
Nisa' 4:75
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? 'ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും, നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ' എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)
Nisa' 4:76
വിശ്വാസികള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. സത്യനിഷേധികളാകട്ടെ, ദുര്‍മൂര്‍ത്തികളുടെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍ പിശാചിന്‍റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക. തീര്‍ച്ചയായും പിശാചിന്‍റെ കുതന്ത്രം ദുര്‍ബലമാകുന്നു.
Nisa' 4:77
(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവര്‍ക്ക് യുദ്ധം നിര്‍ബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോള്‍ അവരില്‍ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാള്‍ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. 'ഞങ്ങളുടെ രക്ഷിതാവേ, നീയെന്തിനാണ് ഞങ്ങള്‍ക്ക് യുദ്ധം നിര്‍ബന്ധമാക്കിയത്? അടുത്ത ഒരു അവധിവരെയെങ്കിലും ഞങ്ങള്‍ക്ക് സമയം നീട്ടിത്തന്നുകൂടായിരുന്നോ?' എന്നാണ് അവര്‍ പറഞ്ഞത്. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല.
Nisa' 4:78
നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (നബിയേ,) അവര്‍ക്ക് വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണ് എന്ന്. അവര്‍ക്ക് വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത് നീ കാരണം ഉണ്ടായതാണ് എന്ന്. പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്. അപ്പോള്‍ ഈ ആളുകള്‍ക്ക് എന്ത് പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല.
Nisa' 4:79
നന്മയായിട്ട് നിനക്ക് എന്തൊന്ന് വന്നുകിട്ടിയാലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്. (നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായി നിയോഗിച്ചിരിക്കുന്നു. (അതിന്) സാക്ഷിയായി അല്ലാഹു മതി.
Nisa' 4:80
(അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല.
Nisa' 4:81
അവര്‍ പറയും: ഞങ്ങളിതാ അനുസരിച്ചിരിക്കുന്നു എന്ന്. എന്നിട്ടവര്‍ നിന്‍റെ അടുക്കല്‍ നിന്ന് പുറത്ത് പോയാല്‍ അവരില്‍ ഒരു വിഭാഗം തങ്ങള്‍ പുറത്ത് പറയുന്നതിന് വിപരീതമായി രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു. അവര്‍ രാത്രി ഗൂഢാലോചന നടത്തുന്നതെല്ലാം അല്ലാഹു രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആകയാല്‍ നീ അവരെ വിട്ട് തിരിഞ്ഞുകളയുക. എന്നിട്ട് അല്ലാഹുവെ ഭരമേല്‍പിക്കുക. ഭരമേല്‍പിക്കപ്പെടുന്നവനായി അല്ലാഹു മതി.
Nisa' 4:82
അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു.
Nisa' 4:83
സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്‍റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു.
Nisa' 4:84
എന്നാല്‍ (നബിയേ,) നീ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക. നിന്‍റെ സ്വന്തം കാര്യമല്ലാതെ നിന്നോട് ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില്‍ നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല്‍ ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.
Nisa' 4:85
വല്ലവനും ഒരു നല്ല ശുപാര്‍ശ ചെയ്താല്‍ ആ നന്‍മയില്‍ ഒരു പങ്ക് അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്‍ശ ചെയ്താല്‍ ആ തിന്‍മയില്‍ നിന്ന് ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.
Nisa' 4:86
നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക.(27) തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്‍റെയും കണക്ക് നോക്കുന്നവനാകുന്നു.
———
27) 'അസ്സലാമു അലൈക്കും' (അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനം നിങ്ങള്‍ക്ക് ഉണ്ടായിരിക്കട്ടെ) എന്ന് ഒരാള്‍ അഭിവാദ്യം ചെയ്താല്‍ 'വ അലൈക്കുമുസ്സലാം വറഹ്മത്തുല്ലാഹ്' (നിങ്ങള്‍ക്കും അല്ലാഹുവിങ്കൽ നിന്നുള്ള സമാധാനമുണ്ടായിരിക്കട്ടെ - അല്ലാഹുവിൻ്റെ അനുഗ്രഹവും) എന്ന് പ്രത്യഭിവാദനം ചെയ്യേണ്ടതാണ്. ചുരുങ്ങിയത് 'വ അലൈക്കുമുസ്സലാം' എന്നെങ്കിലും പ്രത്യഭിവാദനം ചെയ്യണം.
Nisa' 4:87
അല്ലാഹു- അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തേക്ക് അവന്‍ നിങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ സംശയമേ ഇല്ല. അല്ലാഹുവെക്കാള്‍ സത്യസന്ധമായി വിവരം നല്‍കുന്നവന്‍ ആരുണ്ട്?
Nisa' 4:88
എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്? അവര്‍ സമ്പാദിച്ചുണ്ടാക്കിയത് (തിന്‍മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന് ഒരു വഴിയും നീ കണ്ടെത്തുന്നതല്ല.
Nisa' 4:89
അവര്‍ അവിശ്വസിച്ചത് പോലെ നിങ്ങളും അവിശ്വസിക്കുകയും, അങ്ങനെ നിങ്ങളെല്ലാം ഒരുപോലെയായിത്തീരുകയും ചെയ്യാനാണ് അവര്‍ കൊതിക്കുന്നത്. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വന്തം നാട് വിട്ടുവരുന്നതു വരെ അവരില്‍ നിന്ന് നിങ്ങള്‍ മിത്രങ്ങളെ സ്വീകരിച്ച് പോകരുത്. എന്നാല്‍ അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നിങ്ങളവരെ പിടികൂടുകയും, അവരെ കണ്ടുമുട്ടിയേടത്തുവെച്ച് നിങ്ങളവരെ കൊലപ്പെടുത്തുകയും ചെയ്യുക. അവരില്‍ നിന്ന് യാതൊരു മിത്രത്തെയും സഹായിയെയും നിങ്ങള്‍ സ്വീകരിച്ചു പോകരുത്.
Nisa' 4:90
നിങ്ങളുമായി സഖ്യത്തില്‍ കഴിയുന്ന ഒരു ജനവിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരൊഴികെ. നിങ്ങളോട് യുദ്ധം ചെയ്യാനോ, സ്വന്തം ആള്‍ക്കാരോട് യുദ്ധം ചെയ്യാനോ മനഃപ്രയാസമുള്ളവരായി നിങ്ങളുടെ അടുത്ത് വരുന്നവരും ഒഴികെ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മേല്‍ അവര്‍ക്കവന്‍ ശക്തി നല്‍കുകയും, നിങ്ങളോടവര്‍ യുദ്ധത്തില്‍ ഏര്‍പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ നിങ്ങളോട് യുദ്ധം ചെയ്യാതെ അവര്‍ വിട്ടൊഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാനനിര്‍ദേശം വെക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരായി യാതൊരു മാര്‍ഗവും അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചിട്ടില്ല.
Nisa' 4:91
വേറെ ഒരു വിഭാഗത്തെയും നിങ്ങള്‍ കണ്ടെത്തിയേക്കും. നിങ്ങളില്‍ നിന്നും സ്വന്തം ജനതയില്‍ നിന്നും ഒരുപോലെ സുരക്ഷിതരായിക്കഴിയാന്‍ അവര്‍ ആഗ്രഹിക്കുന്നു.(28) കുഴപ്പത്തിലേക്ക് അവര്‍ തിരിച്ചുവിളിക്കപ്പെടുമ്പോഴെല്ലാം അതിലവര്‍ തലകുത്തി വീഴുന്നു.(29) എന്നാല്‍ അവര്‍ നിങ്ങളെ വിട്ട് ഒഴിഞ്ഞ് നില്‍ക്കുകയും, നിങ്ങളുടെ മുമ്പാകെ സമാധാന നിര്‍ദേശം വെക്കുകയും, സ്വന്തം കൈകള്‍ അടക്കിവെക്കുകയും ചെയ്യാത്ത പക്ഷം അവരെ നിങ്ങള്‍ പിടികൂടുകയും, അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങള്‍ കൊലപ്പെടുത്തുകയും ചെയ്യുക. അത്തരക്കാര്‍ക്കെതിരില്‍ നാം നിങ്ങള്‍ക്ക് വ്യക്തമായ ന്യായം നല്‍കിയിരിക്കുന്നു.
———
28) മുസ്‌ലിംകളോട് അനുഭാവമില്ലെങ്കിലും മുസ്‌ലിം പക്ഷത്തു നിന്ന് എതിര്‍പ്പ് നേരിടരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. മുസ്‌ലിംകളോട് അനുഭാവം പ്രകടിപ്പിച്ചാല്‍ എതിര്‍കക്ഷികളുടെ ശത്രുതയും ആക്രമണവൂം നേരിടേണ്ടിവരുമോ എന്ന് അവര്‍ ആശങ്കിക്കുകയും ചെയ്യുന്നു.
29) മുസ്‌ലിംകളോട് ചായ്‌വ് കാണിക്കാറുണ്ടെങ്കിലും ശത്രുക്കള്‍ കുഴപ്പം സൃഷ്ടിക്കാന്‍ തുടങ്ങുമ്പോള്‍ ഈ കൂട്ടരും അതില്‍ ഭാഗഭാക്കാകുന്നു.
Nisa' 4:92
യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്‍റെ (കൊല്ലപ്പെട്ടവന്‍റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ് എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന്‍ (കൊല്ലപ്പെട്ടവന്‍) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്‍റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗ)മാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
Nisa' 4:93
ആരെങ്കിലും ഒരു സത്യവിശ്വാസിയെ മനഃപൂര്‍വ്വം കൊലപ്പെടുത്തുന്ന പക്ഷം അവന്നുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവന്‍റെ നേരെ അല്ലാഹു കോപിക്കുകയും, അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവന്നുവേണ്ടി അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്.
Nisa' 4:94
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിനുപോയാല്‍ (ശത്രു ആരെന്നും മിത്രം ആരെന്നും) നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് നീ വിശ്വാസിയല്ല എന്ന് നിങ്ങള്‍ പറയരുത്. ഇഹലോകജീവിതത്തിലെ നേട്ടം(30) കൊതിച്ചുകൊണ്ടാണ് (നിങ്ങളങ്ങനെ പറയുന്നത്.) എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുക്കള്‍ അല്ലാഹുവിന്‍റെ അടുക്കലുണ്ട്. മുമ്പ് നിങ്ങളും അത് പോലെ (അവിശ്വാസത്തില്‍) ആയിരുന്നല്ലോ.(31) അനന്തരം അല്ലാഹു നിങ്ങള്‍ക്ക് അനുഗ്രഹം ചെയ്തു. അതിനാല്‍ നിങ്ങള്‍ (കാര്യങ്ങള്‍) വ്യക്തമായി (അന്വേഷിച്ച്) മനസ്സിലാക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു
———
30) ഒരാളെ യുദ്ധരംഗത്തുവെച്ച് കൊന്നാല്‍ കൊല്ലപ്പെട്ടവന്‍റെ ആയുധങ്ങളും അങ്കികളും കൈവശമുളള ധനവും കൊന്ന യോദ്ധാവിന് അവകാശപ്പെട്ടതാണ്. വധം അര്‍ഹിക്കാത്ത ഒരാളെയും ഈ നേട്ടത്തില്‍ കണ്ണു നട്ടുകൊണ്ട് കൊല്ലാന്‍ പാടുള്ളതല്ല.
31) കഴിഞ്ഞ നിമിഷം വരെ നിങ്ങളുടെ ശത്രുവായിരുന്ന വ്യക്തി ശത്രുത മതിയാക്കി നിങ്ങള്‍ക്ക് സലാം പറഞ്ഞ് മുന്നോട്ടു വരുമ്പോള്‍ നിങ്ങള്‍ അയാളെ തെറ്റിദ്ധരിക്കരുത്. അയാളുടെ സൗമനസ്യത്തെ വിലമതിക്കാതിരിക്കുകയും ചെയ്യരുത്. നിങ്ങളും അവിശ്വാസത്തില്‍ നിന്ന് ഒരിക്കല്‍ വിശ്വാസത്തിലേക്ക് കടന്നുവന്നവരാണല്ലോ.
Nisa' 4:95
ന്യായമായ വിഷമമില്ലാതെ (യുദ്ധത്തിന് പോകാതെ) ഒഴിഞ്ഞിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവരും തുല്യരാകുകയില്ല. തങ്ങളുടെ ധനം കൊണ്ടും ദേഹംകൊണ്ടും സമരം ചെയ്യുന്നവരെ ഒഴിഞ്ഞിരിക്കുന്നവരേക്കാള്‍ അല്ലാഹു പദവിയില്‍ ഉയര്‍ത്തിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു നല്ല പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നു.(32) എന്നാല്‍ യുദ്ധത്തില്‍ ഏര്‍പെടുന്നവര്‍ക്ക് ഒഴിഞ്ഞിരിക്കുന്നവരേക്കാളും കൂടുതലായി അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
———
32) 'എല്ലാവരും' എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുളളത് ധനം കൊണ്ടും ദേഹം കൊണ്ടും യുദ്ധം ചെയ്യുന്നവരും, ന്യായമായ കാരണത്താല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവരുമാണ്. എന്നാല്‍ എല്ലാവരും യുദ്ധത്തില്‍ പങ്കെടുക്കല്‍ അനിവാര്യമായ ഒരു സന്ദര്‍ഭത്തില്‍ ന്യായമായ കാരണം കൂടാതെ യുദ്ധരംഗത്തു നിന്ന് ഒഴിഞ്ഞു മാറുന്നവര്‍ക്ക് അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിക്കാവുന്നതല്ല. സൂറതു ത്തൗബയില്‍ ഈ കാര്യം വരുന്നുണ്ട്.
Nisa' 4:96
അവന്‍റെ പക്കല്‍ നിന്നുള്ള പല പദവികളും പാപമോചനവും കാരുണ്യവുമത്രെ (അവര്‍ക്കുള്ളത്.) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
Nisa' 4:97
(അവിശ്വാസികളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്)(33) സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം!
———
33) റസൂലും (ﷺ) സ്വഹാബിമാരും മക്കയിലായിരുന്നപ്പോള്‍ തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന് പറയുകയും, എന്നാല്‍ റസൂലും അനുചരന്‍മാരും മദീനയിലേക്ക് പലായനം ചെയ്തപ്പോള്‍ അവരുടെ കൂടെ പോകാതെ മക്കയില്‍ തങ്ങുകയും ചെയ്ത ചിലരുണ്ടായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ ഇവര്‍ ശത്രുപക്ഷത്ത് അണിനിരക്കുകയും യുദ്ധരംഗത്തു വെച്ച് കൊല്ലപ്പെടുകയും ചെയ്തു. ഇവരുടെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത്. നബി(ﷺ)യുടെ ഹിജ്‌റയ്ക്കും മക്കാ വിജയത്തിനുമിടയ്ക്ക് എത് നാട്ടുകാര്‍ ഇസ്‌ലാം സ്വികരിച്ചാലും അവര്‍ സ്വന്തം നാടു വിട്ട് മദീനയിലെ മുസ്‌ലിം സമൂഹത്തില്‍ വന്നു ചേരണമെന്ന് നിര്‍ബന്ധനിയമം ഉണ്ടായിരുന്നു.
Nisa' 4:98
എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു.
Nisa' 4:99
അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പുനല്‍കിയേക്കാം. അല്ലാഹു അത്യധികം മാപ്പ് നല്‍കുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു.
Nisa' 4:100
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്. വല്ലവനും തന്‍റെ വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കുമായി ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
Nisa' 4:101
നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നമസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. തീര്‍ച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.
Nisa' 4:102
(നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നമസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്‍റെ കൂടെ നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും, നമസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് നിന്‍റെ കൂടെ നമസ്കരിക്കുകയും ചെയ്യട്ടെ. അവര്‍ ജാഗ്രത കൈക്കൊള്ളുകയും, തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും, നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങള്‍ അശ്രദ്ധരായെങ്കില്‍, നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരൊറ്റ ആഞ്ഞടി നടത്താമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്. എന്നാല്‍ മഴ കാരണം നിങ്ങള്‍ക്ക് ശല്യമുണ്ടാകുകയോ, നിങ്ങള്‍ രോഗബാധിതരാകുകയോ ചെയ്താല്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
Nisa' 4:103
അങ്ങനെ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ നിന്നു കൊണ്ടും ഇരുന്ന് കൊണ്ടും കിടന്ന് കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുക. സമാധാനാവസ്ഥയിലായാല്‍ നിങ്ങള്‍ നമസ്കാരം മുറപ്രകാരം തന്നെ നിര്‍വഹിക്കുക. തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു.
Nisa' 4:104
ശത്രുജനതയെ തേടിപ്പിടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വേദന അനുഭവിക്കുന്നത് പോലെത്തന്നെ അവരും വേദന അനുഭവിക്കുന്നുണ്ട്.(34) നിങ്ങളാകട്ടെ അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് അല്ലാഹുവിങ്കല്‍ നിന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനും അങ്ങേയറ്റം യുക്തിയുള്ളവനുമാകുന്നു.
———
34) പരിക്കുകളോ കഷ്ടനഷ്ടങ്ങളോ പറ്റുമെന്ന് കരുതി നിങ്ങള്‍ പ്രത്യാക്രമണത്തില്‍ വീഴ്ച വരുത്തരുത്. നിങ്ങളെപ്പോലെതന്നെ ശത്രുക്കളും ഇതൊക്കെ അനുഭവിക്കുന്നുണ്ടല്ലോ.
Nisa' 4:105
നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്.
Nisa' 4:106
അല്ലാഹുവോട് നീ പാപമോചനം തേടുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
Nisa' 4:107
ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്ക് വേണ്ടി നീ തര്‍ക്കിക്കരുത്. മഹാവഞ്ചകനും അധര്‍മ്മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല.
Nisa' 4:108
അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവൻ അവരുടെ കൂടെത്തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.
Nisa' 4:109
ഹേ! കൂട്ടരേ, ഐഹികജീവിതത്തില്‍ നിങ്ങളവര്‍ക്ക് വേണ്ടി തര്‍ക്കിച്ചു. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്ക് വേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുള്ളത്? അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കാന്‍ ആരാണുണ്ടായിരിക്കുക?
Nisa' 4:110
ആരെങ്കിലും വല്ല തിന്‍മയും ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്.
Nisa' 4:111
വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവന്‍റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ച് വെക്കുന്നത്. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
Nisa' 4:112
ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും, എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ളആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്.
Nisa' 4:113
നിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്നെ പിഴപ്പിച്ച് കളയുവാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. (വാസ്തവത്തില്‍) അവര്‍ അവരെ തന്നെയാണ് പിഴപ്പിക്കുന്നത്. നിനക്ക് അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക് വേദവും ജ്ഞാനവും അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം മഹത്തായതാകുന്നു.
Nisa' 4:114
അവരുടെ രഹസ്യാലോചനകളില്‍ മിക്കതിലും യാതൊരു നന്‍മയുമില്ല. വല്ല ദാനധര്‍മ്മവും ചെയ്യാനോ , സദാചാരം കൈക്കൊള്ളാനോ, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനോ കല്‍പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്‍റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്ന പക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
Nisa' 4:115
തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും (അല്ലാഹുവിൻ്റെ) ദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!
Nisa' 4:116
തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.
Nisa' 4:117
അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് ചില പെണ്‍ദൈവങ്ങളെ മാത്രമാകുന്നു. (വാസ്തവത്തില്‍) ധിക്കാരിയായ പിശാചിനെ മാത്രമാണ് അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നത്.
Nisa' 4:118
അവനെ (പിശാചിനെ) അല്ലാഹു ശപിച്ചിരിക്കുന്നു. അവന്‍ (അല്ലാഹുവോട്) പറയുകയുണ്ടായി: 'നിന്‍റെ ദാസന്‍മാരില്‍ നിന്ന് ഒരു നിശ്ചിത വിഹിതം (എന്‍റെതായി) ഞാന്‍ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്.'
Nisa' 4:119
അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും.(35) ഞാനവരോട് കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി(പ്രകൃതി)യെ അലങ്കോലപ്പെടുത്തും.(36) വല്ലവനും അല്ലാഹുവിന് പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു.
———
35) ചില ദൈവങ്ങള്‍ക്ക് നേര്‍ച്ചയാക്കിയ ഒട്ടകങ്ങളെ തിരിച്ചറിയാന്‍ വേണ്ടി അറബികള്‍ അവയുടെ കാത് കീറി അടയാളം വെക്കുമായിരുന്നു.
36) അല്ലാഹു ഏതു വസ്തുവും സൃഷ്ടിച്ചിട്ടുള്ളത് സന്തുലിതമായ പ്രകൃതിയോടു കൂടിയാണ്. മനുഷ്യജീവിതവും ഈ പ്രകൃതി നിയമങ്ങളുടെ പരിധിയില്‍ വരുന്നു. പ്രകൃതി വ്യവസ്ഥയ്ക്ക് വിരുദ്ധമായ ഏതു പ്രവര്‍ത്തനവും ദോഷഫലങ്ങള്‍ ഉളവാക്കുന്നതും അതുകൊണ്ടു തന്നെ നിഷിദ്ധവുമാണ്. പ്രകൃതിവിരുദ്ധരതിയുടെയും ലൈംഗിക വൈകൃതങ്ങളുടെയും ദുഷ്ഫലങ്ങള്‍ ഇന്ന് അനിഷേധ്യമായി തെളിഞ്ഞിട്ടുണ്ടല്ലോ.
Nisa' 4:120
അവന്‍ (പിശാച്) അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും, അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു. പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.
Nisa' 4:121
അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന് ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല.
Nisa' 4:122
എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ നാം താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹുവിന്‍റെ സത്യമായ വാഗ്ദാനമാണത്. അല്ലാഹുവെക്കാള്‍ സത്യസന്ധമായി സംസാരിക്കുന്നവന്‍ ആരുണ്ട്?
Nisa' 4:123
കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര് തിന്‍മ പ്രവര്‍ത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന് നല്‍കപ്പെടും. അല്ലാഹുവിന് പുറമെ തനിക്ക് ഒരു മിത്രത്തെയും സഹായിയെയും അവന്‍ കണ്ടെത്തുകയുമില്ല.
Nisa' 4:124
ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.
Nisa' 4:125
സദ്‌വൃത്തനായിക്കൊണ്ട് തന്‍റെ മുഖത്തെ അല്ലാഹുവിന് കീഴ്പെടുത്തുകയും, നേര്‍മാര്‍ഗത്തിലുറച്ച് നിന്ന് കൊണ്ട് ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനേക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു.(37)
———
37) ഒരു മനുഷ്യന്‍ അല്ലാഹുവിൻ്റെ ഹിതത്തിന് തന്നെത്തന്നെ സമര്‍പ്പിക്കുന്നതിനാണ് ഇസ്‌ലാം എന്ന് പറയുന്നത്. മതത്തിൻ്റെ സാരസര്‍വ്വസ്വം അതാണ്. അത് ജീവിതത്തില്‍ പകര്‍ത്തിയതു കൊണ്ടാണ് ഇബ്‌റാഹീ(عليه السلام) മിനെഅല്ലാഹു സുഹൃത്തായി സ്വീകരിച്ചത്. ഇബ്‌റാഹീം നബി(عليه السلام)യുടെ പാരമ്പര്യം അവകാശപ്പെടുന്ന എല്ലാവരും ചെയ്യേണ്ടത് അദ്ദേഹത്തിൻ്റെ മാതൃക പിന്തുടരുകയാണ്.
Nisa' 4:126
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും പൂര്‍ണ്ണമായ അറിവുള്ളവനാകുന്നു.
Nisa' 4:127
സ്ത്രീകളുടെ കാര്യത്തില്‍ അവര്‍ നിന്നോട് വിധി തേടുന്നു. പറയുക: അവരുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് വിധി നല്‍കുന്നു. സ്ത്രീകള്‍ക്ക് നിശ്ചയിക്കപ്പെട്ട അവകാശം നിങ്ങള്‍ നല്‍കാതിരിക്കുകയും, എന്നാല്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ മോഹിക്കുകയും ചെയ്യുന്ന അനാഥ സ്ത്രീകളുടെ വിഷയത്തിൽ, ഈ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് വായിച്ചുകേള്‍പിക്കപ്പെടുന്ന (മറ്റുള്ള വചനങ്ങളുടെ) കാര്യത്തിലും, ബലഹീനരായ കുട്ടികളുടെ കാര്യത്തിലും. അനാഥകളോട് നിങ്ങള്‍ നീതിയോടെ വര്‍ത്തിക്കണമെന്ന കല്‍പനയും (അല്ലാഹു നിങ്ങള്‍ക്ക് നല്‍കുന്നു.) നിങ്ങള്‍ ചെയ്യുന്ന ഏതൊരു നല്ല കാര്യവും അല്ലാഹു (പൂര്‍ണ്ണമായി) അറിയുന്നവനാകുന്നു.
Nisa' 4:128
ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. ഒത്തുതീര്‍പ്പില്‍ എത്തുന്നതാണ് കൂടുതല്‍ നല്ലത്. പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ട് മാറാത്തതാകുന്നു. നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും, സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
Nisa' 4:129
നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ (പെരുമാറ്റം) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
Nisa' 4:130
ഇനി അവര്‍ ഇരുവരും വേര്‍പിരിയുകയാണെങ്കില്‍ അല്ലാഹു അവന്‍റെ വിശാലമായ കഴിവില്‍ നിന്ന് അവര്‍ ഓരോരുത്തര്‍ക്കും സ്വാശ്രയത്വം നല്‍കുന്നതാണ്. അല്ലാഹു വിശാലമായി നൽകുന്നവനും യുക്തിമാനുമാകുന്നു.
Nisa' 4:131
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അല്ലാഹുവിന്‍റെതാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക എന്ന് നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരോടും, നിങ്ങളോടും നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു. നിങ്ങള്‍ അവിശ്വസിക്കുന്ന പക്ഷം (അല്ലാഹുവിന് ഒരു നഷ്ടവുമില്ല. കാരണം) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.
Nisa' 4:132
ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു മതി.
Nisa' 4:133
ജനങ്ങളേ, അവന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങളെ അവന്‍ നീക്കം ചെയ്യുകയും, മറ്റൊരു വിഭാഗത്തെ അവന്‍ കൊണ്ട് വരികയും ചെയ്യുന്നതാണ്. അല്ലാഹു അതിന് കഴിവുള്ളവനത്രെ.
Nisa' 4:134
വല്ലവനും ഇഹലോകത്തെ പ്രതിഫലമാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ (അവന്‍ മനസ്സിലാക്കട്ടെ) അല്ലാഹുവിന്‍റെ പക്കല്‍ തന്നെയാണ് ഇഹലോകത്തെ പ്രതിഫലവും പരലോകത്തെ പ്രതിഫലവും. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.
Nisa' 4:135
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.
Nisa' 4:136
സത്യവിശ്വാസികളേ, അല്ലാഹുവിലും, അവന്‍റെ ദൂതനിലും, അവന്‍റെ ദൂതന്ന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.
Nisa' 4:137
(ഒരിക്കല്‍) വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും, വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും, അനന്തരം അവിശ്വാസം കൂടിക്കൂടി വരുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല. അവരെ അവന്‍ നേര്‍വഴിയിലേക്ക് നയിക്കുന്നതുമല്ല.
Nisa' 4:138
കപടവിശ്വാസികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട് എന്ന 'സന്തോഷവാര്‍ത്ത' നീ അവരെ അറിയിക്കുക.
Nisa' 4:139
സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ, ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നവരാകുന്നു അവര്‍. അവരുടെ (സത്യനിഷേധികളുടെ) അടുക്കല്‍ പ്രതാപം തേടിപ്പോകുകയാണോ അവര്‍? എന്നാല്‍ തീര്‍ച്ചയായും പ്രതാപം മുഴുവന്‍ അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു.
Nisa' 4:140
അല്ലാഹുവിന്‍റെ വചനങ്ങള്‍ നിഷേധിക്കപ്പെടുന്നതും പരിഹസിക്കപ്പെടുന്നതും നിങ്ങള്‍ കേട്ടാല്‍ അത്തരക്കാര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നിങ്ങള്‍ അവരോടൊപ്പം ഇരിക്കരുതെന്നും, അങ്ങനെ ഇരിക്കുന്ന പക്ഷം നിങ്ങളും അവരെപ്പോലെത്തന്നെ ആയിരിക്കുമെന്നും ഈ ഗ്രന്ഥത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുണ്ട്.(38) കപടവിശ്വാസികളെയും അവിശ്വാസികളെയും ഒന്നിച്ച് അല്ലാഹു നരകത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെചെയ്യും
———
38) ഈ വചനം മദീനയില്‍ അവതരിച്ചതാണ്. മക്കയില്‍ അവതരിച്ച സൂറതു അന്‍ആമിലെ 68-ാം വചനത്തിലും ഈ കാര്യത്തെപ്പറ്റിയുള്ള താക്കീതുണ്ട്.
Nisa' 4:141
നിങ്ങളുടെ സ്ഥിതിഗതികള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നവരത്രെ അവര്‍ (കപടവിശ്വാസികള്‍). നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് ഒരു വിജയം കൈവന്നാല്‍ അവര്‍ പറയും; ഞങ്ങള്‍ നിങ്ങളുടെ കൂടെയായിരുന്നില്ലേ എന്ന്. ഇനി അവിശ്വാസികള്‍ക്കാണ് വല്ല നേട്ടവുമുണ്ടാകുന്നതെങ്കില്‍ അവര്‍ പറയും; നിങ്ങളുടെ മേല്‍ ഞങ്ങള്‍ വിജയ സാധ്യത നേടിയിട്ടും വിശ്വാസികളില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ രക്ഷിച്ചില്ലേ എന്ന്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങള്‍ക്കിടയില്‍ അല്ലാഹു വിധി കല്‍പിക്കുന്നതാണ്. വിശ്വാസികള്‍ക്കെതിരില്‍ അല്ലാഹു ഒരിക്കലും സത്യനിഷേധികള്‍ക്ക് വഴി തുറന്നുകൊടുക്കുന്നതല്ല.
Nisa' 4:142
തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്.(39) അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.
———
39) അല്ലാഹുവെ പറ്റിക്കാനെന്ന ഭാവേന അവര്‍ ചെയ്യുന്ന ഏതൊരു കാര്യവും അവര്‍ക്കു തന്നെയാണ് ദോഷം വരുത്തുക. അങ്ങനെ അവരറിയാതെ ആത്മവഞ്ചനയില്‍ അകപ്പെടുന്ന സ്ഥിതി അല്ലാഹു അവര്‍ക്ക് വരുത്തുന്നു.
Nisa' 4:143
ഈ കക്ഷിയിലേക്കോ, ആ കക്ഷിയിലേക്കോ ചേരാതെ അതിനിടയില്‍ ആടിക്കൊണ്ടിരിക്കുന്നവരാണവര്‍. വല്ലവനെയും അല്ലാഹു വഴിപിഴപ്പിച്ചാല്‍ അവന്ന് പിന്നെ ഒരു മാര്‍ഗവും നീ കണ്ടെത്തുകയില്ല.
Nisa' 4:144
(അല്ലാഹുവിലും അവൻ്റെ മതമായ ഇസ്‌ലാമിലും) വിശ്വസിച്ചവരെ, നിങ്ങള്‍ (ഇസ്‌ലാമിൽ) വിശ്വസിച്ചവരെയല്ലാതെ (ഇസ്‌ലാമിനെ) നിഷേധിച്ചവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?
Nisa' 4:145
തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല.
Nisa' 4:146
എന്നാല്‍ പശ്ചാത്തപിച്ച് മടങ്ങുകയും, നിലപാട് നന്നാക്കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും, തങ്ങളുടെ മതത്തെ നിഷ്കളങ്കമായി അല്ലാഹുവിനു വേണ്ടി ആക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു, അവര്‍ സത്യവിശ്വാസികളോടൊപ്പമാകുന്നു. സത്യവിശ്വാസികള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
Nisa' 4:147
നിങ്ങള്‍ നന്ദികാണിക്കുകയും, വിശ്വസിക്കുകയും ചെയ്യുന്ന പക്ഷം നിങ്ങളെ ശിക്ഷിച്ചിട്ട് അല്ലാഹുവിന് എന്ത് കിട്ടാനാണ്? അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.
Nisa' 4:148
ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ.(40) അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
———
40) ശകാരിക്കപ്പെട്ടവന് തുല്യമായ ഭാഷയില്‍ അങ്ങോട്ടും ശകാരിക്കാം. മര്‍ദ്ദിക്കപ്പെട്ടവന് മര്‍ദകനെ ആക്ഷേപിക്കാം. ചീത്തവാക്ക് പരസ്യമായി പറയുന്നതിനുള്ള വിലക്ക് മര്‍ദിതര്‍ക്ക് ബാധകമല്ല.
Nisa' 4:149
നിങ്ങള്‍ ഒരു നല്ല കാര്യം രഹസ്യമായോ പരസ്യമായോ ചെയ്യുകയാണെങ്കില്‍, അഥവാ, ഒരു ദുഷ്പ്രവൃത്തി മാപ്പ് ചെയ്ത് കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും സര്‍വ്വശക്തനുമാകുന്നു.
Nisa' 4:150
അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും അവിശ്വസിക്കുകയും, (വിശ്വാസകാര്യത്തില്‍) അല്ലാഹുവിനും അവന്‍റെ ദൂതന്‍മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും 'ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു' എന്ന് പറയുകയും,(41) അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ,
———
41) അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്ന ചിലര്‍ തന്നെ പ്രവാചകന്‍മാരില്‍ അവിശ്വസിക്കുന്നു. ചില പ്രവാചകന്മാരില്‍ വിശ്വസിക്കുന്നവര്‍ തന്നെ മറ്റു ചില പ്രവാചകന്മാരില്‍ അവിശ്വസിക്കുന്നു.
Nisa' 4:151
അവര്‍ തന്നെയാകുന്നു യഥാര്‍ത്ഥത്തില്‍ സത്യനിഷേധികള്‍. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്.
Nisa' 4:152
അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുകയും, അവരില്‍ ആര്‍ക്കിടയിലും വിവേചനം കാണിക്കാതിരിക്കുകയും ചെയ്തവരാരോ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്ക് അല്ലാഹു നല്‍കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
Nisa' 4:153
വേദക്കാര്‍ നിന്നോട് ആവശ്യപ്പെടുന്നു; നീ അവര്‍ക്ക് ആകാശത്ത് നിന്ന് ഒരു ഗ്രന്ഥം ഇറക്കികൊടുക്കണമെന്ന്. എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായത് അവര്‍ മൂസായോട് ആവശ്യപ്പെട്ടിട്ടുണ്ട് (അതായത്) അല്ലാഹുവെ ഞങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ കാണിച്ചുതരണം എന്നവര്‍ പറയുകയുണ്ടായി. അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന് ശേഷം അവര്‍ കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട് നാം അത് പൊറുത്തുകൊടുത്തു. മൂസായ്ക്ക് നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു.
Nisa' 4:154
അവരോട് കരാര്‍ വാങ്ങുവാന്‍ വേണ്ടി നാം അവര്‍ക്ക് മീതെ പര്‍വ്വതത്തെ ഉയര്‍ത്തുകയും ചെയ്തു. നിങ്ങള്‍ (പട്ടണ) വാതില്‍ കടക്കുന്നത് തലകുനിച്ച് കൊണ്ടാകണം എന്ന് നാം അവരോട് പറയുകയും ചെയ്തു. നിങ്ങള്‍ ശബ്ബത്ത് നാളില്‍ അതിക്രമം കാണിക്കരുത് എന്നും നാം അവരോട് പറഞ്ഞു. ഉറപ്പേറിയ ഒരു കരാര്‍ നാമവരോട് വാങ്ങുകയും ചെയ്തു.
Nisa' 4:155
എന്നിട്ട് അവര്‍ കരാര്‍ ലംഘിച്ചതിനാലും, അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചതിനാലും, അന്യായമായി പ്രവാചകന്‍മാരെ കൊലപ്പെടുത്തിയതിനാലും, തങ്ങളുടെ മനസ്സുകള്‍ അടഞ്ഞുകിടക്കുകയാണ് എന്ന് അവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) അല്ല, അവരുടെ സത്യനിഷേധം കാരണമായി അല്ലാഹു ആ മനസ്സുകളുടെ മേല്‍ മുദ്രകുത്തിയിരിക്കുകയാണ്. ആകയാല്‍ ചുരുക്കത്തിലല്ലാതെ അവര്‍ വിശ്വസിക്കുകയില്ല.
Nisa' 4:156
അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും(42)
———
42) ഈസാ(عليه السلام) ജാരസന്തതിയാണെന്നും മര്‍യം വ്യഭിചാരിണിയാണെന്നും യഹൂദര്‍ ആരോപണമുന്നയിക്കുകയുണ്ടായി. തൊട്ടിലില്‍ കിടക്കുന്ന കുട്ടിയായിരിക്കെ തന്നെ ഈസാ(عليه السلام)യെക്കൊണ്ട് അല്ലാഹു ഈ ആരോപണത്തിന് മറുപടി പറയിച്ചു.
Nisa' 4:157
അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്.(43) തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.
———
43) ഈസാ നബി (യേശുക്രിസ്തു) ക്രൂശിക്കപ്പെട്ടിട്ടില്ലെന്നും, അദ്ദേഹം അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുകയാണുണ്ടായതെന്നും അല്ലാഹു ഉറപ്പിച്ചു പറയുന്നു.
Nisa' 4:158
എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
Nisa' 4:159
വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല.(44) ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും.
———
44) ഈ വചനത്തിന് രണ്ടുതരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. (1) വേദക്കാരില്‍ ഒരാളും ഈസാ(عليه السلام)യുടെ മരണത്തിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല. (2) വേദക്കാരില്‍ ഒരാളും തൻ്റെ മരണത്തിനു മുമ്പ് ഈസാ(عليه السلام)യില്‍ വിശ്വസിക്കാതിരിക്കുകയില്ല. ഒന്നാമത്തേതിൻ്റെ വിശദീകരണം ഇപ്രകാരമാകുന്നു: ഈസാ(عليه السلام) വീണ്ടും ഭൂമിയില്‍ ഇറങ്ങിവന്നിട്ട് മരിക്കുന്നതിനു മുമ്പായി അക്കാലത്ത് ജീവിച്ചിരിക്കുന്ന വേദക്കാരില്‍ ഒരാള്‍ പോലും അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കില്ല. രണ്ടാമത്തേതിൻ്റെ വിശദീകരണം; വേദക്കാരില്‍ ഒരാള്‍ പോലും തൻ്റെ മരണത്തിനു മുമ്പായി - മരണം ആസന്നമായ സമയത്തെങ്കിലും - ഈസാ(عليه السلام)യില്‍ വിശ്വസിക്കാതിരിക്കില്ല.
Nisa' 4:160
അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക് നിഷിദ്ധമാക്കി. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും.
Nisa' 4:161
പലിശ അവര്‍ക്ക് നിരോധിക്കപ്പെട്ടതായിട്ടും, അവരത് വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ് (അത് നിഷിദ്ധമാക്കപ്പെട്ടത്.) അവരില്‍ നിന്നുള്ള സത്യനിഷേധികള്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.
Nisa' 4:162
എന്നാല്‍ അവരില്‍ നിന്ന് അടിയുറച്ച അറിവുള്ളവരും, സത്യവിശ്വാസികളുമായിട്ടുള്ളവര്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നു. നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, സകാത്ത് നല്‍കുന്നവരും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമത്രെ അവര്‍. അങ്ങനെയുള്ളവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്.
Nisa' 4:163
(നബിയേ,) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്. യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന് നാം സബൂര്‍ (എന്ന ഗ്രന്ഥം) നല്‍കി.
Nisa' 4:164
നിനക്ക് നാം മുമ്പ് വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക് നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും (നാം നിയോഗിക്കുകയുണ്ടായി.) മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു.
Nisa' 4:165
സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍. ആ ദൂതന്‍മാര്‍ക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
Nisa' 4:166
എന്നാല്‍ അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്നതിന്‍റെ കാര്യത്തില്‍ അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്‍റെ അറിവിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി.
Nisa' 4:167
അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുകയും ചെയ്തവര്‍ തീര്‍ച്ചയായും ബഹുദൂരം പിഴച്ച് പോയിരിക്കുന്നു.
Nisa' 4:168
അവിശ്വസിക്കുകയും, അന്യായം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തുകൊടുക്കുന്നതല്ല. ഒരു മാര്‍ഗത്തിലേക്കും അവന്‍ അവരെ നയിക്കുന്നതുമല്ല.
Nisa' 4:169
നരകത്തിന്‍റെ മാര്‍ഗത്തിലേക്കല്ലാതെ. എന്നെന്നേക്കുമായി അവരതില്‍ സ്ഥിരവാസികളായിരിക്കും. അല്ലാഹുവിന് അത് എളുപ്പമുള്ള കാര്യമാകുന്നു.
Nisa' 4:170
ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂല്‍ വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ വിശ്വസിക്കുക. നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാണ്. (എന്ന് നിങ്ങള്‍ ഓര്‍ത്തു കൊള്ളുക.) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
Nisa' 4:171
വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്.(45) നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.
———
45) ത്രിത്വം അല്ലെങ്കില്‍ ത്രിയേകത്വം എന്നത് യേശുക്രിസ്തുവിന് ശേഷം ക്രൈസ്തവസഭ ചമച്ചുണ്ടാക്കിയ ഒരു പ്രത്യേകതരം ദൈവസങ്കല്‍പമാണ്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ഭാവങ്ങളുള്ള ഒരു ദൈവം എന്നാണ് അവര്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
Nisa' 4:172
അല്ലാഹുവിന്‍റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒരിക്കലും വൈമനസ്യം കാണിക്കുന്നതല്ല. (അല്ലാഹുവിന്‍റെ) സാമീപ്യം സിദ്ധിച്ച മലക്കുകളും (വൈമനസ്യം കാണിക്കുന്നതല്ല.) അവനെ (അല്ലാഹുവെ) ആരാധിക്കുന്നതില്‍ ആര്‍ വൈമനസ്യം കാണിക്കുകയും, അഹംഭാവം നടിക്കുകയും ചെയ്യുന്നുവോ അവരെ മുഴുവനും അവന്‍ തന്‍റെ അടുക്കലേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്.
Nisa' 4:173
എന്നാല്‍ വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തതാരോ അവരുടെതായ പ്രതിഫലം അവര്‍ക്കവന്‍ നിറവേറ്റികൊടുക്കുകയും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് കൂടുതലായി അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്. എന്നാല്‍, വൈമനസ്യം കാണിക്കുകയും, അഹങ്കരിക്കുകയും ചെയ്തവരാരോ അവര്‍ക്കവന്‍ വേദനയേറിയ ശിക്ഷ നല്‍കുന്നതാണ്. അല്ലാഹുവെ കൂടാതെ തങ്ങള്‍ക്ക് ഒരു ഉറ്റമിത്രത്തെയോ സഹായിയെയോ അവര്‍ കണ്ടെത്തുകയുമില്ല.
Nisa' 4:174
മനുഷ്യരേ, നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങള്‍ക്ക് ഇറക്കിത്തന്നിരിക്കുന്നു.
Nisa' 4:175
അതുകൊണ്ട് ആര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനെ മുറുകെപിടിക്കുകയും ചെയ്തുവോ, അവരെ തന്‍റെ കാരുണ്യത്തിലും അനുഗ്രഹത്തിലും അവന്‍ പ്രവേശിപ്പിക്കുന്നതാണ്. അവങ്കലേക്ക് അവരെ നേര്‍വഴിയിലൂടെ അവന്‍ നയിക്കുന്നതുമാണ്.
Nisa' 4:176
(നബിയേ,) അവര്‍ നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക: കലാലത്തിന്‍റെ(46) പ്രശ്നത്തില്‍ അല്ലാഹു നിങ്ങള്‍ക്കിതാ മതവിധി പറഞ്ഞുതരുന്നു. അതായത് ഒരാള്‍ മരിച്ചു; അയാള്‍ക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കില്‍ അയാള്‍ വിട്ടേച്ചു പോയതിന്‍റെ പകുതി അവള്‍ക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവള്‍ക്ക് സന്താനമില്ലാതിരിക്കുകയുമാണെങ്കില്‍ സഹോദരന്‍ അവളുടെ (പൂര്‍ണ്ണ) അവകാശിയായിരിക്കും. ഇനി രണ്ട് സഹോദരികളാണുള്ളതെങ്കില്‍, അവന്‍ (സഹോദരന്‍) വിട്ടേച്ചുപോയ സ്വത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാണ്. ഇനി സഹോദരന്‍മാരും സഹോദരിമാരും കൂടിയാണുള്ളതെങ്കില്‍, ആണിന് രണ്ട് പെണ്ണിന്‍റെതിന് തുല്യമായ ഓഹരിയാണുള്ളത്. നിങ്ങള്‍ പിഴച്ച് പോകാതിരിക്കാൻ അല്ലാഹു നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
———
46) പിതാവോ സന്താനങ്ങളോ ഇല്ലാത്ത അനന്തരാവകാശ പ്രശ്‌നത്തിനാണ് 'കലാലത്ത്' എന്നു പറയുന്നത്.
Maide 5:1
സത്യവിശ്വാസികളേ, നിങ്ങള്‍ കരാറുകള്‍ നിറവേറ്റുക. (പിന്നീട്) നിങ്ങള്‍ക്ക് വിവരിച്ചുതരുന്നതൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍ പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇഹ്‌റാമില്‍(1) പ്രവേശിച്ചവരായിരിക്കെ വേട്ടയാടുന്നത് അനുവദനീയമാക്കരുത്. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കുന്നു.
———
1) ഹജ്ജോ ഉംറയോ നിര്‍വ്വഹിക്കുകയാണ് എന്ന ഉദ്ദേശത്തോടെ ഔപചാരികമായി തീര്‍ത്ഥാടന കര്‍മ്മത്തില്‍ പ്രവേശിക്കുന്നതിനാണ് 'ഇഹ്‌റാം' എന്ന് പറയുന്നത്. 'ഇഹ്‌റാം' എന്ന പദത്തിൻ്റെ ഭാഷാര്‍ത്ഥം നിഷിദ്ധമാക്കല്‍ എന്നാണ്. തീര്‍ത്ഥാടന കര്‍മ്മത്തില്‍ ഔപചാരികമായി പ്രവേശിക്കുന്നതോടെ ചില കാര്യങ്ങള്‍ നിഷിദ്ധമായി കണക്കാക്കി വര്‍ജിക്കേണ്ടതുള്ളതിനാലാണ് ഈ പേര്‍ വന്നത്. ഓരോ ഭാഗത്തു നിന്ന് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ഇഹ്‌റാമില്‍ പ്രവേശിക്കുവാന്‍ നിര്‍ണിത സ്ഥലങ്ങള്‍ (മീഖാത്തുകള്‍) ഉണ്ട്.
Maide 5:2
സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ത്ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്.) എന്നാല്‍ ഇഹ്‌റാമില്‍ നിന്ന് നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയാടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
Maide 5:3
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു.) അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും(2) (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
———
2) പ്രത്യേകമായ ചില അടയാളങ്ങള്‍ രേഖപ്പെടുത്തിയ അമ്പുപോലുള്ള ചില കോലുകള്‍ ഒരു ആവനാഴിയിലിട്ട് കുലുക്കിയിട്ട് ഒന്ന് വലിച്ചെടുക്കുകയും, അതിന്മേലുളള മുദ്രയുടെ അടിസ്ഥാനത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു.
Maide 5:4
തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്തൊക്കെയാണെന്ന് അവര്‍ നിന്നോട് ചോദിക്കും. പറയുക: നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ വിദ്യ ഉപയോഗിച്ച് നായാട്ട് പരിശീലിപ്പിക്കാറുള്ള രീതിയില്‍ നിങ്ങള്‍ പഠിപ്പിച്ചെടുത്ത ഏതെങ്കിലും വേട്ടമൃഗം നിങ്ങള്‍ക്ക് വേണ്ടി പിടിച്ച് കൊണ്ടുവന്നതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. ആ ഉരുവിന്‍റെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു.
Maide 5:5
എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും - നിങ്ങളവര്‍ക്ക് വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ - (നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു.) നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിരിക്കണം. വ്യഭിചാരത്തില്‍ ഏര്‍പെടുന്നവരാകരുത്. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കര്‍മ്മം നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.
Maide 5:6
സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക.(3) എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.
———
3) 'വുദ്വൂഅ്' ചെയ്യാനോ, കുളിക്കാനോ സൗകര്യപ്പെടാത്ത പക്ഷം പകരം ചെയ്യേണ്ട ശുദ്ധി കര്‍മ്മമാണ് തയമ്മും. ശുദ്ധിയുള്ള നിലത്ത് ഇരു കൈപ്പത്തികള്‍ അടിച്ച് അതുകൊണ്ട് മുഖവും കൈകളും തടവുന്നതിനാണ് 'തയമ്മും' എന്ന് പറയുന്നത്. 4: 43 - ലെ കുറിപ്പ് നോക്കുക.
Maide 5:7
അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. 'ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു' എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങളോട് ഉറപ്പേറിയ കരാര്‍ വാങ്ങിയതും (ഓര്‍ക്കുക). നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു മനസ്സുകളിലുള്ളത് അറിയുന്നവനാകുന്നു.
Maide 5:8
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു.
Maide 5:9
വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവും ഉണ്ടെന്ന്.
Maide 5:10
അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികള്‍.
Maide 5:11
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ (ആക്രമണാര്‍ത്ഥം) അവരുടെ കൈകള്‍ നീട്ടുവാന്‍ മുതിര്‍ന്നപ്പോള്‍, അവരുടെ കൈകളെ നിങ്ങളില്‍ നിന്ന് തട്ടിമാറ്റിക്കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ.
Maide 5:12
അല്ലാഹു ഇസ്രായീല്‍ സന്തതികളോട് കരാര്‍ വാങ്ങുകയും, അവരില്‍ നിന്ന് പന്ത്രണ്ട് നേതാക്കന്‍മാരെ നിയോഗിക്കുകയുമുണ്ടായി. അല്ലാഹു (അവരോട്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, എന്‍റെ ദൂതന്‍മാരില്‍ വിശ്വസിക്കുകയും, അവരെ സഹായിക്കുകയും, അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങളുടെ തിന്‍മകള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ മായ്ച്ചുകളയുകയും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ ഞാന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. എന്നാല്‍ അതിനു ശേഷം നിങ്ങളില്‍ നിന്ന് ആര്‍ അവിശ്വസിച്ചുവോ അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയിരിക്കുന്നു.
Maide 5:13
അങ്ങനെ അവര്‍ കരാര്‍ ലംഘിച്ചതിന്‍റെ ഫലമായി നാം അവരെ ശപിക്കുകയും, അവരുടെ ഹൃദയങ്ങളെ നാം കടുത്തതാക്കിത്തീര്‍ക്കുകയും ചെയ്തു. വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന് അവര്‍ തെറ്റിക്കുന്നു.(4) അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ ഒരു ഭാഗം അവര്‍ മറന്നുകളയുകയും ചെയ്തു. അവര്‍ - അല്‍പം ചിലരൊഴികെ - നടത്തിക്കൊണ്ടിരിക്കുന്ന വഞ്ചന (മേലിലും) നീ കണ്ടുകൊണ്ടിരിക്കും. എന്നാല്‍ അവര്‍ക്ക് നീ മാപ്പുനല്‍കുകയും അവരോട് വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. നല്ല നിലയില്‍ വര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടും.
———
4) വേദവാക്യങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം നല്‍കുകയോ വാചകഘടനയില്‍ മാറ്റം വരുത്തുകയോ ചെയ്യുന്നു എന്നര്‍ത്ഥം.
Maide 5:14
ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങുകയുണ്ടായി. എന്നിട്ട് അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍ നിന്ന് ഒരു ഭാഗം അവര്‍ മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരേക്കും ശത്രുതയും വിദ്വേഷവും നാം ഇളക്കിവിട്ടു. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ പറഞ്ഞറിയിക്കുന്നതാണ്.
Maide 5:15
വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നുകൊണ്ട് നമ്മുടെ ദൂതന്‍ (ഇതാ) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. പലതും അദ്ദേഹം മാപ്പാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവിങ്കല്‍ നിന്ന് ഒരു പ്രകാശവും വ്യക്തമായ ഒരു ഗ്രന്ഥവും വന്നിരിക്കുന്നു.
Maide 5:16
അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.
Maide 5:17
മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു(5) എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. (നബിയേ,) പറയുക: മര്‍യമിന്‍റെ മകന്‍ മസീഹിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവന്‍ പേരെയും അല്ലാഹു നശിപ്പിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
———
5) യേശു ദൈവപുത്രനാണ് എന്ന വാദം വലിച്ചുനീട്ടുമ്പോള്‍ യേശു തന്നെയാകുന്നു ദൈവം എന്നിടത്തെത്തുന്നു. ക്രൈസ്തവരില്‍ ഭൂരിപക്ഷത്തിൻ്റെ അഭിപ്രായത്തില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമൊക്കെ ഒരേ അസ്തിത്വത്തിൻ്റെ വിവിധ ഭാവങ്ങള്‍ മാത്രമാണ്. കര്‍ത്താവ്, ദൈവം, ദേവന്‍ എന്നൊക്കെയാണല്ലോ നമ്മുടെ നാട്ടിലെ ക്രൈസ്തവര്‍ ഈസാ (عليه السلام) നെ വിശേഷിപ്പിക്കുന്നത്.
Maide 5:18
യഹൂദരും ക്രിസ്ത്യാനികളും പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിന്‍റെ മക്കളും അവന്ന് പ്രിയപ്പെട്ടവരുമാകുന്നു എന്ന്. (നബിയേ,) പറയുക: പിന്നെ എന്തിനാണ് നിങ്ങളുടെ കുറ്റങ്ങള്‍ക്ക് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നത്? അങ്ങനെയല്ല; അവന്‍റെ സൃഷ്ടികളില്‍ പെട്ട മനുഷ്യര്‍ മാത്രമാകുന്നു നിങ്ങള്‍. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്‍റെയും എല്ലാം ആധിപത്യം അല്ലാഹുവിനത്രെ. അവങ്കലേക്ക് തന്നെയാണ് മടക്കം.
Maide 5:19
വേദക്കാരേ, (അല്ലാഹുവിൻ്റെ) ദൂതന്‍മാര്‍ വരാതെ ഒരു ഇടവേള കഴിഞ്ഞ ശേഷം നിങ്ങള്‍ക്ക് (കാര്യങ്ങള്‍) വിവരിച്ചുതന്നു കൊണ്ട് നമ്മുടെ ദൂതന്‍ ഇതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഞങ്ങളുടെ അടുത്ത് ഒരു സന്തോഷവാര്‍ത്തക്കാരനോ, താക്കീതുകാരനോ വന്നില്ല എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്. അതെ, നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും, താക്കീത് നല്‍കുകയും ചെയ്യുന്ന ആള്‍ (ഇതാ) വന്നു കഴിഞ്ഞിരിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
Maide 5:20
മൂസാ തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) 'എന്‍റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്‍മാരെ നിയോഗിക്കുകയും, നിങ്ങളെ രാജാക്കന്‍മാരാക്കുകയും, മനുഷ്യരില്‍ നിന്ന് മറ്റാര്‍ക്കും നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക് നല്‍കുകയും ചെയ്‌തുകൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് നിങ്ങളോര്‍ക്കുക.'
Maide 5:21
എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍.(6) നിങ്ങള്‍ പിന്നോക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.'
———
6) യൂസുഫ് നബി (عليه السلام) ഈജിപ്തില്‍ താമസമുറപ്പിച്ചതോടെയാണ് ഇസ്‌റാഈല്യര്‍ അവിടത്തെ പൗരന്മാരായത്. പക്ഷേ, പില്‍ക്കാലത്ത് ഫറോവാ ചക്രവര്‍ത്തിമാരുടെ കീഴില്‍ അവര്‍ക്ക് ക്രൂരമായ അടിമത്വം അനുഭവിക്കേണ്ടി വന്നു. പ്രവാചകന്‍മാര്‍ മൂഖേന അല്ലാഹു അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു; പവിത്രഭൂമിയില്‍ (ഫലസ്തീനില്‍) അവരെ അവന്‍ അധിവസിപ്പിക്കുമെന്ന്.
അല്ലാഹു ഒരു വിഭാഗത്തെ ഒരിടത്ത് അധിവസിപ്പിക്കുമെന്ന് പറഞ്ഞാല്‍ അവിടെയുളളവരെയൊക്കെ അവന്‍ കുടിയൊഴിപ്പിച്ച് സ്ഥലം കാലിയാക്കി ഏല്‍പിച്ചു കൊടുക്കുമെന്നല്ല അതിന്റെ അര്‍ത്ഥം. അച്ചടക്കത്തോടും ധീരതയോടും കൂടി മുന്നേറുകയും എതിര്‍പ്പുകളെ അതിജയിക്കുകയും ചെയ്തുകൊണ്ട് അവിടെ അധിനിവേശം നടത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കും. അതാണ് അല്ലാഹുവിൻ്റെ നടപടിക്രമം. അല്ലാഹുവിൻ്റെ നടപടിയെപ്പറ്റിയുളള വികലമായ ധാരണയും ഭീരുത്വവും കൂടിച്ചേര്‍ന്നപ്പോള്‍ ഇസ്രാഈല്യര്‍ അനുസരണം കെട്ട ഒരു വര്‍ഗമായി അധഃപതിച്ചു.
സീനാ മരുഭൂമിയില്‍ നാൽപത് വര്‍ഷം അന്തംവിട്ട് അലഞ്ഞുനടക്കുക എന്നതാണ് അല്ലാഹു അവര്‍ക്ക് നല്‍കിയ ശിക്ഷ. അതിനിടയില്‍ മൂസായും(عليه السلام) ഹാറൂനും(عليه السلام) പരലോകം പ്രാപിച്ചു. പിന്നീട് യൂശഅ് നബി(عليه السلام)യുടെ കാലത്താണ് ഇസ്രാഈല്യര്‍ക്ക് വാഗ്ദത്തഭുമിയില്‍ അധിനിവേശം നടത്താന്‍ സാധിച്ചത്.
Maide 5:22
അവര്‍ പറഞ്ഞു: ഓ; മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്നത് വരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയേയില്ല. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ (അവിടെ) പ്രവേശിച്ചുകൊള്ളാം.
Maide 5:23
(അല്ലാഹുവിനെ) ഭയമുള്ളവരില്‍ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര്‍ പറഞ്ഞു: നിങ്ങള്‍ അവരുടെ നേര്‍ക്ക് കവാടം കടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങള്‍ കടന്ന് ചെന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക
Maide 5:24
അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും കൂടിപ്പോയി യുദ്ധം ചെയ്ത് കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്.
Maide 5:25
അദ്ദേഹം (മൂസാ) പറഞ്ഞു: 'എന്‍റെ രക്ഷിതാവേ, എന്‍റെയും എന്‍റെ സഹോദരന്‍റെയും കാര്യമല്ലാതെ എന്‍റെ അധീനത്തിലില്ല. ആകയാല്‍ ഞങ്ങളെയും ഈ ധിക്കാരികളായ ജനങ്ങളെയും തമ്മില്‍ വേര്‍പിരിക്കേണമേ.'
Maide 5:26
അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ ആ നാട് നാല്‍പത് കൊല്ലത്തേക്ക് അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുകയാണ്; തീര്‍ച്ച. (അക്കാലമത്രയും) അവര്‍ ഭൂമിയില്‍ അന്തം വിട്ട് അലഞ്ഞ് നടക്കുന്നതാണ്. ആകയാല്‍ ആ ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ ദുഃഖിക്കരുത്.
Maide 5:27
(നബിയേ,) നീ അവര്‍ക്ക് ആദമിന്‍റെ രണ്ടുപുത്രന്‍മാരുടെ വൃത്താന്തം സത്യപ്രകാരം പറഞ്ഞുകേള്‍പിക്കുക: അവര്‍ ഇരുവരും ഓരോ ബലിയര്‍പ്പിച്ച സന്ദര്‍ഭം, ഒരാളില്‍ നിന്ന് ബലി സ്വീകരിക്കപ്പെട്ടു. മറ്റവനില്‍ നിന്ന് സ്വീകരിക്കപ്പെട്ടില്ല. മറ്റവന്‍ പറഞ്ഞു: 'ഞാന്‍ നിന്നെ കൊലപ്പെടുത്തുക തന്നെ ചെയ്യും.' അവന്‍ (ബലി സ്വീകരിക്കപ്പെട്ടവന്‍) പറഞ്ഞു: 'ധര്‍മ്മനിഷ്ഠയുള്ളവരില്‍ നിന്നു മാത്രമെ അല്ലാഹു സ്വീകരിക്കുകയുള്ളൂ.'
Maide 5:28
എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്‍റെ നേരെ നിൻ്റെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്‍റെ നേരെ എൻ്റെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.'
Maide 5:29
എന്‍റെ കുറ്റത്തിനും, നിന്‍റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം.'
Maide 5:30
എന്നിട്ട് തന്‍റെ സഹോദരനെ കൊല്ലുവാന്‍ അവന്‍റെ മനസ്സ് അവന്ന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടക്കാരില്‍പെട്ടവനായിത്തീര്‍ന്നു.
Maide 5:31
അപ്പോള്‍ തന്‍റെ സഹോദരന്‍റെ മൃതദേഹം മറവു ചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തികുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്‍റെ സഹോദരന്‍റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു.
Maide 5:32
അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷവും അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
Maide 5:33
അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
Maide 5:34
എന്നാല്‍, അവര്‍ക്കെതിരില്‍ നടപടിയെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതിന്‍റെ മുമ്പായി പശ്ചാത്തപിച്ച് മടങ്ങിയവര്‍ ഇതില്‍ നിന്നൊഴിവാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.
Maide 5:35
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും,(7) അവന്‍റെ മാര്‍ഗത്തില്‍ ധർമസമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം.
———
7) അല്ലാഹു നിര്‍ദ്ദേശിക്കുന്ന വാക്‌വിചാരകര്‍മ്മങ്ങളാണ് അല്ലാഹുവിങ്കലേക്ക് അടുക്കാനുളള മാര്‍ഗം. അല്ലാതെ മധ്യവര്‍ത്തികളോ ശുപാര്‍ശക്കാരോ അല്ല.
Maide 5:36
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലെ ശിക്ഷ ഒഴിവായിക്കിട്ടുവാന്‍ വേണ്ടി പ്രായശ്ചിത്തം നല്‍കുന്നതിനായി സത്യനിഷേധികളുടെ കൈവശം ഭൂമിയിലുള്ളത് മുഴുക്കെയും, അത്രതന്നെ വേറെയും ഉണ്ടായിരുന്നാല്‍ പോലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ലതന്നെ. അവര്‍ക്ക് വേദനയേറിയ ശിക്ഷയാണുള്ളത്.
Maide 5:37
നരകത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ അവര്‍ ആഗ്രഹിക്കും. അതില്‍ നിന്ന് പുറത്തുപോകാന്‍ അവര്‍ക്ക് സാധ്യമാവുകയേയില്ല. നിരന്തരമായ ശിക്ഷയാണ് അവര്‍ക്കുള്ളത്.
Maide 5:38
മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
Maide 5:39
എന്നാല്‍, അക്രമം ചെയ്ത് പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.
Maide 5:40
ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാണെന്ന് നിനക്കറിഞ്ഞുകൂടെ? അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.
Maide 5:41
ഓ, റസൂലേ; സത്യനിഷേധത്തിലേക്ക് കുതിച്ചുചെല്ലുന്നവര്‍ (അവരുടെ പ്രവൃത്തി) നിനക്ക് ദുഃഖമുണ്ടാക്കാതിരിക്കട്ടെ. അവര്‍ മനസ്സില്‍ വിശ്വാസം കടക്കാതെ 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന് വായകൊണ്ട് പറയുന്നവരില്‍പെട്ടവരാകട്ടെ, യഹൂദമതക്കാരില്‍ പെട്ടവരാകട്ടെ, കള്ളം ചെവിയോര്‍ത്ത് കേള്‍ക്കുന്നവരും, നിന്‍റെ അടുത്ത് വരാത്ത മറ്റു ആളുകളുടെ വാക്കുകള്‍ ചെവിയോര്‍ത്തുകേള്‍ക്കുന്നവരുമാണവര്‍. വേദവാക്യങ്ങളെ അവയുടെ സന്ദര്‍ഭങ്ങളില്‍ നിന്നു അവര്‍ മാറ്റിക്കളയുന്നു. അവര്‍ പറയും: 'ഇതേ വിധി തന്നെയാണ് (നബിയുടെ പക്കല്‍ നിന്ന്) നിങ്ങള്‍ക്ക് നല്‍കപ്പെടുന്നതെങ്കില്‍ അത് സ്വീകരിക്കുക. അതല്ല നല്‍കപ്പെടുന്നതെങ്കില്‍ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക.' വല്ലവന്നും നാശം വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം അവന്നു വേണ്ടി അല്ലാഹുവില്‍ നിന്ന് യാതൊന്നും നേടിയെടുക്കാന്‍ നിനക്ക് സാധിക്കുന്നതല്ല. അത്തരക്കാരുടെ മനസ്സുകളെ ശുദ്ധീകരിക്കുവാന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അവര്‍ക്ക് ഇഹലോകത്ത് അപമാനമാണുള്ളത്. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
Maide 5:42
കള്ളം ചെവിയോര്‍ത്ത് കേള്‍ക്കുന്നവരും, നിഷിദ്ധമായ സമ്പാദ്യം ധാരാളം തിന്നുന്നവരുമത്രെ അവര്‍. അവര്‍ നിന്‍റെ അടുത്ത് വരുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീ തീര്‍പ്പുകല്‍പിക്കുകയോ, അവരെ അവഗണിച്ച് കളയുകയോ ചെയ്യുക. നീ അവരെ അവഗണിച്ച് കളയുന്നപക്ഷം അവര്‍ നിനക്ക് ഒരു ദോഷവും വരുത്തുകയില്ല. എന്നാല്‍ നീ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പു കല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു.
Maide 5:43
എന്നാല്‍ അവര്‍ എങ്ങനെയാണ് നിന്നെ വിധികര്‍ത്താവാക്കുന്നത്? അവരുടെ പക്കല്‍ തൗറാത്തുണ്ട്. അതിലാകട്ടെ അല്ലാഹുവിന്‍റെ വിധിവിലക്കുകളുണ്ട്. എന്നിട്ടതിന് ശേഷവും അവര്‍ പിന്തിരിഞ്ഞ് കളയുകയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ വിശ്വാസികളേ അല്ല.
Maide 5:44
തീര്‍ച്ചയായും നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്) കീഴ്പെട്ട പ്രവാചകന്‍മാര്‍ യഹൂദമതക്കാര്‍ക്ക് അതിനനുസരിച്ച് വിധികല്‍പിച്ചുപോന്നു. പുണ്യവാന്‍മാരും മതപണ്ഡിതന്‍മാരും (അപ്രകാരം തന്നെ വിധികല്‍പിച്ചിരുന്നു.) കാരണം, അല്ലാഹുവിന്‍റെ ഗ്രന്ഥത്തിന്‍റെ സംരക്ഷണം അവര്‍ക്ക് ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്‍റെ വചനങ്ങള്‍ നിങ്ങള്‍ തുച്ഛമായ വിലയ്ക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ച് തന്നതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍.
Maide 5:45
ജീവന് ജീവന്‍, കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, ചെവിക്ക് ചെവി, പല്ലിന് പല്ല്, മുറിവുകള്‍ക്ക് തത്തുല്യമായ പ്രതിക്രിയ എന്നിങ്ങനെയാണ് അതില്‍ (തൗറാത്തില്‍) നാം അവര്‍ക്ക് നിയമമായി വെച്ചിട്ടുള്ളത്. വല്ലവനും (പ്രതിക്രിയ ചെയ്യാതെ) മാപ്പുനല്‍കുന്ന പക്ഷം അത് അവന്ന് പാപമോചന(ത്തിന് ഉതകുന്ന ഒരു പുണ്യകര്‍മ്മ)മാകുന്നു. ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍.(8)
———
8) പാവപ്പെട്ടവര്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടാല്‍ വേദഗ്രന്ഥത്തില്‍ പറഞ്ഞപ്രകാരമുളള ശിക്ഷ കണിശമായി നല്‍കുകയും പ്രമാണിമാരാണ് തെറ്റു ചെയ്തതെങ്കില്‍ എന്തെങ്കിലും ലഘുവായ ശിക്ഷ കൊണ്ട് മതിയാക്കുകയും ചെയ്യുന്ന സമ്പ്രദായമായിരുന്നു യഹൂദര്‍ അനുവര്‍ത്തിച്ചിരുന്നത്.
Maide 5:46
അവരെ (ആ പ്രവാചകന്‍മാരെ) തുടര്‍ന്ന് അവരുടെ കാല്‍പാടുകളിലായിക്കൊണ്ട് മര്‍യമിന്‍റെ മകന്‍ ഈസായെ തന്‍റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നവനായിക്കൊണ്ട് നാം നിയോഗിച്ചു. സന്മാര്‍ഗനിര്‍ദേശവും, സത്യപ്രകാശവും അടങ്ങിയ ഇന്‍ജീലും അദ്ദേഹത്തിന് നാം നല്‍കി. അതിന്‍റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെക്കുന്നതും, സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് മാർഗദർശനവും സദുപദേശവുമത്രെ അത്.
Maide 5:47
ഇന്‍ജീലിന്‍റെ അനുയായികള്‍, അല്ലാഹു അതിൽ അവതരിപ്പിച്ചതനുസരിച്ച് വിധികല്‍പിക്കട്ടെ. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.
Maide 5:48
(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്.(9) അതിനാല്‍ നീ അവര്‍ക്കിടയില്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു.) അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്.
———
9) പൂര്‍വ്വ വേദങ്ങളുടെ യഥാര്‍ത്ഥ ഉളളടക്കം എന്താണെന്ന് വ്യക്തമാക്കിക്കൊണ്ടും, അവയില്‍ നടന്ന കൈകടത്തലുകള്‍ തുറന്നു കാട്ടിക്കൊണ്ടും ഖുര്‍ആന്‍ അവയെ കാത്തുരക്ഷിക്കുന്നു.
Maide 5:49
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്‍ക്കിടയില്‍ നീ വിധികല്‍പിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്ന വല്ല നിര്‍ദേശത്തില്‍ നിന്നും അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും (നാം കല്‍പിക്കുന്നു.) ഇനി അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും ധിക്കാരികളാകുന്നു.
Maide 5:50
ജാഹിലിയ്യത്തിന്‍റെ (അനിസ്ലാമിക മാര്‍ഗത്തിന്‍റെ) വിധിയാണോ അവര്‍ തേടുന്നത്? ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക് അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ് ആരാണുള്ളത്?
Maide 5:51
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.
Maide 5:52
എന്നാല്‍, മനസ്സുകള്‍ക്ക് രോഗം ബാധിച്ച ചില ആളുകള്‍ അവരുടെ കാര്യത്തില്‍ (അവരുമായി സ്നേഹബന്ധം സ്ഥാപിക്കുന്നതില്‍) തിടുക്കം കൂട്ടുന്നതായി നിനക്ക് കാണാം. 'ഞങ്ങള്‍ക്ക് വല്ല ആപത്തും സംഭവിച്ചേക്കുമോ എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു' എന്നായിരിക്കും അവര്‍ പറയുന്നത്. എന്നാല്‍ അല്ലാഹു (നിങ്ങള്‍ക്ക്) പൂര്‍ണ്ണവിജയം നല്‍കുകയോ, അല്ലെങ്കില്‍ അവന്‍റെ പക്കല്‍ നിന്ന് മറ്റുവല്ല നടപടിയും ഉണ്ടാകുകയോ ചെയ്തേക്കാം. അപ്പോള്‍ തങ്ങളുടെ മനസ്സുകളില്‍ രഹസ്യമാക്കിവെച്ചതിനെപ്പറ്റി ഈ കൂട്ടര്‍ ഖേദിക്കുന്നവരായിത്തീരും.
Maide 5:53
(അന്ന്) സത്യവിശ്വാസികള്‍ പറയും; 'ഞങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയാണ്' എന്ന് അല്ലാഹുവിന്‍റെ പേരില്‍ ബലമായി സത്യം ചെയ്ത് പറഞ്ഞിരുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണോ? എന്ന്. അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാകുകയും, അങ്ങനെ അവര്‍ നഷ്ടക്കാരായി മാറുകയും ചെയ്തിരിക്കുന്നു.
Maide 5:54
സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്.(10) അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു (അടിമകളുടെ ആവശ്യങ്ങളെല്ലാം നൽകാൻ) വിശാലതയുള്ളവനും സര്‍വ്വജ്ഞനുമത്രെ.
———
10) അല്ലാഹുവിന്‍റെ മതം നിലനില്‍ക്കുന്നത് നിങ്ങളെ ആശ്രയിച്ചിട്ടല്ല. നിങ്ങള്‍ കൂറുമാറിയതു കൊണ്ട് സത്യദീന്‍ പൊളിഞ്ഞു പോവുകയുമില്ല. ഏതുകാലത്തും അല്ലാഹുവുമായി സുദൃഢ ബന്ധമുളള ഒരു വിഭാഗം ദീനിനു വേണ്ടി സേവനമര്‍പ്പിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ഇഹപരവിജയം എന്ന വസ്തുത നിങ്ങള്‍ എപ്പോഴും ഓര്‍മ്മിച്ചിരിക്കണം.
Maide 5:55
അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട് നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍.
Maide 5:56
വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും, സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷി തന്നെയാണ് വിജയം നേടുന്നവര്‍.
Maide 5:57
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ നിന്ന് നിങ്ങളുടെ മതത്തെ തമാശയും വിനോദവിഷയവുമാക്കി തീര്‍ത്തവരെയും, സത്യനിഷേധികളെയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍.
Maide 5:58
നിങ്ങള്‍ നമസ്കാരത്തിന്നായി വിളിച്ചാല്‍, അവരതിനെ ഒരു തമാശയും വിനോദവിഷയവുമാക്കിത്തീര്‍ക്കുന്നു. അവര്‍ ചിന്തിച്ചുമനസ്സിലാക്കാത്ത ഒരു ജനവിഭാഗമായത് കൊണ്ടത്രെ അത്.
Maide 5:59
(നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിലും (അവങ്കല്‍ നിന്ന്) ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, മുമ്പ് അവതരിപ്പിക്കപ്പെട്ട വേദത്തിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നത് കൊണ്ടും, നിങ്ങളില്‍ അധികപേരും ധിക്കാരികളാണ് എന്നത് കൊണ്ടും മാത്രമല്ലേ നിങ്ങള്‍ ഞങ്ങളെ കുറ്റപ്പെടുത്തുന്നത്?
Maide 5:60
പറയുക: എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത് വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ദുര്‍മൂര്‍ത്തികളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന് ഏറെ പിഴച്ചുപോയവരും.
Maide 5:61
നിങ്ങളുടെ അടുത്ത് വരുമ്പോള്‍ അവര്‍ പറയും; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്. വാസ്തവത്തില്‍ അവര്‍ അവിശ്വാസത്തോടെയാണ് കടന്നുവന്നിട്ടുള്ളത്. അവിശ്വാസത്തോടുകൂടിത്തന്നെയാണ് അവര്‍ പുറത്ത് പോയിട്ടുള്ളതും. അവര്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.
Maide 5:62
അവരിലധികം പേരും പാപകൃത്യങ്ങളിലും, അതിക്രമത്തിലും, നിഷിദ്ധസമ്പാദ്യം ഭുജിക്കുന്നതിലും മത്സരിച്ച് മുന്നേറുന്നതായി നിനക്ക് കാണാം. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
Maide 5:63
കുറ്റകരമായത് അവര്‍ പറയുന്നതില്‍ നിന്നും നിഷിദ്ധമായ സമ്പാദ്യം അവര്‍ തിന്നുന്നതില്‍ നിന്നും പുണ്യപുരുഷന്‍മാരും പണ്ഡിതന്‍മാരും അവരെ തടയാതിരുന്നത് എന്ത്കൊണ്ടാണ്? അവര്‍ ചെയ്ത് കൊണ്ടിരിക്കുന്നത് വളരെ ചീത്ത തന്നെ.
Maide 5:64
അല്ലാഹുവിന്‍റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ് എന്ന് യഹൂദന്‍മാര്‍ പറഞ്ഞു(11) അവരുടെ കൈകള്‍ ബന്ധിതമാകട്ടെ. അവര്‍ പറഞ്ഞ വാക്ക് കാരണം അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. അല്ല, അവന്‍റെ ഇരു കൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. അവന്‍ എങ്ങനെ ഉദ്ദേശിക്കുന്നുവോ അങ്ങനെ ചെലവഴിക്കുന്നു. നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികം പേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ ശത്രുതയും വിദ്വേഷവും നാം ഇട്ടുകൊടുത്തിരിക്കുകയാണ്. അവര്‍ യുദ്ധത്തിന് തീ കൊളുത്തുമ്പോഴെല്ലാം അല്ലാഹു അത് കെടുത്തിക്കളയുന്നു. അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നതല്ല
———
11) പിശുക്കന്‍ എന്നര്‍ത്ഥത്തിലുളള ഒരു അലങ്കാര പ്രയോഗമാണ് 'കൈകള്‍ ബന്ധിക്കപ്പെട്ടവന്‍' എന്ന വാക്ക്. ക്ഷാമവും ദുരിതങ്ങളും വരുമ്പോള്‍ 'അല്ലാഹു ഇപ്പോള്‍ പിശുക്കനായിരിക്കുന്നു' എന്ന് ചില യഹൂദന്മാര്‍ പറഞ്ഞിരുന്നതിനെയാണ് ഇവിടെ നിശിതമായി വിമര്‍ശിക്കുന്നത്.
Maide 5:65
വേദക്കാര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ നാം മായ്ച്ചുകളയുകയും അനുഗ്രഹപൂര്‍ണ്ണമായ സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുകയും ചെയ്യുമായിരുന്നു.
Maide 5:66
തൗറാത്തും, ഇന്‍ജീലും, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത് നിന്നും, കാലുകള്‍ക്ക് ചുവട്ടില്‍ നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ.
Maide 5:67
ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
Maide 5:68
പറയുക: വേദക്കാരേ, തൗറാത്തും ഇന്‍ജീലും നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും നിങ്ങള്‍ (നേരാംവണ്ണം) നിലനിര്‍ത്തുന്നത് വരെ നിങ്ങള്‍ യാതൊരു അടിസ്ഥാനത്തിലുമല്ല. എന്നാല്‍ നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശം അവരില്‍ അധികപേര്‍ക്കും ധിക്കാരവും അവിശ്വാസവും വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും. അതിനാല്‍ സത്യനിഷേധികളായ ജനങ്ങളെപ്പറ്റി നീ ദുഃഖിക്കേണ്ടതില്ല.
Maide 5:69
സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല.(12) അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
———
12) ഏതെങ്കിലുമൊരു സാമുദായിക മതത്തിൻ്റെ പേരിലുളള സങ്കുചിതത്വമല്ല മോക്ഷത്തിന് നിദാനം. പ്രത്യുത, കണിശമായ ഏകദൈവത്വത്തിലും മരണാനന്തര ജീവിതത്തിലുമുളള വിശ്വാസമാണ് സര്‍വ്വപ്രധാനം. മുഹമ്മദ് നബി(ﷺ)യുടെ നിയോഗശേഷം ഇനിയാർക്കും നബിയിലും അവിടുന്ന് കൊണ്ടുവന്ന സത്യമതത്തിലും വിശ്വസിക്കാതെ രക്ഷയില്ല.
Maide 5:70
ഇസ്രായീല്‍ സന്തതികളോട് നാം കരാര്‍ വാങ്ങുകയും, അവരിലേക്ക് നാം ദൂതന്‍മാരെ അയക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ദേഹേച്ഛക്ക് പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത് ഏതെങ്കിലുമൊരു ദൂതന്‍ ചെന്നപ്പോളൊക്കെ ദൂതന്‍മാരില്‍ ഒരു വിഭാഗത്തെ അവര്‍ നിഷേധിച്ച് തള്ളി. മറ്റൊരു വിഭാഗത്തെ അവര്‍ കൊലപ്പെടുത്തുന്നു.
Maide 5:71
ഒരു കുഴപ്പവുമുണ്ടാകുകയില്ലെന്ന് അവര്‍ കണക്ക് കൂട്ടുകയും, അങ്ങനെ അവര്‍ അന്ധരും ബധിരരുമായികഴിയുകയും ചെയ്തു. പിന്നീട് അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. വീണ്ടും അവരില്‍ അധികപേരും അന്ധരും ബധിരരുമായിക്കഴിഞ്ഞു. എന്നാല്‍ അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.
Maide 5:72
മര്‍യമിന്‍റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; 'ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്(13) സഹായികളായി ആരും തന്നെയില്ല' എന്നാണ്
———
13) സൃഷ്ടികളില്‍ ആരെയെങ്കിലും ആരാധിക്കുക, അഥവാ ദിവ്യത്വത്തില്‍ അല്ലാഹുവോട് ആരെയെങ്കിലും പങ്കു ചേര്‍ക്കുക എന്നത് കടുത്ത അക്രമമാണെന്ന് അല്ലാഹു പറയുന്നു.
Maide 5:73
അല്ലാഹു മൂവരില്‍ ഒരാളാണ്(14) എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
———
14) ഈസാ (عليه السلام) ക്ക് മനുഷ്യനായ ദൂതന്‍ എന്ന സ്ഥാനം നല്‍കിയാല്‍ പോരെന്ന് ക്രിസ്ത്യാനികള്‍ക്ക് തോന്നി. അദ്ദേഹത്തിൻ്റെ പേരില്‍ ദൈവപുത്രന്‍ എന്ന സ്ഥാനം ആരോപിച്ചു. മതാധ്യക്ഷന്മാര്‍ക്കും വേണം അമാനുഷിക പദവി എന്ന് അവര്‍ക്കും അവരുടെ അനുയായികള്‍ക്കും തോന്നി. അവരില്‍ പരിശുദ്ധാത്മാവ് വസിക്കുന്നുണ്ടെന്ന് വാദിച്ചു. അങ്ങിനെ ഏകദൈവവിശ്വാസത്തിനു പകരം ഒന്നായ മൂന്ന് അഥവാ മൂന്നായ ഒന്ന് (ത്രിയേകത്വം) ക്രൈസ്തവ ദൈവസങ്കല്‍പത്തിലെ കുഴഞ്ഞ സമസ്യയായി മാറി.
Maide 5:74
ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
Maide 5:75
മര്‍യമിന്‍റെ മകന്‍ മസീഹ് അല്ലാഹുവിൻ്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; നാം അവർക്ക് എങ്ങനെയെല്ലാം ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കിക്കൊടുക്കുന്നുവെന്ന്. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്.
Maide 5:76
നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
Maide 5:77
പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. മുമ്പേപിഴച്ച് പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്.
Maide 5:78
ഇസ്രായീല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട് കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്.
Maide 5:79
അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല. അവര്‍ ചെയ്ത് കൊണ്ടിരുന്നത് വളരെ ചീത്ത തന്നെ.
Maide 5:80
അവരിലധികപേരും സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നത് നിനക്ക് കാണാം. സ്വന്തത്തിനു വേണ്ടി അവര്‍ മുന്‍കൂട്ടി ഒരുക്കിവെച്ചിട്ടുള്ളത്(15) വളരെ ചീത്ത തന്നെ. (അതായത്) അല്ലാഹു അവരുടെ നേരെ കോപിച്ചിരിക്കുന്നു എന്നത്. ശിക്ഷയില്‍ അവര്‍ നിത്യവാസികളായിരിക്കുന്നതുമാണ്.
———
15) ഓരോരുത്തര്‍ക്കും അനന്തമായി അനുഭവിക്കാനുള്ളത് അവനവൻ്റെ ഐഹികജീവിതത്തില്‍ മുന്‍കൂട്ടി ചെയ്തുവച്ചിട്ടുളള കര്‍മ്മങ്ങളുടെ ഫലമത്രെ.
Maide 5:81
അവര്‍ അല്ലാഹുവിലും പ്രവാചകനിലും, അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിച്ചിരുന്നുവെങ്കില്‍ അവരെ (അവിശ്വാസികളെ) ഉറ്റമിത്രങ്ങളായി സ്വീകരിക്കുമായിരുന്നില്ല. പക്ഷെ, അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
Maide 5:82
ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും, ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. 'ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു' എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം.
Maide 5:83
റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്‍റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നതായി നിനക്ക് കാണാം.(16) അവര്‍ പറയും: 'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.'
———
16) റസൂലിൻ്റെ (ﷺ) കാലത്ത് ഇസ്‌ലാം ആശ്ലേഷിച്ച ചില ക്രിസ്തുമതവിശ്വാസികളെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
Maide 5:84
ഞങ്ങളുടെ രക്ഷിതാവ് സജ്ജനങ്ങളോടൊപ്പം ഞങ്ങളെ പ്രവേശിപ്പിക്കുവാന്‍ ഞങ്ങള്‍ മോഹിച്ച് കൊണ്ടിരിക്കെ, ഞങ്ങള്‍ക്കെങ്ങനെ അല്ലാഹുവിലും ഞങ്ങള്‍ക്ക് വന്നുകിട്ടിയ സത്യത്തിലും വിശ്വസിക്കാതിരിക്കാന്‍ കഴിയും?
Maide 5:85
അങ്ങനെ അവരീ പറഞ്ഞത് നിമിത്തം അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ പ്രതിഫലമായി നല്‍കി. അവരതില്‍ നിത്യവാസികളായിരിക്കും. സദ്‌വൃത്തര്‍ക്കുള്ള പ്രതിഫലമത്രെ അത്.
Maide 5:86
അവിശ്വസിക്കുകയും, നമ്മുടെ തെളിവുകളെ തള്ളിക്കളയുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികള്‍.
Maide 5:87
സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്കനുവദിച്ചുതന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല.
Maide 5:88
അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവും ആയത് നിങ്ങള്‍ തിന്നുകൊള്ളുക. ഏതൊരുവനിലാണോ നിങ്ങള്‍ വിശ്വസിക്കുന്നത് ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.
Maide 5:89
ബോധപൂര്‍വ്വമല്ലാത്ത നിങ്ങളുടെ ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ ഉറപ്പിച്ചു ചെയ്ത ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടുന്നതാണ്. അപ്പോള്‍ അതിന്‍റെ (അത് ലംഘിക്കുന്നതിന്‍റെ) പ്രായശ്ചിത്തം നിങ്ങള്‍ നിങ്ങളുടെ വീട്ടുകാര്‍ക്ക് നല്‍കാറുള്ള മദ്ധ്യനിലയിലുള്ള ഭക്ഷണത്തില്‍ നിന്ന് പത്തു സാധുക്കള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുകയോ, അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുകയോ, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കുകയോ ആകുന്നു. ഇനി വല്ലവന്നും (അതൊന്നും) കിട്ടിയില്ലെങ്കില്‍ മൂന്നു ദിവസം നോമ്പെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ സത്യം ചെയ്തു പറഞ്ഞാല്‍, നിങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുന്നതിനുള്ള പ്രായശ്ചിത്തമാകുന്നു അത്. നിങ്ങളുടെ ശപഥങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. അപ്രകാരം അല്ലാഹു അവന്‍റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.
Maide 5:90
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും(17) പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.
———
17) ലഹരിയുണ്ടാക്കുന്ന ഏതു പാനീയവും മദ്യത്തിൻ്റെ പരിധിയില്‍ വരുന്നു. ഒരു വസ്തുവിന്റെ വിലയായിട്ടോ, അധ്വാനത്തിൻ്റെ പ്രതിഫലമായിട്ടോ അല്ലാതെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ യാദൃച്ഛികതയെ ആധാരമാക്കി നടത്തുന്ന പന്തയങ്ങള്‍, ഭാഗ്യക്കുറികള്‍, പണം വെച്ചുള്ള കളികള്‍ തുടങ്ങിയവയെല്ലാം ചൂതാട്ടത്തിൻ്റെ പരിധിയില്‍ വരുന്നു. അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടിയുളള ബലിപീഠങ്ങളും, ബഹുദൈവാരാധനാപരമായ എല്ലാ പ്രതിഷ്ഠകളും 'അന്‍സ്വാബ്' എന്ന വാക്കിൻ്റെ പരിധിയില്‍ വരുന്നു.
Maide 5:91
പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?
Maide 5:92
നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, (ധിക്കാരം വന്നു പോകാതെ) സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നമ്മുടെ ദൂതന്‍റെ ബാധ്യത വ്യക്തമായ രീതിയില്‍ സന്ദേശമെത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.
Maide 5:93
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ (മുമ്പ്) കഴിച്ചു പോയതില്‍ കുറ്റമില്ല.(18) അവര്‍ (അല്ലാഹുവെ) സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍പ്രവൃത്തികളില്‍ ഏര്‍പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍. പിന്നീടും അവർ സൂക്ഷ്മത പാലിക്കുകയും, വിശ്വാസത്തിലുറച്ചു നിൽക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ. അതിനു ശേഷവും അവര്‍ സൂക്ഷ്മത പാലിക്കുകയും, നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ സദ്‌വൃത്തരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
———
18) പടിപടിയായിട്ടാണ് ഇസ്‌ലാം മദ്യം നിരോധിച്ചത്. സമ്പൂര്‍ണമായി മദ്യം നിരോധിക്കുന്നതിനു മുമ്പ് ഖുര്‍ആന്‍ മദ്യത്തില്‍ അടങ്ങിയിട്ടുളള അധര്‍മത്തെപ്പറ്റി ഉണര്‍ത്തി. ലഹരിയോടെ നമസ്‌കരിക്കാന്‍ പോകുന്നത് നിരോധിച്ചു. "നിങ്ങള്‍ വിരമിക്കാന്‍ തയ്യാറുണ്ടോ" എന്ന വചനത്തിലൂടെയാണ് സമ്പൂര്‍ണനിരോധം ഏര്‍പ്പെടുത്തിയത്. നിരോധം വരുന്നതിനു മുമ്പ് മദ്യപിച്ചുപോയവര്‍ക്ക് കുറ്റബോധമുണ്ടാകേണ്ട കാര്യമില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.
Maide 5:94
സത്യവിശ്വാസികളേ, നിങ്ങളുടെ കൈകള്‍കൊണ്ടും ശൂലങ്ങള്‍ കൊണ്ടും വേട്ടയാടിപ്പിടിക്കാവുന്ന വിധത്തിലുള്ള വല്ല ജന്തുക്കളും മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും.(19) അദൃശ്യമായ നിലയില്‍ അല്ലാഹുവെ ഭയപ്പെടുന്നവരെ അവന്‍ വേര്‍തിരിച്ചറിയാന്‍ വേണ്ടിയത്രെ അത്. വല്ലവനും അതിന് ശേഷം അതിക്രമം കാണിച്ചാല്‍ അവന്ന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
———
19) ഹജജ്- ഉംറഃ കര്‍മ്മങ്ങളില്‍ പ്രവേശിച്ചവര്‍ക്ക് വേട്ട നിഷിദ്ധമാണ്. എത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ ജന്തുക്കളെ മുമ്പില്‍ കണ്ടാല്‍ ഒരു തീര്‍ത്ഥാടകന്‍ ഈ വിലക്ക് ലംഘിക്കുമോ എന്ന് അല്ലാഹു പരീക്ഷിക്കുന്നു.
Maide 5:95
സത്യവിശ്വാസികളേ, നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ വേട്ടമൃഗത്തെ കൊല്ലരുത്. നിങ്ങളിലൊരാള്‍ മനഃപൂര്‍വ്വം അതിനെ കൊല്ലുന്ന പക്ഷം, അവന്‍ കൊന്നതിന് തുല്യമെന്ന് നിങ്ങളില്‍ രണ്ടുപേര്‍ തീര്‍പ്പുകല്‍പിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കല്‍ എത്തിച്ചേരേണ്ട ബലിമൃഗമായി നല്‍കേണ്ടതാണ്. അല്ലെങ്കില്‍ പ്രായശ്ചിത്തമായി ഏതാനും അഗതികള്‍ക്ക് ആഹാരം നല്‍കുകയോ, അല്ലെങ്കില്‍ അതിന് തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്.(20) അവന്‍ ചെയ്തതിന്‍റെ ഭവിഷ്യത്ത് അവന്‍ അനുഭവിക്കാന്‍ വേണ്ടിയാണിത്. മുമ്പ് ചെയ്തു പോയതിന് അല്ലാഹു മാപ്പുനല്‍കിയിരിക്കുന്നു. വല്ലവനും അത് ആവര്‍ത്തിക്കുന്ന പക്ഷം അല്ലാഹു അവന്‍റെ നേരെ ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി കൈക്കൊള്ളുന്നവനുമാകുന്നു.
———
20) കൊന്ന ജന്തുവിൻ്റെ വില കൊണ്ട് എത്ര പാവങ്ങള്‍ക്ക് ആഹാരം കൊടുക്കാന്‍ കഴിയുമോ അത്രയും ദിവസമാണ് നോമ്പനുഷ്ഠിക്കേണ്ടത്.
Maide 5:96
നിങ്ങള്‍ക്കും യാത്രാസംഘങ്ങള്‍ക്കും ജീവിതവിഭവമായിക്കൊണ്ട് കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇഹ്‌റാമിലായിരിക്കുമ്പോഴൊക്കെയും കരയിലെ വേട്ടജന്തുക്കള്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. എതൊരുവനിലേക്കാണോ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക.
Maide 5:97
പവിത്രഭവനമായ കഅ്ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു. (അതുപോലെതന്നെ കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗത്തെയും (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും (അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.) ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാണെന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയത്രെ അത്.
Maide 5:98
അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും, അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.
Maide 5:99
റസൂലിന്‍റെ മേല്‍ പ്രബോധന ബാധ്യത മാത്രമേയുള്ളൂ. നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം അല്ലാഹു അറിയുന്നു.
Maide 5:100
(നബിയേ,) പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്‍റെ വര്‍ദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
Maide 5:101
സത്യവിശ്വാസികളേ, ചില കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്.(21) നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കവ വെളിപ്പെടുത്തുക തന്നെ ചെയ്യും. (നിങ്ങള്‍ ചോദിച്ച് കഴിഞ്ഞതിന്) അല്ലാഹു (നിങ്ങള്‍ക്ക്) മാപ്പുനല്‍കിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു.
———
21) ചില കാര്യങ്ങള്‍ അല്ലാഹു വളരെ കണിശമായി നിര്‍ണയിക്കാതെ വിടുന്നത് മനുഷ്യരുടെ സൗകര്യം മുന്‍നിര്‍ത്തിയാണ്. സൂറതുല്‍ ബഖറയില്‍ ഇതിനുള്ള ഉദാഹരണം കാണാം. ഒരു പശുവിനെ അറുക്കാന്‍ ഇസ്രായീല്യരോട് അല്ലാഹു കല്‍പിച്ചപ്പോള്‍ അവര്‍ക്ക് ഏതെങ്കിലും ഒരു പശുവിനെ അറുത്താല്‍ മതിയായിരുന്നു. എന്നാല്‍ അവര്‍ അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചു. എല്ലാ സംശയങ്ങളും തീര്‍ത്തുകൊണ്ട് അല്ലാഹു പശുവിൻ്റെ രൂപനിര്‍ണയം ചെയ്തപ്പോഴാവട്ടെ, അത്തരമൊന്ന് തിരഞ്ഞു കണ്ടുപിടിക്കാന്‍ അവര്‍ക്ക് വളരെ വിഷമിക്കേണ്ടി വന്നു. അനാവശ്യ ചോദ്യങ്ങള്‍ സൃഷ്ടിക്കുന്ന വിഷമം ഇതില്‍ നിന്നും മനസിലാക്കാമല്ലോ.
Maide 5:102
നിങ്ങള്‍ക്ക് മുമ്പ് ഒരു ജനവിഭാഗം അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. പിന്നെ അവയില്‍ അവര്‍ അവിശ്വസിക്കുന്നവരായിത്തീരുകയും ചെയ്തു.
Maide 5:103
ബഹീറഃ, സാഇബഃ, വസ്വീലഃ, ഹാം(22) എന്നീ നേര്‍ച്ചമൃഗങ്ങളെയൊന്നും അല്ലാഹു നിശ്ചയിച്ചതല്ല. പക്ഷെ, സത്യനിഷേധികള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയാണ്. അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.
———
22) ഒരു ഒട്ടകം അഞ്ച് തവണ പ്രസവിച്ചു കഴിഞ്ഞാല്‍ അറബികള്‍ അതിനെ ദൈവങ്ങള്‍ക്കായി ഉഴിഞ്ഞിടുകയും അതിൻ്റെ കാത് കീറി അടയാളം വെക്കുകയും ചെയ്യുമായിരുന്നു. അതിനാണ് 'ബഹീറഃ' എന്ന് പറയുന്നത്. ആഗ്രഹസഫലീകരണത്തിനായി ദൈവങ്ങള്‍ക്ക് നേര്‍ച്ചയാക്കുകയും, എന്നിട്ട് യഥേഷ്ടം മേഞ്ഞുനടക്കാന്‍ വിടുകയും ചെയ്തിരുന്ന ഒട്ടകത്തിനാണ് 'സാഇബഃ' എന്ന് പറയുന്നത്. ഒരു ആടിന് ആദ്യ പ്രസവത്തില്‍ ആണും പെണ്ണുമായി രണ്ടു കുട്ടികള്‍ ഉണ്ടായാല്‍ അറബികള്‍ ആ ആടിനെ 'വസ്വീലഃ' എന്ന പേരില്‍ നേര്‍ച്ചയാക്കുമായിരുന്നു. ഒരു നിശ്ചിത പ്രായമുളള ഒട്ടകക്കൂറ്റനായിരുന്നു 'ഹാം' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നേര്‍ച്ച മൃഗം.
Maide 5:104
അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, 'ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതു മതി ഞങ്ങള്‍ക്ക് എന്നായിരിക്കും അവര്‍ പറയുക: അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും, സന്മാര്‍ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അത് മതിയെന്നോ?)
Maide 5:105
സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊള്ളുക. നിങ്ങള്‍ സന്മാര്‍ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ വഴിപിഴച്ചവര്‍ നിങ്ങള്‍ക്കൊരു ദ്രോഹവും വരുത്തുകയില്ല. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ചെയ്ത് കൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്.
Maide 5:106
സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ക്ക് മരണമാസന്നമായാല്‍ വസ്വിയ്യത്തിന്‍റെ സമയത്ത് നിങ്ങളില്‍ നിന്നുള്ള നീതിമാന്‍മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യം വഹിക്കേണ്ടതാണ്. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ് മരണവിപത്ത് നിങ്ങള്‍ക്ക് വന്നെത്തുന്നതെങ്കില്‍ (വസ്വിയ്യത്തിന് സാക്ഷികളായി) നിങ്ങളല്ലാത്തവരില്‍പ്പെട്ട രണ്ടുപേരായാലും മതി.(23) നിങ്ങള്‍ക്ക് സംശയം തോന്നുകയാണെങ്കില്‍ അവരെ രണ്ടുപേരെയും നമസ്കാരം കഴിഞ്ഞതിന് ശേഷം നിങ്ങള്‍ തടഞ്ഞ് നിര്‍ത്തണം. എന്നിട്ടവര്‍ അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത് പറയണം: ഇതിന് (ഈ സത്യം മറച്ചു വെക്കുന്നതിന്) പകരം യാതൊരു വിലയും ഞങ്ങള്‍ വാങ്ങുകയില്ല. അത് അടുത്ത ഒരു ബന്ധുവെ ബാധിക്കുന്ന കാര്യമായാല്‍ പോലും. അല്ലാഹുവിനുവേണ്ടി ഏറ്റെടുത്ത സാക്ഷ്യം ഞങ്ങള്‍ മറച്ച് വെക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ കുറ്റക്കാരില്‍ പെട്ടവരായിരിക്കും.
———
23) മുസ്‌ലിംകളായ രണ്ടു സാക്ഷികളെ ലഭിക്കാത്ത സാഹചര്യത്തില്‍ അമുസ്‌ലിംകളെയും വസ്വിയ്യത്തിന് സക്ഷികളാക്കാം.
Maide 5:107
ഇനി അവര്‍ (രണ്ടു സാക്ഷികള്‍) കുറ്റത്തിന് അവകാശികളായിട്ടുണ്ട് എന്ന് തെളിയുന്ന പക്ഷം(24) കുറ്റം ചെയ്തിട്ടുള്ളത്(25) ആര്‍ക്കെതിരിലാണോ അവരില്‍ പെട്ട (പരേതനോട്) കൂടുതല്‍ ബന്ധമുള്ള മറ്റ് രണ്ടുപേര്‍ അവരുടെ സ്ഥാനത്ത് (സാക്ഷികളായി) നില്‍ക്കണം. എന്നിട്ട് അവര്‍ രണ്ടുപേരും അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത് പറയണം: തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യമാകുന്നു ഇവരുടെ സാക്ഷ്യത്തേക്കാള്‍ സത്യസന്ധമായിട്ടുള്ളത്. ഞങ്ങള്‍ ഒരു അന്യായവും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളില്‍പെട്ടവരായിരിക്കും.
———
24) വസ്വിയ്യത്തിന് സക്ഷ്യം വഹിച്ചവര്‍ വ്യാജവാദികളായിരുന്നുവെന്ന് വ്യക്തമായ തെളിവ് കിട്ടിയാല്‍ അവരുടെ സത്യസന്ധതക്കെതിരില്‍ പരേതൻ്റെ ഏറ്റവുമടുത്ത രണ്ട് അനന്തരാവകാശികള്‍ക്ക് സാക്ഷ്യം വഹിക്കാവുന്നതാണ്.
25) വ്യാജ വസ്വിയ്യത്ത് വാദം കൊണ്ട് നഷ്ടം പറ്റുന്നവര്‍ നിയമപ്രകാരമുളള അനന്തരാവകാശികളാണല്ലോ. അതുകൊണ്ടാണ് വ്യാജ വസ്വിയ്യത്ത് സാക്ഷ്യം അനന്തരാവകാശികള്‍ക്കെതിരിലുളള കുറ്റകൃത്യമാകുന്നത്.
Maide 5:108
അവര്‍ (സാക്ഷികള്‍) മുറപോലെ സാക്ഷ്യം വഹിക്കുന്നതിന് അതാണ് കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്. തങ്ങള്‍ സത്യം ചെയ്തതിന് ശേഷം (അനന്തരാവകാശികള്‍ക്ക്) സത്യം ചെയ്യാന്‍ അവസരം നല്‍കപ്പെടുമെന്ന് അവര്‍ക്ക് (സാക്ഷികള്‍ക്ക്) പേടിയുണ്ടാകുവാനും (അതാണ് കൂടുതല്‍ ഉപകരിക്കുക.) നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും (അവന്‍റെ കല്‍പനകള്‍) ശ്രദ്ധിക്കുകയും ചെയ്യുക. ധിക്കാരികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.
Maide 5:109
അല്ലാഹു ദൂതന്‍മാരെ ഒരുമിച്ചുകൂട്ടുകയും, നിങ്ങള്‍ക്ക് എന്ത് മറുപടിയാണ് കിട്ടിയത് എന്ന് ചോദിക്കുകയും ചെയ്യുന്ന ദിവസം അവര്‍ പറയും: 'ഞങ്ങള്‍ക്ക് യാതൊരു അറിവുമില്ല. നീയാണ് അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്‍.'
Maide 5:110
(ഈസായോട്) അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) 'മര്‍യമിന്‍റെ മകനായ ഈസാ! തൊട്ടിലില്‍ വെച്ചും, മദ്ധ്യവയസ്കനായിരിക്കെയും നീ ജനങ്ങളോട് സംസാരിക്കവെ, പരിശുദ്ധാത്മാവ് മുഖേന നിനക്ക് ഞാന്‍ പിന്‍ബലം നല്‍കിയ സന്ദര്‍ഭത്തിലും,(26) ഗ്രന്ഥവും ജ്ഞാനവും തൗറാത്തും ഇന്‍ജീലും നിനക്ക് ഞാന്‍ പഠിപ്പിച്ചുതന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം കളിമണ്ണ് കൊണ്ട് നീ പക്ഷിയുടെ മാതൃകയില്‍ രൂപപ്പെടുത്തുകയും, എന്നിട്ട് നീ അതില്‍ ഊതുമ്പോള്‍ എന്‍റെ അനുമതി പ്രകാരം അത് പക്ഷിയായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം ജന്‍മനാ കാഴ്ചയില്ലാത്തവനെയും, പാണ്ഡുരോഗിയെയും നീ സുഖപ്പെടുത്തുന്ന സന്ദര്‍ഭത്തിലും, എന്‍റെ അനുമതി പ്രകാരം നീ മരണപ്പെട്ടവരെ പുറത്ത് കൊണ്ട് വരുന്ന സന്ദര്‍ഭത്തിലും, നീ ഇസ്രായീല്‍ സന്തതികളുടെ അടുത്ത് വ്യക്തമായ തെളിവുകളുമായി ചെന്നിട്ട് അവരിലെ സത്യനിഷേധികള്‍ 'ഇത് പ്രത്യക്ഷമായ മാരണം മാത്രമാകുന്നു' എന്ന് പറഞ്ഞ അവസരത്തില്‍ നിന്നെ അപകടപ്പെടുത്തുന്നതില്‍ നിന്ന് അവരെ ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും ഞാന്‍ നിനക്കും നിന്‍റെ മാതാവിനും ചെയ്ത് തന്ന അനുഗ്രഹം ഓര്‍ക്കുക.'
———
26) യഹൂദര്‍ ഈസായെ ജാരസന്തതിയായി ചിത്രീകരിച്ചതിനുളള മറുപടിയാണ് തൊട്ടിലില്‍ കിടക്കുമ്പോള്‍ പരിശുദ്ധാത്മാവി (ജിബ്‌രീല്‍ എന്ന മലക്ക്)ൻ്റെ പിന്‍ബലത്തോടെ അദ്ദേഹം നല്‍കിയത്. മധ്യപ്രായത്തില്‍ പ്രവാചകനെന്ന നിലക്ക് ജനങ്ങളോട് അദ്ദേഹം സംസാരിച്ചതും പരിശുദ്ധാത്മാവ് അദ്ദേഹത്തിന് എത്തിച്ചു കൊടുത്ത ദിവ്യസന്ദേശത്തിൻ്റെ വെളിച്ചത്തില്‍ തന്നെ.
Maide 5:111
നിങ്ങള്‍ എന്നിലും എന്‍റെ ദൂതനിലും വിശ്വസിക്കൂ' എന്ന് ഞാന്‍ ഹവാരികള്‍ക്ക്(27) ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകളാണെന്നതിന് നീ സാക്ഷ്യം വഹിച്ച് കൊള്ളുക.
———
27) ഈസാ നബി(عليه السلام)യുടെ ഉത്തമ ശിഷ്യന്മാരാണ് ഹവാരികള്‍.
Maide 5:112
ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്‍റെ മകനായ ഈസാ, ആകാശത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്‍റെ രക്ഷിതാവിന് സാധിക്കുമോ? അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക.'
Maide 5:113
അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കതില്‍ നിന്ന് ഭക്ഷിക്കുവാനും, അങ്ങനെ ഞങ്ങള്‍ക്ക് മനസ്സമാധാനമുണ്ടാകുവാനും, താങ്കള്‍ ഞങ്ങളോട് പറഞ്ഞത് സത്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമാകുവാനും, ഞങ്ങള്‍ അതിന് ദൃക്‌സാക്ഷികളായിത്തീരുവാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
Maide 5:114
മര്‍യമിന്‍റെ മകനായ ഈസാ പറഞ്ഞു: 'ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവേ, ഞങ്ങള്‍ക്ക് നീ ആകാശത്ത് നിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ. ഞങ്ങള്‍ക്ക്, ഞങ്ങളിലെ ആദ്യത്തിലുള്ളവന്നും, അവസാനത്തിലുള്ളവന്നും ഒരു പെരുന്നാളും, നിന്‍റെ പക്കല്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കണം അത്. ഞങ്ങള്‍ക്ക് നീ ഉപജീവനം നല്‍കുകയും ചെയ്യേണമേ. നീ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ.'
Maide 5:115
അല്ലാഹു പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കത് ഇറക്കിത്തരാം. എന്നാല്‍ അതിനുശേഷവും നിങ്ങളില്‍ ആരെങ്കിലും അവിശ്വസിക്കുന്ന പക്ഷം ലോകരില്‍ ഒരാള്‍ക്കും ഞാന്‍ നല്‍കാത്ത വിധമുള്ള (കടുത്ത) ശിക്ഷ അവന്ന് നല്‍കുന്നതാണ്.
Maide 5:116
അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക): മര്‍യമിന്‍റെ മകന്‍ ഈസാ, 'അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍' എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്നിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
Maide 5:117
നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
Maide 5:118
നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക് പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും.
Maide 5:119
അല്ലാഹു പറയും: ഇത് സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ എന്നെന്നും നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം.
Maide 5:120
ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്‍റെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
Enam 6:1
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും(1) ചെയ്ത അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന് സമന്‍മാരെ വെക്കുന്നു.
———
1) ആകാശങ്ങള്‍ക്കും ഭൂമിക്കും വേറെ വേറെ സ്രഷ്ടാക്കളെ സങ്കല്പിച്ച് ആരാധിക്കുന്നവരുണ്ടായിരുന്നു. ഇരുട്ടുകള്‍ ഭൂതങ്ങളുടെ സൃഷ്ടിയായും പ്രകാശം അല്ലാഹുവിൻ്റെ സൃഷ്ടിയായും കരുതുന്നവരും ഉണ്ടായിരുന്നു. അതിനെയെല്ലാം നിഷേധിച്ചുകൊണ്ട് സകല പ്രാപഞ്ചിക വസ്തുക്കളുടെയും പ്രതിഭാസങ്ങളുടെയും സ്രഷ്ടാവ് അല്ലാഹു മാത്രമാണെന്ന് ഈ വാക്യം വ്യക്തമാക്കുന്നു.
Enam 6:2
അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ ഒരു അവധി നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്. എന്നിട്ടും നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു.
Enam 6:3
അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു (എന്ന് വിളിക്കപ്പെടുന്നവൻ). നിങ്ങളുടെ രഹസ്യവും നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു. നിങ്ങള്‍ നേടിയെടുക്കുന്നതും അവന്‍ അറിയുന്നു.
Enam 6:4
അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഏതൊരു ദൃഷ്ടാന്തം അവര്‍ക്ക് വന്നുകിട്ടുമ്പോഴും അവരതിനെ അവഗണിച്ച് കളയുക തന്നെയാകുന്നു.
Enam 6:5
അങ്ങനെ ഈ സത്യം അവര്‍ക്ക് വന്നുകിട്ടിയപ്പോഴും അവരതിനെ നിഷേധിച്ചു കളഞ്ഞു. എന്നാല്‍ അവര്‍ ഏതൊന്നിനെ പരിഹസിച്ച് കൊണ്ടിരുന്നുവോ അതിന്‍റെ വൃത്താന്തങ്ങള്‍ വഴിയെ അവര്‍ക്ക് വന്നെത്തുന്നതാണ്.
Enam 6:6
അവര്‍ കണ്ടില്ലേ; അവര്‍ക്ക് മുമ്പ് നാം എത്ര തലമുറകളെ നശിപ്പിച്ചിട്ടുണ്ടെന്ന്? നിങ്ങള്‍ക്ക് നാം ചെയ്തുതന്നിട്ടില്ലാത്ത സൗകര്യം ഭൂമിയില്‍ അവര്‍ക്ക് നാം ചെയ്തുകൊടുത്തിരുന്നു. നാം അവര്‍ക്ക് ധാരാളമായി മഴ വര്‍ഷിപ്പിച്ചു കൊടുക്കുകയും, അവരുടെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുക്കുകയും ചെയ്തിരുന്നു. എന്നിട്ട് അവരുടെ പാപങ്ങള്‍ കാരണം നാം അവരെ നശിപ്പിക്കുകയും, അവര്‍ക്ക് ശേഷം നാം വേറെ തലമുറകളെ ഉണ്ടാക്കുകയും ചെയ്തു.
Enam 6:7
(നബിയേ,) നിനക്ക് നാം കടലാസില്‍ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും, എന്നിട്ടവരത് സ്വന്തം കൈകള്‍കൊണ്ട് തൊട്ടുനോക്കുകയും ചെയ്താല്‍ പോലും 'ഇത് വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല' എന്നായിരിക്കും സത്യനിഷേധികള്‍ പറയുക.
Enam 6:8
ഇയാളുടെ (നബിയുടെ) മേല്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ് എന്നും അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം നീട്ടിക്കിട്ടുമായിരുന്നില്ല.
Enam 6:9
ഇനി നാം ഒരു മലക്കിനെ (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍ തന്നെ ആ മലക്കിനെയും നാം പുരുഷരൂപത്തിലാക്കുമായിരുന്നു.(2) അങ്ങനെ (ഇന്ന്) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിഷയത്തില്‍ (അപ്പോഴും) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്.
———
2) മനുഷ്യര്‍ക്കിടയിലേക്ക് ഒരു മലക്കിനെ ദൂതനായി അയക്കുകയാണെങ്കില്‍ ആ മലക്കിനെ മനുഷ്യരൂപത്തിലാക്കുന്നതാണല്ലൊ സൗകര്യപ്രദം. അപ്പോഴും ആ ദൂതൻ്റെ അസ്തിത്വത്തെപ്പറ്റിയും ആധികാരികതയെപ്പറ്റിയുമൊക്കെ ആശയക്കുഴപ്പമുണ്ടാക്കാന്‍ അവര്‍ക്ക് സാധിക്കുമല്ലോ.
Enam 6:10
നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു.
Enam 6:11
(നബിയേ,) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കൂ.
Enam 6:12
ചോദിക്കുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം ആരുടെതാകുന്നു? പറയുക: അല്ലാഹുവിന്‍റെതത്രെ. അവന്‍ കാരുണ്യത്തെ സ്വന്തം പേരില്‍ (ബാധ്യതയായി) രേഖപ്പെടുത്തിയിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലേക്ക് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. അതില്‍ യാതൊരു സംശയവുമില്ല.(3) എന്നാല്‍ സ്വദേഹങ്ങളെത്തന്നെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
———
3) മനുഷ്യര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ക്കനുസരിച്ച് പ്രതിഫലം നല്‍കാന്‍ ഇഹലോകജീവിതം അപര്യാപ്തമാണ്. ഒരാളെ കൊന്നവനും ആയിരം പേരെ കൊന്നവനും ഒരു വധശിക്ഷ നല്‍കാനല്ലേ ഇവിടെ സാധിക്കൂ. എന്നാല്‍ എല്ലാ മനുഷ്യരെയും അനശ്വരമായ ഒരു ലോകത്ത് അനശ്വരതയുടെതായ ഒരു നാളില്‍ ഒരുമിച്ചു കൂട്ടുകയും, അനന്തമായ ശിക്ഷയോ അനന്തമായ അനുഗ്രഹമോ കര്‍മ്മങ്ങളുടെ ഗുരുലഘുത്വമനുസരിച്ച് അന്ന് അനുഭവിപ്പിക്കുകയും ചെയ്യുമെന്ന് അല്ലാഹു ഉറപ്പ് നല്‍കിയിരിക്കുന്നു. അത് അവൻ്റെ അപാരമായ കാരുണ്യത്തിൻ്റെ താല്‍പര്യമത്രെ.
Enam 6:13
അവന്‍റെതാകുന്നു രാത്രിയിലും പകലിലും അടങ്ങിയതെല്ലാം. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
Enam 6:14
പറയുക: ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവായ അല്ലാഹുവെയല്ലാതെ ഞാന്‍ രക്ഷാധികാരിയായി സ്വീകരിക്കുകയോ? അവനാകട്ടെ ആഹാരം നല്‍കുന്നു. അവന്ന് ആഹാരം നല്‍കപ്പെടുകയില്ല. പറയുക: തീര്‍ച്ചയായും അല്ലാഹുവിന് കീഴ്പെട്ടവരില്‍ ഒന്നാമനായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. നീ ഒരിക്കലും ബഹുദൈവാരാധകരില്‍ പെട്ടുപോകരുത്.
Enam 6:15
പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷയെപ്പറ്റി തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.
Enam 6:16
അന്നേ ദിവസം ആരില്‍ നിന്ന് അത് (ശിക്ഷ) ഒഴിവാക്കപ്പെടുന്നുവോ അവനെ അല്ലാഹു തീര്‍ച്ചയായും അനുഗ്രഹിച്ചിരിക്കുന്നു. അതത്രെ വ്യക്തമായ വിജയം.
Enam 6:17
(നബിയേ,) നിനക്ക് അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുകയാണെങ്കില്‍ അത് നീക്കം ചെയ്യുവാന്‍ അവനല്ലാതെ മറ്റാരുമില്ല. നിനക്ക് അവന്‍ വല്ല ഗുണവും വരുത്തുകയാണെങ്കിലോ അവന്‍ ഏതൊരു കാര്യത്തിനും കഴിവുള്ളവനത്രെ.
Enam 6:18
അവന്‍ തന്‍റെ ദാസന്‍മാരുടെ മേല്‍ പരമാധികാരമുള്ളവനാണ്. യുക്തിമാനും സൂക്ഷ്മമായി അറിയുന്നവനുമത്രെ അവന്‍.
Enam 6:19
(നബിയേ,) ചോദിക്കുക: സാക്ഷ്യത്തില്‍ വെച്ച് ഏറ്റവും വലിയത് ഏതാകുന്നു? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കും ഇടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്ക് ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്, അത് മുഖേന നിങ്ങള്‍ക്കും അത് (അതിന്‍റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയാകുന്നു. അല്ലാഹുവോടൊപ്പം ആരാധനക്കർഹനായി മറ്റു വല്ലവരുമുണ്ടെന്നതിന് നിങ്ങള്‍ സാക്ഷ്യം വഹിക്കുമോ? പറയുക: ഞാന്‍ സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍ ഏക ഇലാഹ് മാത്രമാകുന്നു. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല.
Enam 6:20
നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ സ്വന്തം മക്കളെ അറിയുന്നത് പോലെ അത് അറിയുന്നുണ്ട്. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.
Enam 6:21
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച.
Enam 6:22
നാം അവരെ മുഴുവന്‍ ഒരുമിച്ചുകൂട്ടുകയും, പിന്നീട് ബഹുദൈവാരാധകരോട് നിങ്ങള്‍ ജല്‍പിച്ച് കൊണ്ടിരുന്ന നിങ്ങളുടെ വകയായുള്ള ആ പങ്കാളികള്‍ എവിടെയെന്ന് നാം ചോദിക്കുകയും ചെയ്യുന്ന ദിവസം (ഓര്‍ക്കുക.)
Enam 6:23
അനന്തരം, അവരുടെ ന്യായം 'ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെത്തന്നെയാണെ സത്യം, ഞങ്ങള്‍ പങ്കുചേര്‍ക്കുന്നവരായിരുന്നില്ല' എന്ന് പറയുന്നതല്ലാതെ മറ്റൊന്നുമായിരിക്കില്ല.
Enam 6:24
നോക്കൂ; അവര്‍ സ്വന്തം പേരില്‍ തന്നെ എങ്ങനെ കള്ളം പറഞ്ഞു എന്ന്. അവര്‍ എന്തൊന്ന് കെട്ടിച്ചമച്ചിരുന്നുവോ അതവര്‍ക്ക് ഉപകരിക്കാതെ പോയിരിക്കുന്നു.
Enam 6:25
നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ അത് അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും, അവരുടെ കാതുകളില്‍ അടപ്പ് വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ നിന്‍റെ അടുക്കല്‍ നിന്നോട് തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്.
Enam 6:26
അവര്‍ അതില്‍ നിന്ന് മറ്റുള്ളവരെ തടയുകയും, അതില്‍ നിന്ന് (സ്വയം) അകന്നു നില്‍ക്കുകയും ചെയ്യുന്നു. (വാസ്തവത്തില്‍) അവര്‍ സ്വദേഹങ്ങള്‍ക്ക് തന്നെ നാശമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. അവര്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല.
Enam 6:27
അവര്‍ നരകത്തിങ്കല്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ (ഇഹലോകത്തേക്ക്) ഒന്നു തിരിച്ചയക്കപ്പെട്ടിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തള്ളിക്കളയാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലാവുകയും ചെയ്യുമായിരുന്നു.
Enam 6:28
അല്ല; അവര്‍ മുമ്പ് മറച്ചുവെച്ചുകൊണ്ടിരുന്നത് (ഇപ്പോള്‍) അവര്‍ക്ക് വെളിപ്പെട്ടിരിക്കുന്നു. തിരിച്ചയക്കപ്പെട്ടാല്‍ തന്നെയും അവര്‍ എന്തില്‍ നിന്നൊക്കെ വിലക്കപ്പെട്ടുവോ അതിലേക്ക് തന്നെ അവര്‍ മടങ്ങിപ്പോകുന്നതാണ്. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാകുന്നു.
Enam 6:29
അവര്‍ പറഞ്ഞിരുന്നു; 'ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല' എന്ന്.
Enam 6:30
അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അവന്‍ ചോദിക്കും: ഇത് യഥാര്‍ത്ഥം തന്നെയല്ലേ? അവര്‍ പറയും: അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം. അവന്‍ പറയും: എന്നാല്‍ നിങ്ങള്‍ അവിശ്വസിച്ചു കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക.
Enam 6:31
അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയെ നിഷേധിച്ചു തള്ളിയവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. അങ്ങനെ പെട്ടെന്ന് ആ അന്ത്യസമയം വന്നെത്തുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇത് സംബന്ധിച്ച കാര്യത്തില്‍ വീഴ്ച വരുത്തിയതിനാല്‍ ഹോ! ഞങ്ങള്‍ക്ക് കഷ്ടം! അവര്‍ അവരുടെ പാപഭാരങ്ങള്‍ അവരുടെ മുതുകുകളില്‍ വഹിക്കുന്നുണ്ടായിരിക്കും. അവര്‍ പേറുന്ന ഭാരം എത്ര ചീത്ത!
Enam 6:32
ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രികലോകമാണ് സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങളെന്താണ് ചിന്തിക്കാത്തത്?
Enam 6:33
(നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ത്ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്, പ്രത്യുത,അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്.
Enam 6:34
നിനക്ക് മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത് നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തുന്നത് വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് (കല്‍പനകള്‍ക്ക്) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. (അല്ലാഹുവിൻ്റെ) ദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത് തീർച്ചയായും നിനക്ക് വന്നുകിട്ടിയിട്ടുണ്ട്.
Enam 6:35
അവര്‍ പിന്തിരിഞ്ഞ് കളയുന്നത് നിനക്ക് ദുസ്സഹമായി തോന്നുന്നുവെങ്കില്‍ ഭൂമിയില്‍ (ഇറങ്ങിപ്പോകുവാന്‍) ഒരു തുരങ്കമോ, ആകാശത്ത് (കയറിപ്പോകുവാന്‍) ഒരു കോണിയോ തേടിപ്പിടിച്ചിട്ട് അവര്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാന്‍ നിനക്ക് സാധിക്കുന്ന പക്ഷം (അതങ്ങ് ചെയ്തേക്കുക.) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയൊക്കെ അവന്‍ സന്‍മാര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു. അതിനാല്‍ നീ ഒരിക്കലും അവിവേകികളില്‍ പെട്ടുപോകരുത്.
Enam 6:36
കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കുകയുള്ളൂ. മരിച്ചവരെയാകട്ടെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്.(4) എന്നിട്ട് അവങ്കലേക്ക് അവര്‍ മടക്കപ്പെടുകയും ചെയ്യും.
———
4) സത്യം മനസ്സിലാക്കാന്‍ തയ്യാറില്ലാത്തവര്‍ ജീവചൈതന്യം നഷ്ടപ്പെട്ടവരാണ്. 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന അവസ്ഥയില്‍ കഴിയുന്നവര്‍. അവര്‍ സത്യസന്ദേശം ശ്രവിക്കാത്തതില്‍ വ്യാകുലപ്പെടേണ്ടതില്ല. അവരുടെ കാര്യം അല്ലാഹു നോക്കിക്കൊള്ളും. അവങ്കലേക്കാണ് അവരുടെ മടക്കം.
Enam 6:37
ഇവന്‍റെ മേല്‍ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഏതെങ്കിലും ദൃഷ്ടാന്തം ഇറക്കപ്പെടാത്തതെന്താണ് എന്നവര്‍ ചോദിക്കുന്നു. പറയുക: തീര്‍ച്ചയായും അല്ലാഹു ദൃഷ്ടാന്തം ഇറക്കുവാന്‍ കഴിവുള്ളവനാണ്. പക്ഷെ, അവരില്‍ അധികപേരും (യാഥാര്‍ത്ഥ്യം) അറിയുന്നില്ല.
Enam 6:38
ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു.(5) ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്.(6)
———
5) സവിശേഷതകളുമുളള ഒരു വര്‍ഗമാണ് മനുഷ്യന്‍. അല്ലാഹുവിൻ്റെ മാര്‍ഗദര്‍ശനം, മനുഷ്യനെ തൻ്റെ സവിശേഷപ്രകൃതിയുടെ താല്‍പര്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതത്രെ.
6) ജന്തുക്കള്‍ക്ക് മരണാനന്തര ജീവിതമുണ്ടോ? ഈ ആയത്ത് അങ്ങനെ സൂചിപ്പിക്കുന്നുണ്ടെന്ന് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുണ്ട്. ജന്തുക്കള്‍ ഉയിര്‍ത്തെഴുനേല്‍പിക്കപ്പെടുമെന്ന് വ്യക്തമാക്കുന്ന ചില ഹദീസുകളുമുണ്ട്.
Enam 6:39
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും.
Enam 6:40
(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്‍റെ ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിച്ചാല്‍, അല്ലെങ്കില്‍ അന്ത്യസമയം നിങ്ങള്‍ക്ക് വന്നെത്തിയാല്‍ അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുമോ?(7) (പറയൂ;) നിങ്ങള്‍ സത്യസന്ധരാണെങ്കില്‍.
———
7) ലോകത്തെവിടെയുമുണ്ടായിരുന്ന ബഹുദൈവാരാധകരില്‍ ബഹുഭൂരിഭാഗവും ഏകനായ സ്രഷ്ടാവില്‍ വിശ്വസിക്കുന്നവരായിരുന്നു. ഇന്നൂം സ്ഥിതി അങ്ങനെ തന്നെ. പക്ഷെ ആരാധനയുടെ (പ്രാര്‍ത്ഥനയാണല്ലോ ആരാധനയുടെ കാതലായ ഭാഗം) കാര്യം വരുമ്പോള്‍ പ്രപഞ്ചനാഥനു പുറമെ പലരെയും അവര്‍ തേടിപ്പോകുമായിരുന്നു. അല്ലാഹുവിൻ്റെ സാമീപ്യം സിദ്ധിച്ച പുണ്യവാളന്‍മാരോട് (അവരുടെ പ്രതിമകള്‍ പ്രതിഷ്ഠിച്ചുകൊണ്ടും അല്ലാതെയും) പ്രാര്‍ത്ഥിക്കുക എന്നതായിരുന്നു അവര്‍ നടത്തിയിരുന്ന ബഹുദൈവാരാധനയുടെ പ്രധാന രൂപം. എന്നാല്‍ അത്യന്തം ഗുരുതരമായ വിപത്തുകള്‍ അഭിമുഖീകരിക്കുമ്പോള്‍ സൃഷ്ടികളെയെല്ലാം വിട്ട് സ്രഷ്ടാവില്‍ അഭയം പ്രാപിക്കുമായിരുന്നു അവര്‍. എന്നാല്‍ ഇന്ന് അല്ലാഹുവിൽ വിശ്വസിക്കുന്നവരില്‍ ചിലര്‍ നിര്‍ണായകഘട്ടങ്ങളില്‍ പോലും പരേതാത്മാക്കളോടാണ് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ സ്ഥിതി എത്ര പരിതാപകരം!
Enam 6:41
ഇല്ല, അവനെ മാത്രമേ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയുള്ളൂ. അപ്പോള്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഏതൊരു വിഷമത്തിന്‍റെ പേരില്‍ നിങ്ങളവനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതവന്‍ ദൂരീകരിച്ച് തരുന്നതാണ്. നിങ്ങള്‍ (അവനോട്) പങ്കുചേര്‍ക്കുന്നവയെ നിങ്ങള്‍ (അപ്പോള്‍) മറന്നുകളയും.
Enam 6:42
നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതന്‍മാരെ) അയച്ചിട്ടുണ്ട്. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവര്‍ (അല്ലാഹുവിലേക്ക്) കേണുചെല്ലുവാന്‍ വേണ്ടി.
Enam 6:43
അങ്ങനെ അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത്? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്. അവര്‍ ചെയ്ത് കൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു.
Enam 6:44
അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു.(8) അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്‌ളാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു.
———
8) അല്ലാഹു അവര്‍ക്ക് അഭിവൃദ്ധിയുടെയും ക്ഷേമത്തിൻ്റെയും കവാടങ്ങള്‍ തുറന്നു കൊടുത്തു എന്നര്‍ത്ഥം. തന്നോട് ശത്രുത കാണിക്കുന്നവര്‍ക്കു പോലും ഇഹലോകത്ത് അല്ലാഹു തൻ്റെ അനുഗ്രഹങ്ങള്‍ സമൃദ്ധമായി നല്‍കുന്നു. അതു സംബന്ധിച്ച് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. അഹങ്കാരികളും ആഹ്‌ളാദപ്രമത്തരുമായ ആളുകള്‍ക്ക് അല്ലാഹുവിൻ്റെ പിടിയില്‍ നിന്ന് കുതറിമാറാന്‍ കഴിയില്ല. അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് അവരെ പിടികൂടും. അവന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ ഇഹത്തിലോ പരത്തിലോ അവന്‍ അവരെ ശിക്ഷിക്കും.
Enam 6:45
അങ്ങനെ ആ അക്രമികളായ ജനത നിശ്ശേഷം നശിപ്പിക്കപ്പെട്ടു. ലോകരക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.
Enam 6:46
(നബിയേ,) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും കാഴ്ചകളും പിടിച്ചെടുക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിന്‍മേല്‍ അവന്‍ മുദ്രവെക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹുവല്ലാതെ ഏതൊരു ആരാധ്യനാണ് നിങ്ങള്‍ക്കത് കൊണ്ടുവന്ന് തരാനുള്ളത്? നോക്കൂ: ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു. എന്നിട്ടും അവര്‍ പിന്തിരിഞ്ഞ് കളയുന്നു.
Enam 6:47
(നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; നിങ്ങള്‍ക്ക് അവിചാരിതമായിട്ടോ പ്രത്യക്ഷമായിട്ടോ(9) അല്ലാഹുവിന്‍റെ ശിക്ഷ വന്നെത്തുന്ന പക്ഷം അക്രമികളായ ജനവിഭാഗമല്ലാതെ നശിപ്പിക്കപ്പെടുമോ?
———
9) നിങ്ങള്‍ ഉറങ്ങുകയോ അശ്രദ്ധരായിരിക്കുകയോ ചെയ്യുമ്പോള്‍ ശിക്ഷ ഒറ്റയടിക്ക് വന്നെത്താം. നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കെ ശിക്ഷ പ്രത്യക്ഷമായിത്തന്നെ വന്നുഭവിക്കുകയും ചെയ്യാം.
Enam 6:48
സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരും ആയിട്ടല്ലാതെ നാം ദൂതന്‍മാരെ അയക്കുന്നില്ല. എന്നിട്ട് ആര്‍ വിശ്വസിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
Enam 6:49
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് കളഞ്ഞവരാരോ അവര്‍ക്ക് ശിക്ഷ ബാധിക്കുന്നതാണ്; അവര്‍ ധിക്കാരികളായതിന്‍റെ ഫലമായിട്ട്.
Enam 6:50
പറയുക: അല്ലാഹുവിന്‍റെ ഖജനാവുകള്‍ എന്‍റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും ഞാൻ നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ?(10) നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്?
———
10) നബി(ﷺ)യുടെ ശത്രുക്കളുടെ വിശ്വാസങ്ങളും അദ്ദേഹത്തിനെതിരില്‍ അവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളുമൊക്കെ അന്ധമായ ഊഹങ്ങളില്‍ അധിഷ്ഠിതമാണ്. അവര്‍ ഇക്കാര്യത്തില്‍ അന്ധരാണ്. നബി(ﷺ) സംസാരിക്കുന്നത് അല്ലാഹുവിൻ്റെ സന്ദേശമനുസരിച്ചാണ്.
Enam 6:51
തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ഇത് (ഖുർആൻ) മുഖേന നീ താക്കീത് നല്‍കുക. അവന്നു പുറമെ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.
Enam 6:52
തങ്ങളുടെ രക്ഷിതാവിന്‍റെ തിരുമുഖം ലക്ഷ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്.(11) അവരുടെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിന്‍റെ കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയും അവര്‍ക്കുമില്ല.(12) എങ്കിലല്ലേ നീ അവരെ ആട്ടിയകറ്റേണ്ടി വരുന്നത്? അങ്ങനെ ചെയ്യുന്ന പക്ഷം നീ അക്രമികളില്‍ പെട്ടവനായിരിക്കും
———
11) നബി(ﷺ)യുടെ ഏറ്റവും അടുത്ത അനുയായികളില്‍ പലരും അടിമകളും അശരണരും മര്‍ദിതരും പീഡിതരുമായിരുന്നു. അറേബ്യന്‍ സമൂഹത്തിലെ ആഢ്യന്മാര്‍ക്ക് അവരോട് പരമപുച്ഛമായിരുന്നു. ഈ പാവങ്ങളെയൊക്കെ നബി(ﷺ) തൻ്റെ സന്നിധിയില്‍ നിന്നും ആട്ടിയോടിക്കാന്‍ തയ്യാറായാല്‍ നബി(ﷺ)യുടെ പക്ഷത്ത് അണിനിരക്കാമെന്ന് ആ ആഢ്യന്മാര്‍ വാഗ്ദാനം ചെയ്യുകയുണ്ടായി. അവരെ വിമര്‍ശിച്ചു കൊണ്ടാണ് ഈ വചനം അവതരിച്ചത്.
12) ആ പാവങ്ങള്‍ നബി(ﷺ)യുടെ പക്ഷം ചേര്‍ന്നിട്ടുളളത് ദാനധര്‍മ്മങ്ങള്‍ കൊണ്ട് ഉപജീവനം നടത്താനുളള മോഹം കൊണ്ടാണെന്ന് ഖുറൈശി പ്രമാണിമാര്‍ ആക്ഷേപിച്ചതിനുള്ള മറുപടിയാണിത്. മനസ്സിലെ വികാരവിചാരങ്ങളറിയുന്ന അല്ലാഹുവിന് മാത്രമേ കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തി കണക്കനുസരിച്ച് പ്രതിഫലം നല്‍കാന്‍ കഴിയൂ. ഏതൊരു മനുഷ്യനും ബാഹ്യനില നോക്കി മാത്രമേ മറ്റൊരാളെ വിലയിരുത്താനൊക്കൂ.
Enam 6:53
അപ്രകാരം അവരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് നാം പരീക്ഷണവിധേയരാക്കിയിരിക്കുന്നു. ഞങ്ങളുടെ ഇടയില്‍ നിന്ന് അല്ലാഹു അനുഗ്രഹിച്ചിട്ടുള്ളത് ഇക്കൂട്ടരെയാണോ എന്ന് അവര്‍ പറയുവാന്‍ വേണ്ടിയത്രെ അത്. നന്ദികാണിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?
Enam 6:54
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വന്നാല്‍ നീ പറയുക: നിങ്ങള്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്‍റെ മേല്‍ (ബാധ്യതയായി) നിശ്ചയിച്ചിരിക്കുന്നു. അതായത് നിങ്ങളില്‍ നിന്നാരെങ്കിലും അവിവേകത്താല്‍ വല്ല തിന്‍മയും ചെയ്തു പോകുകയും എന്നിട്ടതിന് ശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
Enam 6:55
അപ്രകാരം നാം തെളിവുകള്‍ വിശദീകരിച്ച് തരുന്നു. കുറ്റവാളികളുടെ മാര്‍ഗം വ്യക്തമായി വേര്‍തിരിഞ്ഞുകാണുവാന്‍ വേണ്ടിയുമാകുന്നു അത്.
Enam 6:56
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്തുടരുകയില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഞാന്‍ പിഴച്ചു കഴിഞ്ഞു; സന്‍മാര്‍ഗം പ്രാപിച്ചവരുടെ കൂട്ടത്തില്‍ ഞാന്‍ ആയിരിക്കുകയുമില്ല.
Enam 6:57
പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ പ്രമാണത്തിന്‍മേലാണ് ഞാന്‍. നിങ്ങളാകട്ടെ, അതിനെ നിഷേധിച്ച് കളഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്തൊന്നിന് വേണ്ടി തിടുക്കം കൂട്ടുന്നുവോ അത് (ശിക്ഷ) എന്‍റെ പക്കലില്ല. (അതിന്‍റെ) തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണ്. അവന്‍ സത്യം വിവരിച്ചുതരുന്നു. അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.
Enam 6:58
പറയുക: നിങ്ങള്‍ തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്ന കാര്യം എന്‍റെ പക്കലുണ്ടായിരുന്നുവെങ്കില്‍ എന്‍റെയും നിങ്ങളുടെയും ഇടയില്‍ കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അല്ലാഹു അക്രമികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.
Enam 6:59
അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍.(13) അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല.
———
13) 'മഫാതിഹ്' എന്ന പദത്തിന് ഖജനാവുകള്‍ എന്നും താക്കോലുകള്‍ എന്നും അര്‍ത്ഥമുണ്ട്. അദൃശ്യകാര്യത്തിന്‍റെ ഖജനാവുകളും താക്കോലുകളുമെല്ലാം അല്ലാഹുവിന്‍റെ അധീനത്തില്‍ തന്നെയാകുന്നു.
Enam 6:60
അവനത്രെ രാത്രിയില്‍ (ഉറങ്ങുമ്പോള്‍) നിങ്ങളെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നവന്‍. പകലില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം അവന്‍ അറിയുകയും ചെയ്യുന്നു. പിന്നീട് നിര്‍ണിതമായ ജീവിതാവധി പൂര്‍ത്തിയാക്കപ്പെടുവാന്‍വേണ്ടി പകലില്‍ നിങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നു. പിന്നീട് അവങ്കലേക്കാണ് നിങ്ങളുടെ മടക്കം. അനന്തരം നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയെല്ലാം അവന്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും.
Enam 6:61
അവനത്രെ തന്‍റെ ദാസന്‍മാരുടെ മുകളിൽ അവരെ അടക്കിഭരിക്കുന്നവന്‍. നിങ്ങളുടെ മേല്‍നോട്ടത്തിനായി അവന്‍ കാവല്‍ക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്‍മാര്‍ (മലക്കുകള്‍) അവനെ പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. (അക്കാര്യത്തില്‍) അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല.
Enam 6:62
എന്നിട്ട് അവര്‍ യഥാര്‍ത്ഥ രക്ഷാധികാരിയായ അല്ലാഹുവിലേക്ക് തിരിച്ചയക്കപ്പെടും. അറിയുക: അവന്നത്രെ തീരുമാനാധികാരം. അവന്‍ അതിവേഗം കണക്ക് നോക്കുന്നവനത്രെ.
Enam 6:63
പറയുക: 'ഇതില്‍ നിന്ന് (ഈ വിപത്തുകളില്‍ നിന്ന്) അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തില്‍ ആയിക്കൊള്ളാം' എന്ന് പറഞ്ഞുകൊണ്ട് അവനോട് നിങ്ങള്‍ താഴ്മയോടെയും രഹസ്യമായും പ്രാര്‍ത്ഥിക്കുന്ന സമയത്ത് കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിന്ന്(14) നിങ്ങളെ രക്ഷിക്കുന്നത് ആരാണ്?
———
14) അന്ധകാരങ്ങള്‍ എന്നാണ് 'ദ്വുലുമാത്തി'ന്‍റെ ഭാഷാര്‍ഥം. ദുരിതങ്ങള്‍. കെടുതികള്‍, അവിവേകങ്ങള്‍ എന്നീ അര്‍ഥങ്ങളിലും ആലങ്കാരികമായി ഈ പദം പ്രയോഗിക്കാറുണ്ട്. എല്ലാതരം അന്ധകാരങ്ങളും ഇവിടെ വിവക്ഷിക്കപ്പെടാം.
Enam 6:64
പറയുക: അല്ലാഹുവാണ് അവയില്‍നിന്നും മറ്റെല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവനോട് പങ്കുചേര്‍ക്കുന്നു.
Enam 6:65
പറയുക: നിങ്ങളുടെ മുകള്‍ ഭാഗത്ത് നിന്നോ, നിങ്ങളുടെ കാലുകളുടെ ചുവട്ടില്‍ നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ അയക്കുവാന്‍, അല്ലെങ്കില്‍ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരുടെ പീഡനം അനുഭവിപ്പിക്കുകയും ചെയ്യാന്‍ കഴിവുള്ളവനത്രെ അവന്‍. നോക്കൂ; അവര്‍ ഗ്രഹിക്കുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുന്നത് എങ്ങനെയാണെന്ന്!
Enam 6:66
(നബിയേ,) നിന്‍റെ ജനത ഇത് സത്യമായിരിക്കെ ഇതിനെ നിഷേധിച്ച് കളഞ്ഞിരിക്കുന്നു. പറയുക: ഞാന്‍ നിങ്ങളുടെ മേല്‍ (ഉത്തരവാദിത്തം) ഏല്‍പിക്കപ്പെട്ടവനൊന്നുമല്ല.
Enam 6:67
ഓരോ വൃത്താന്തത്തിനും അത് (സത്യമായി) പുലരുന്ന ഒരു സന്ദര്‍ഭമുണ്ട്. വഴിയെ നിങ്ങള്‍ അതറിഞ്ഞു കൊള്ളും.
Enam 6:68
നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റുവല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്.
Enam 6:69
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ (അക്രമികളുടെ) കണക്ക് നോക്കേണ്ട യാതൊരു ബാധ്യതയുമില്ല. പക്ഷെ, ഓര്‍മിപ്പിക്കേണ്ടതുണ്ട്. അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം.
Enam 6:70
തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തുവെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ഖുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക.
Enam 6:71
പറയുക: അല്ലാഹുവിന് പുറമെ ഞങ്ങള്‍ക്ക് ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തതിനെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുകയോ? അല്ലാഹു ഞങ്ങളെ നേര്‍വഴിയിലാക്കിയതിനു ശേഷം ഞങ്ങള്‍ പുറകോട്ട് മടക്കപ്പെടുകയോ? (എന്നിട്ട്) പിശാചുക്കള്‍ തട്ടിത്തിരിച്ചു കൊണ്ടുപോയിട്ട് ഭൂമിയില്‍ അന്ധാളിച്ച് കഴിയുന്ന ഒരുത്തനെപ്പോലെ (ഞങ്ങളാവുകയോ?) 'ഞങ്ങളുടെ അടുത്തേക്ക് വരൂ' എന്നു പറഞ്ഞുകൊണ്ട് അവനെ നേര്‍വഴിയിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്ന ചില കൂട്ടുകാരുണ്ട് അവന്ന്. പറയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ത്ഥ മാര്‍ഗദര്‍ശനം. ലോകരക്ഷിതാവിന് കീഴ്പെടുവാനാണ് ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്.
Enam 6:72
നിങ്ങള്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കണമെന്നും, അവനെ സൂക്ഷിക്കണമെന്നും (കല്‍പിക്കപ്പെട്ടിരിക്കുന്നു). അവങ്കലേക്കായിരിക്കും നിങ്ങളെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്നത്.
Enam 6:73
അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ 'ഉണ്ടാകൂ' എന്നു പറയുന്ന ദിവസം അതുണ്ടാകുകതന്നെ ചെയ്യുന്നു. അവന്‍റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം(15) അവന്ന് മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞാനമുള്ളവനുമത്രെ.
———
15) അന്ത്യദിനത്തിലും, ഉയിര്‍ത്തെഴുനേല്‍പിന്‍റെ നാളിലും കാഹളത്തില്‍ ഊതുന്നതാണെന്ന് വിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍ കാഹളത്തിന്‍റെ ആകൃതിയെപ്പറ്റിയോ ഊത്തിന്‍റെ സ്വഭാവത്തെപ്പറ്റിയോ നമുക്ക് അറിഞ്ഞു കൂടാ. അദൃശ്യജ്ഞാനത്തില്‍ നിന്ന് പ്രവാചകന്മാര്‍ മുഖേന അറിയിക്കപ്പെട്ടതില്‍ കവിഞ്ഞൊന്നും അറിയാന്‍ നമുക്കാവില്ല.
Enam 6:74
ഇബ്രാഹീം തന്‍റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം(ഓര്‍ക്കുക.) ചില ബിംബങ്ങളെയാണോ താങ്കള്‍ ആരാധ്യരായി സ്വീകരിക്കുന്നത്? തീര്‍ച്ചയായും താങ്കളും താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ കാണുന്നു.
Enam 6:75
അപ്രകാരം ഇബ്രാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍ കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍ വേണ്ടിയും കൂടിയാണത്.
Enam 6:76
അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ട്കൊണ്ട്) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല(16)
———
16) വിഗ്രഹങ്ങളോടൊപ്പം സൂര്യ-ചന്ദ്ര-നക്ഷത്രാദികളെയും ആരാധിക്കുന്നവരായിരുന്നു ഇബ്‌റാഹീം നബി(عليه السلام)യുടെ നാട്ടുകാര്‍. അല്ലാഹുവിൻ്റെ സൃഷ്ടികളായ ആകാശഗോളങ്ങള്‍ക്ക് ദിവ്യത്വം കല്‍പിച്ച് ആരാധിക്കുന്നത് എത്ര വലിയ മൗഢ്യമാണെന്ന് അവരെ ഉണര്‍ത്താനാണ് ഇതുവഴി ഇബ്‌റാഹീം നബി (عليه السلام) ശ്രമിച്ചത്.
Enam 6:77
അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും.
Enam 6:78
അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ (അല്ലാഹുവിനോട്) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു.
Enam 6:79
തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്‍റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല.
Enam 6:80
അദ്ദേഹത്തിന്‍റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെന്നോട് തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്‍റെ രക്ഷിതാവ് ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല.) എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ് ആലോചിച്ച് നോക്കാത്തത്?
Enam 6:81
നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍?(17) (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍.
———
17) അല്ലാഹുവിനെ ഭയപ്പെടുന്നവന്‍ സൃഷ്ടികളില്‍ ആരെയും ഭയപ്പെടുന്ന പ്രശ്‌നമില്ല. ബഹുദൈവവിശ്വാസികളാവട്ടെ അസംഖ്യം ദേവീദേവന്‍മാരെ ഭയപ്പെടേണ്ടി വരുന്നു. ശരിയായ അര്‍ത്ഥത്തിലുളള നിര്‍ഭയത്വത്തെപ്പറ്റി അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.
Enam 6:82
വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.
Enam 6:83
ഇബ്രാഹീമിന് തന്‍റെ ജനതയ്ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.
Enam 6:84
അദ്ദേഹത്തിന് നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി.) അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു.
Enam 6:85
സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ.
Enam 6:86
ഇസ്മാഈല്‍, അല്‍യസഅ്, യൂനുസ്, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു.
Enam 6:87
അവരുടെ പിതാക്കളില്‍ നിന്നും സന്തതികളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും (ചിലര്‍ക്ക് നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.) അവരെ നാം വിശിഷ്ടരായി തെരഞ്ഞെടുക്കുകയും, നേര്‍മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിരിക്കുന്നു.
Enam 6:88
അതാണ് അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത് മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. അവര്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.(18)
———
18) ഒരാള്‍ അല്ലാഹുവോടൊപ്പം മറ്റാരെയെങ്കിലും ആരാധിക്കുന്നതോടെ അയാള്‍ അതുവരെ ചെയ്ത എല്ലാ സല്‍കര്‍മ്മങ്ങളും നിഷ്ഫലമായിപ്പോകുന്നതാണ്.
Enam 6:89
നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാമത് ഭരമേല്‍പിച്ചിട്ടുണ്ട്.(19)
———
19) മനുഷ്യരെല്ലാവരും കൂടി അല്ലാഹുവിനെ നിഷേധിക്കുന്നവരോ, അവനിൽ പങ്കുചേർക്കുന്നവരോ ആയിത്തീരുകയില്ലെന്നും, അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അവനെ മാത്രം ആരാധിക്കുന്നവർ ഉണ്ടായിരിക്കുമെന്നും ഇതില്‍ നിന്നും ഗ്രഹിക്കാം.
Enam 6:90
അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ നീ പിന്തുടര്‍ന്ന് കൊള്ളുക. (നബിയേ,) പറയുക: ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
Enam 6:91
ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവര്‍ ചെയ്തത്. പറയുക: എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും, മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടു വന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത്? നിങ്ങള്‍ അതിനെ കടലാസ് തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും, (മറ്റു) പലതും ഒളിച്ച് വെക്കുകയും ചെയ്യുന്നുണ്ടല്ലോ. നിങ്ങള്‍ക്കോ നിങ്ങളുടെ പിതാക്കന്‍മാര്‍ക്കോ അറിവില്ലാതിരുന്ന പലതും (ആ ഗ്രന്ഥത്തിലൂടെ) നിങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അല്ലാഹുവാണ് (അത് അവതരിപ്പിച്ചത്) എന്ന് പറയുക. പിന്നീട് അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടുവാന്‍ അവരെ വിട്ടേക്കുക.
Enam 6:92
ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരിവെക്കുന്നതത്രെ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്. പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നതാണ്. തങ്ങളുടെ നമസ്കാരം അവര്‍ മുറപ്രകാരം സൂക്ഷിച്ച് പോരുന്നതുമാണ്.
Enam 6:93
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ 'എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു' എന്ന് പറയുകയോ ചെയ്തവനെക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്.(20) 'നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്' (എന്ന് മലക്കുകള്‍ പറയും.)
———
20) മരണം എന്ന പ്രതിഭാസത്തെപ്പറ്റി കൃത്യമായി ഒരറിവും ആര്‍ക്കുമില്ല. മനുഷ്യനെ മരിപ്പിക്കുന്ന കാര്യം അല്ലാഹു മലക്കിനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്ന് വിശുദ്ധഖര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. മലക്കുകളുടെ ലോകം നമ്മുടെതില്‍ നിന്ന് വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ അവരുടെ പ്രവര്‍ത്തനരീതികളെപ്പറ്റി അല്ലാഹു പറഞ്ഞുതന്നതില്‍ കവിഞ്ഞൊന്നും അറിയാന്‍ നമുക്ക് സാധ്യമല്ല.
Enam 6:94
(അവരോട് അല്ലാഹു പറയും:) നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെത്തന്നെ നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തിതന്നതെല്ലാം നിങ്ങളുടെ പിന്നില്‍ നിങ്ങള്‍ വിട്ടേച്ച് പോന്നിരിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ (അല്ലാഹുവിന്‍റെ) പങ്കുകാരാണെന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്ന നിങ്ങളുടെ ആ ശുപാര്‍ശക്കാരെ നിങ്ങളോടൊപ്പം നാം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള ബന്ധം അറ്റുപോകുകയും നിങ്ങള്‍ ജല്‍പിച്ചിരുന്നതെല്ലാം നിങ്ങളെ വിട്ടുപോകുകയും ചെയ്തിരിക്കുന്നു(21)
———
21) പുണ്യാത്മാക്കളോടു പ്രാര്‍ത്ഥിക്കുന്നവരുടെ പ്രധാന പ്രതീക്ഷ അല്ലാഹുവിൻ്റെയടുക്കല്‍ അവര്‍ തങ്ങള്‍ക്കുവേണ്ടി ശുപാര്‍ശ നടത്തുമെന്നാണ്. എന്നാല്‍ അല്ലാഹു നിര്‍ദേശിച്ചിട്ടില്ലാത്ത, പ്രവാചകന്മാര്‍ മാതൃക കാണിച്ചിട്ടില്ലാത്ത ഈ 'ശുപാര്‍ശാബന്ധം' പരലോകത്തു വെച്ച് അറ്റു പോകുമെന്ന് അല്ലാഹു നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
Enam 6:95
തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു.(22) നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് വരുത്തുന്നു. ജീവനുള്ളതില്‍ നിന്ന് നിര്‍ജീവമായതിനെ പുറത്ത് വരുത്തുന്നവനുമാണവൻ. അങ്ങനെയുള്ളവനത്രെ അല്ലാഹു. എന്നിരിക്കെ എങ്ങനെയാണ് നിങ്ങൾ വഴിതെറ്റിക്കപ്പെടുന്നത്?
———
22) ധാന്യങ്ങളും വിത്തുകളും പിളര്‍ന്ന് അവയുടെ മുള അവന്‍ പുറത്ത് കൊണ്ടുവരുന്നു.
Enam 6:96
പ്രഭാതത്തെ പിളര്‍ത്തിക്കൊണ്ട് വരുന്നവനാണവന്‍. രാത്രിയെ അവന്‍ ശാന്തമായ വിശ്രമവേളയാക്കിയിരിക്കുന്നു. സൂര്യനെയും ചന്ദ്രനെയും കണക്കുകള്‍ക്ക് അടിസ്ഥാനവും (ആക്കിയിരിക്കുന്നു.)(23) പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹുവിന്‍റെ ക്രമീകരണമത്രെ അത്.
———
23) നാം ദിവസം കണക്കാക്കുന്നത് സൂര്യനുമായി ബന്ധപ്പെടുത്തിയാണ്. മാസം കണക്കാക്കുന്നത് ചന്ദ്രനുമായി ബന്ധപ്പെടുത്തിയും. ചാന്ദ്രവര്‍ഷവും സൗരവര്‍ഷവും ഈ വിധത്തിലുള്ള കാലഗണനയുടെ ഭാഗം തന്നെ.
Enam 6:97
അവനാണ് നിങ്ങള്‍ക്ക് വേണ്ടി നക്ഷത്രങ്ങളെ, കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് അവ മുഖേന വഴിയറിയാന്‍ പാകത്തിലാക്കിത്തന്നത്. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
Enam 6:98
അവനാണ് ഒരേ ആളിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. പിന്നെ (നിങ്ങള്‍ക്ക്) ഒരു സ്ഥിരസങ്കേതവും സൂക്ഷിപ്പ് കേന്ദ്രവുമുണ്ട്.(24) (കാര്യം) ഗ്രഹിക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം ഇതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
———
24) 'മുസ്തഖര്‍റ്' (സ്ഥിരസങ്കേതം) കൊണ്ടുളള വിവക്ഷ പുരുഷബീജം രൂപംകൊള്ളുന്ന സ്ഥലവും 'മുസ്തൗദഅ്' (സൂക്ഷിപ്പുകേന്ദ്രം) കൊണ്ടുള്ള വിവക്ഷ ഗര്‍ഭാശയവും ആണെന്ന് പല വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്. വേറെയും അഭിപ്രായങ്ങളുണ്ട്.
Enam 6:99
അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന് പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്‍റെ കൂമ്പോളയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. (അപ്രകാരം തന്നെ) മുന്തിരിത്തോട്ടങ്ങളും, പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍ ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും (നാം ഉല്‍പാദിപ്പിച്ചു.) അവയുടെ കായ്കള്‍ കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്.(25)
———
25) കാലാവസ്ഥാനിയമങ്ങളെപ്പറ്റിയും, വിസ്മയകരമായ ജൈവ- സസ്യവ്യവസ്ഥകളെപ്പറ്റിയും ചിന്തിച്ചു നോക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും; ഇതൊന്നും ആകസ്മികമായി ഉടലെടുത്തതല്ലെന്ന്. അതെ, സര്‍വജ്ഞനും സര്‍വ്വശക്തനുമായ സ്രഷ്ടാവിൻ്റെ അസ്തിത്വത്തിന് ഇവയൊക്കെ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന്.
Enam 6:100
അവര്‍ ജിന്നുകളെ അല്ലാഹുവിന് പങ്കാളികളാക്കിയിരിക്കുന്നു. എന്നാല്‍ അവരെ അവന്‍ സൃഷ്ടിച്ചതാണ്. ഒരു വിവരവും കൂടാതെ അവന്ന് പുത്രന്‍മാരെയും പുത്രിമാരെയും അവര്‍ ആരോപിച്ചുണ്ടാക്കിയിരിക്കുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു.
Enam 6:101
ആകാശങ്ങളെയും ഭൂമിയെയും മുൻ മാതൃകയില്ലാതെ നിർമിച്ചവനാണവൻ. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ? എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാകാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്.
Enam 6:102
അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക. അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.
Enam 6:103
കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും.(26) അവന്‍ സൂക്ഷ്മജ്ഞാനിയും എത്ര ചെറുതും ഏറ്റവും നന്നായി അറിയുന്നവനുമാകുന്നു.
———
26) ഭൗതികജീവിതത്തിലെ കാര്യമാണ് ഈ വചനത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പരലോകത്ത് വെച്ച് സത്യവിശ്വാസികള്‍ അല്ലാഹുവെ കാണുമെന്ന് സ്വഹീഹായ ഹദീസുകളില്‍ വന്നിട്ടുണ്ട്. മരണാനന്തരജീവിതത്തില്‍ കാഴ്ചയുടെ മൂടി നീക്കപ്പെടുമെന്നും ഭൗതികദൃഷ്ടി കൊണ്ട് കാണാന്‍ കഴിയാത്ത പലതും കാണാറാകുമെന്നും വിശുദ്ധഖുര്‍ആന്‍ നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. (50:22)
Enam 6:104
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്‍റെ ഗുണം അവന്ന് തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്‍റെ ദോഷവും അവന്നു തന്നെ. ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല.
Enam 6:105
അപ്രകാരം നാം വിവിധ രൂപത്തില്‍ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു. നീ (വല്ലവരില്‍ നിന്നും) പഠിച്ചുവന്നതാണെന്ന്(28) അവിശ്വാസികള്‍ പറയുവാനും, എന്നാല്‍ മനസ്സിലാക്കുന്ന ആളുകള്‍ക്ക് നാം കാര്യം വ്യക്തമാക്കികൊടുക്കുവാനും വേണ്ടിയാണത്.
———
28) ഏതെങ്കിലും യഹൂദ പണ്ഡിതന്മാരില്‍ നിന്നോ ക്രൈസ്തവ പുരോഹിതന്മാരില്‍ നിന്നോ പഠിച്ച ആശയങ്ങളായിരിക്കും മുഹമ്മദ് നബി(ﷺ) പ്രബോധനം ചെയ്യുന്നതെന്ന് നബി(ﷺ)യുടെ എതിരാളികളില്‍ ചിലര്‍ ജല്‍പിച്ചിരുന്നു.
Enam 6:106
നിനക്ക് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ബോധനം നല്‍കപ്പെട്ടതിനെ നീ പിന്തുടരുക. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ബഹുദൈവവാദികളില്‍ നിന്ന് നീ തിരിഞ്ഞുകളയുക.
Enam 6:107
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ (അവനോട്) പങ്കുചേര്‍ക്കുമായിരുന്നില്ല. നിന്നെ നാം അവരുടെ മേല്‍ ഒരു കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ മേല്‍ ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനുമല്ല.
Enam 6:108
അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ചീത്തവിളിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ചീത്തവിളിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്.
Enam 6:109
തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച് സത്യം ചെയ്ത് പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്. നിങ്ങള്‍ക്കെന്തറിയാം? അത് വന്ന് കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല.
Enam 6:110
ഇതില്‍ (ഖുര്‍ആനില്‍) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും (വീണ്ടും) മറിച്ചുകൊണ്ടിരിക്കും. അവരുടെ ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും.
Enam 6:111
നാം അവരിലേക്ക് മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട് സംസാരിക്കുകയും, സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ. എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട് പറയുകയാകുന്നു.
Enam 6:112
അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം ശത്രുക്കളാക്കിയിട്ടുണ്ട്. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം ദുര്‍ബോധനം ചെയ്യുന്നു.(28) നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ നീ വിട്ടേക്കുക
———
28) നല്ലതിലേക്ക് ക്ഷണിക്കുകയും ചീത്തയില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരെ അധികപേരും വെറുക്കുന്നു. വാസ്തവത്തില്‍ അവരാണ് അഭ്യുദയകാംക്ഷികളായ മിത്രങ്ങള്‍. നേരെ മറിച്ച് മനുഷ്യരെ ദുര്‍വൃത്തികളില്‍ ഭ്രമിപ്പിച്ച് പിഴപ്പിക്കാനും ചൂഷണം ചെയ്യാനും ശ്രമിക്കുന്നവര്‍ ഭംഗിവാക്കുകളിലൂടെ ദുര്‍ബോധനം നടത്തുന്നു. ബഹുജനം അവരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ അവരാകുന്നു സാക്ഷാല്‍ ശത്രുക്കള്‍.
Enam 6:113
പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ അതിലേക്ക് (ആ ഭംഗിവാക്കുകളിലേക്ക്) ചായുവാനും, അവര്‍ അതില്‍ സംതൃപ്തരാകുവാനും, അവര്‍ ചെയ്ത് കൂട്ടുന്നതെല്ലാം ചെയ്ത് കൂട്ടുവാനും വേണ്ടിയത്രെ അത്.(29)
———
29) ഓരോരുത്തര്‍ക്കും സ്വയം തിരഞ്ഞെടുക്കുന്ന കര്‍മ്മമാര്‍ഗങ്ങളിലൂടെ നീങ്ങുവാന്‍ അല്ലാഹു സൗകര്യം ചെയ്യുന്നു. ജനങ്ങളുടെ മേല്‍ ബലം പ്രയോഗിക്കാന്‍ പ്രവാചകനും അനുശാസിക്കപ്പെട്ടിട്ടില്ല.
Enam 6:114
(പറയുക:) അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത് അല്ലാഹു അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത് സത്യവുമായി നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍ പെട്ടുപോകരുത്.
Enam 6:115
നിന്‍റെ രക്ഷിതാവിന്‍റെ വചനം സത്യത്തിലും നീതിയിലും പരിപൂര്‍ണ്ണമായിരിക്കുന്നു. അവന്‍റെ വചനങ്ങള്‍ക്ക് മാറ്റം വരുത്താനാരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
Enam 6:116
ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്. ഊഹത്തെ മാത്രമാണ് അവര്‍ പിന്തുടരുന്നത്. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.
Enam 6:117
തന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുന്നവന്‍ ആരാണെന്ന് തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിന് അറിയാം. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനും അവന്‍ തന്നെയാണ്.
Enam 6:118
അതിനാല്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച് അറു)ക്കപ്പെട്ടതില്‍ നിന്നും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരാണെങ്കില്‍.
Enam 6:119
അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ച് അറു)ക്കപ്പെട്ടതില്‍ നിന്ന് നിങ്ങള്‍ എന്തിന് തിന്നാതിരിക്കണം? നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് അവന്‍ നിങ്ങള്‍ക്ക് വിശദമാക്കിത്തന്നിട്ടുണ്ടല്ലോ. നിങ്ങള്‍ (തിന്നുവാന്‍) നിര്‍ബന്ധിതരായിത്തീരുന്നതൊഴികെ. ധാരാളം പേര്‍ യാതൊരു വിവരവുമില്ലാതെ തന്നിഷ്ടങ്ങള്‍ക്കനുസരിച്ച് (ആളുകളെ) പിഴപ്പിച്ചു കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് അതിക്രമകാരികളെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ.
Enam 6:120
പാപത്തില്‍ നിന്ന് പ്രത്യക്ഷമായതും പരോക്ഷമായതും നിങ്ങള്‍ വെടിയുക. പാപം സമ്പാദിച്ച് വെക്കുന്നവരാരോ അവര്‍ ചെയ്ത് കൂട്ടുന്നതിന് തക്ക പ്രതിഫലം തീര്‍ച്ചയായും അവര്‍ക്ക് നല്‍കപ്പെടുന്നതാണ്.
Enam 6:121
അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്.(30) തീര്‍ച്ചയായും അത് അധര്‍മ്മമാണ്. നിങ്ങളോട് തര്‍ക്കിക്കുവാന്‍ വേണ്ടി പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക് തീര്‍ച്ചയായും ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ (അല്ലാഹുവോട്) പങ്കുചേര്‍ക്കുന്നവരായിപ്പോകും.(31)
———
30) അല്ലാഹുവല്ലാത്തവരുടെ പേരില്‍ നേര്‍ച്ചയോ, ബലിയോ ആയി അറുത്തതിൻ്റെ മാംസം ഭക്ഷിക്കുന്നത് നിഷിദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു മുസ്‌ലിം ഭക്ഷണത്തിനു വേണ്ടി അറുക്കുന്ന സമയത്ത് അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കാന്‍ (ബിസ്മില്ലാഹി... ചൊല്ലുവാന്‍) മറന്നു പോയാല്‍ അതിൻ്റെ മാംസം നിഷിദ്ധമല്ലെന്നു തന്നെയാണ് പണ്ഡിതന്മാരുടെ ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ മനപ്പൂര്‍വ്വം ബിസ്മി ചൊല്ലാതിരുന്നാലോ? മാംസം നിഷിദ്ധമാണെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം.
31) പുണ്യാത്മാക്കളുടെ പേരിലുളള നേര്‍ച്ച ബഹുദൈവാരാധനയാണ്. എന്നാല്‍ അത് അല്ലാഹുവിൻ്റെ മതത്തിൻ്റെ ഭാഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ദുര്‍ബോധനം നല്‍കുന്ന ധാരാളം പേര്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അവരെ അനുസരിച്ചുപോകരുതെന്ന് അല്ലാഹു താക്കീത് നല്‍കുന്നു.
Enam 6:122
നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ)പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവന്‍റെ അവസ്ഥ, പുറത്ത് കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്‍റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു.
Enam 6:123
അതേപ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാന്‍ അവിടത്തെ കുറ്റവാളികളുടെ തലവന്‍മാരെ നാം ഏര്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് അവര്‍ക്കെതിരില്‍ തന്നെയാണ്.(32) അവര്‍ (അതിനെപ്പറ്റി) ബോധവാന്‍മാരാകുന്നില്ല
———
32) ആരൊക്കെ കുതന്ത്രം നടത്തിയാലൂം അല്ലാഹുവിന് ഒരു നഷ്ടവും പറ്റാനില്ല. അവര്‍ക്കാണെങ്കിലോ കുതന്ത്രത്തിൻ്റെ ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്യും.
Enam 6:124
അവര്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നാല്‍, അല്ലാഹുവിന്‍റെ ദൂതന്‍മാര്‍ക്ക് നല്‍കപ്പെട്ടത് പോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുന്നത് വരെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്നായിരിക്കും അവര്‍ പറയുക.(33) എന്നാല്‍ അല്ലാഹുവിന്ന് നല്ലവണ്ണമറിയാം; തന്‍റെ ദൗത്യം എവിടെയാണ് ഏല്‍പിക്കേണ്ടതെന്ന്. കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടവര്‍ക്ക് തങ്ങള്‍ പ്രയോഗിച്ചിരുന്ന കുതന്ത്രത്തിന്‍റെ ഫലമായി അല്ലാഹുവിങ്കല്‍ ഹീനതയും കഠിനമായ ശിക്ഷയും വന്നുഭവിക്കുന്നതാണ്.
———
33) 'എന്താണ് മുഹമ്മദിന് ഇത്ര വലിയ പ്രത്യേകത? അല്ലാഹുവിൻ്റെ സന്ദേശം ഞങ്ങള്‍ക്കും കിട്ടിക്കൂടെ? ഞങ്ങള്‍ വിശ്വസിക്കണമെന്ന് അല്ലാഹുവിന് ആവശ്യമുണ്ടെങ്കില്‍ അവന്‍ ഞങ്ങള്‍ക്കും സന്ദേശം എത്തിച്ചു തരട്ടെ' എന്നായിരുന്നു അറേബ്യയിലെ സത്യനിഷേധികളില്‍ ചിലരുടെ നിലപാട്.
Enam 6:125
ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇസ്ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്‍റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ.(35) വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു.
———
35) ദുര്‍മാര്‍ഗം ശീലിച്ചുപോയതു കൊണ്ട് സത്യം ആശ്ലേഷിക്കാന്‍ കടുത്ത മനപ്രയാസം അനുഭവിക്കുന്നവര്‍ക്കുള്ള ഉപമയത്രെ അത്. കുത്തനെ മുകളിലേക്ക് കയറുന്ന ഒരാള്‍ക്ക് ഉയരം കൂടുന്തോറും ഞെരുക്കം കൂടിക്കൂടി വരുന്നു. ശ്വാസോച്ഛ്വാസത്തിന് പ്രയാസം നേരിടുന്നു. ഹൃദയമിടിപ്പ് ക്രമം തെറ്റുന്നു. സത്യം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഇത്രയും ഞെരുക്കമാണ് ചിലര്‍ക്ക് അനുഭവപ്പെടുന്നത്.
Enam 6:126
നിന്‍റെ രക്ഷിതാവിന്‍റെ നേരായ മാര്‍ഗമാണിത്. ശ്രദ്ധിച്ച് മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
Enam 6:127
അവര്‍ക്ക് അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ സമാധാനത്തിന്‍റെ ഭവനമുണ്ട്. അവന്‍ അവരുടെ രക്ഷാധികാരിയായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമത്രെ അത്.
Enam 6:128
അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം. (ജിന്നുകളോട് അവന്‍ പറയും:) ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍ നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്.(35) മനുഷ്യരില്‍ നിന്നുള്ള അവരുടെ ഉറ്റമിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ ചിലര്‍ മറ്റുചിലരെക്കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി.(36) നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങളതില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.
———
35) ജിന്നുകളുടെ ലോകത്തെപ്പറ്റി വിശുദ്ധഖുര്‍ആനും സുന്നത്തും നമുക്ക് മനസ്സിലാക്കിത്തന്നതില്‍ കൂടുതല്‍ അറിയുക അസാധ്യമാണ്. ജിന്നുകളില്‍പെട്ട പിശാചുക്കള്‍ നാം അറിയാത്ത വിധത്തില്‍ നമ്മെ വഴിതെറ്റിക്കാന്‍ നിരന്തരം ശ്രമിക്കുമെന്ന് ഖുര്‍ആന്‍ നമുക്ക് താക്കീത് നല്‍കിയിട്ടുണ്ട്.
36) മനുഷ്യര്‍ക്ക് ക്ഷണികമായ സുഖാനുഭവവും, പിന്നീട് ഗുരുതരമായ ഭവിഷ്യത്തുകളും ഉണ്ടാക്കുന്ന കാര്യങ്ങളാണ് പിശാചുക്കള്‍ ദുര്‍ബോധനം ചെയ്യുന്നത്.
Enam 6:129
അപ്രകാരം ആ അക്രമികളില്‍ ചിലരെ ചിലര്‍ക്ക് നാം കൂട്ടാളികളാക്കുന്നു. അവര്‍ സമ്പാദിച്ച് കൊണ്ടിരുന്നതിന്‍റെ ഫലമത്രെ അത്.
Enam 6:130
ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ(37) നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? അവര്‍ പറഞ്ഞു: ഞങ്ങളിതാ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് സ്വദേഹങ്ങള്‍ക്കെതിരായി തന്നെ അവര്‍ സാക്ഷ്യം വഹിച്ചു.
———
37) ഉയിര്‍ത്തെഴുന്നേല്‍പിൻ്റെ ദിവസം.
Enam 6:131
നാട്ടുകാര്‍ (സത്യത്തെപ്പറ്റി) ബോധവാന്‍മാരല്ലാതിരിക്കെ അവര്‍ ചെയ്ത അക്രമത്തിന്‍റെ പേരില്‍ നിന്‍റെ രക്ഷിതാവ് നാടുകള്‍ നശിപ്പിക്കുന്നവനല്ല(38) എന്നതിനാലത്രെ അത് (ദൂതന്‍മാരെ അയച്ചത്.)
———
38) പ്രവാചകന്മാരോ പ്രബോധകന്മാരോ മുഖേന അല്ലാഹുവിൻ്റെ മാര്‍ഗദര്‍ശനത്തെപ്പറ്റി അറിയാന്‍ ഒരിക്കലും അവസരം കിട്ടിയിട്ടില്ലാത്തവരെ അല്ലാഹു ശിക്ഷിക്കുകയില്ലെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം.
Enam 6:132
ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി പല പദവികളുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി നിന്‍റെ രക്ഷിതാവ് ഒട്ടും അശ്രദ്ധനല്ല.
Enam 6:133
നിന്‍റെ രക്ഷിതാവ് പരാശ്രയമുക്തനും കാരുണ്യവാനുമാകുന്നു. അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ നീക്കം ചെയ്യുകയും, നിങ്ങള്‍ക്ക് ശേഷം അവന്‍ ഉദ്ദേശിക്കുന്ന മറ്റൊരു ജനതയെ പകരം കൊണ്ടുവരുകയും ചെയ്യുന്നതാണ്. മറ്റൊരു ജനതയുടെ വംശപരമ്പരയില്‍ നിന്ന് നിങ്ങളെ അവന്‍ വളര്‍ത്തിയെടുത്തത് പോലെ.
Enam 6:134
തീര്‍ച്ചയായും നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെടുന്ന ആ കാര്യം വരിക തന്നെ ചെയ്യും. (ആ വിഷയത്തില്‍ അല്ലാഹുവെ) പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല.
Enam 6:135
(നബിയേ,) പറയുക: എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ നിലപാടനുസരിച്ച് പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞാനും (അങ്ങനെ) പ്രവര്‍ത്തിക്കാം. ലോകത്തിന്‍റെ പര്യവസാനം ആര്‍ക്ക് അനുകൂലമായിരിക്കുമെന്ന് വഴിയെ നിങ്ങള്‍ക്കറിയാം. അക്രമികള്‍ വിജയം വരിക്കുകയില്ല; തീര്‍ച്ച.
Enam 6:136
അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ച് കൊടുത്തിരിക്കുകയാണ്. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിന്നുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും.(39) അവര്‍ തീര്‍പ്പുകല്‍പിക്കുന്നത് എത്രമോശം!
———
39) മനുഷ്യരുടെ സ്വത്തില്‍ അല്ലാഹുവിനുളള അവകാശമാണ് സകാത്തും സദഖയും. പുണ്യാത്മാക്കള്‍ക്ക് മനുഷ്യര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ 'അവകാശ'മാണ് നേര്‍ച്ചവഴിപാടുകള്‍. സകാത്തും സ്വദഖയുമായി നല്‍കേണ്ട വിഹിതത്തില്‍ കമ്മി വരുത്തിക്കൊണ്ട് പോലും പുണ്യാത്മാക്കള്‍ക്കുള്ള നേര്‍ച്ചവഴിപാടുകള്‍ അവര്‍ നിറവേറ്റുന്നു. നേര്‍ച്ചക്കായി നീക്കിവച്ചത് ഒരിക്കലും അവര്‍ വകമാറ്റി ചെലവഴിക്കുകയില്ല. അല്ലാഹുവിൻ്റെ കാര്യത്തിലുള്ളതിൻ്റെ എത്രയോ ഇരട്ടിയാണ് അവര്‍ക്ക് 'നേര്‍ച്ചക്കാരുടെ' കാര്യത്തിലുള്ള നിഷ്‌കര്‍ഷ.
Enam 6:137
അതുപോലെ തന്നെ ബഹുദൈവവാദികളില്‍പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവരുടെ പങ്കാളികൾ (പിശാചുക്കൾ) ഭംഗിയായി തോന്നിച്ചിരിക്കുന്നു.(40) അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക് അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ് അതുകൊണ്ടുണ്ടായിത്തീരുന്നത്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരത് ചെയ്യുമായിരുന്നില്ല. അതിനാല്‍ അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നതുമായി അവരെ വിട്ടേക്കുക.
———
40) അറേബ്യയിലെ ബഹുദൈവാരാധകര്‍ക്കിടയില്‍ ശിശുഹത്യ സാധാരണമായിരുന്നു. അവരുടെ ആരാധ്യര്‍ക്ക് ശിശുക്കള്‍ ബലിയര്‍പ്പിക്കപ്പെട്ടിരുന്നു. ദാരിദ്ര്യഭയത്താലും ശിശുക്കളെ കൊന്നിരുന്നു. അപമാന ഭയത്താല്‍ പെണ്‍കുഞ്ഞുങ്ങളെ കൊന്നു കളയുന്നവരുമുണ്ടായിരുന്നു. ഇതൊന്നും മതവിരുദ്ധമായി അവര്‍ കരുതിയിരുന്നില്ല.
Enam 6:138
അവര്‍ പറഞ്ഞു: ഇവ വിലക്കപ്പെട്ട കാലികളും കൃഷിയുമാകുന്നു. ഞങ്ങള്‍ ഉദ്ദേശിക്കുന്ന ചിലരല്ലാതെ അവ ഭക്ഷിച്ചു കൂടാ. അതവരുടെ ജല്‍പനമത്രെ. പുറത്ത് സവാരിചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ട ചില കാലികളുമുണ്ട്. വേറെ ചില കാലികളുമുണ്ട്; അവയുടെ മേല്‍ അവര്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയില്ല. ഇതെല്ലാം അവന്‍റെ (അല്ലാഹുവിന്‍റെ) പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. അവര്‍ കെട്ടിച്ചമച്ച് കൊണ്ടിരുന്നതിന് തക്ക ഫലം അവന്‍ അവര്‍ക്ക് നല്‍കിക്കൊള്ളും.
Enam 6:139
അവര്‍ പറഞ്ഞു: ഈ കാലികളുടെ ഗര്‍ഭാശയങ്ങളിലുള്ളത് ഞങ്ങളിലെ ആണുങ്ങള്‍ക്ക് മാത്രമുള്ളതും, ഞങ്ങളുടെ ഭാര്യമാര്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതുമാണ്. അത് ചത്തതാണെങ്കിലോ അവരെല്ലാം അതില്‍ പങ്ക് പറ്റുന്നവരായിരിക്കും. അവരുടെ ഈ ജല്‍പനത്തിന് തക്ക പ്രതിഫലം അവന്‍ (അല്ലാഹു) വഴിയെ അവര്‍ക്ക് നല്‍കുന്നതാണ്. തീര്‍ച്ചയായും അവന്‍ യുക്തിമാനും സര്‍വ്വജ്ഞനുമാകുന്നു.
Enam 6:140
ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചു പോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല.(41)
———
41) ഏതേത് പവിത്രമെന്നും ഏതേത് നിഷിദ്ധമെന്നും നിര്‍ണയിക്കാന്‍ പ്രപഞ്ച നാഥന് മാത്രമേ അവകാശമുള്ളൂ. അവന്‍ നിര്‍ദേശിക്കു ന്നതാണ് മതം. സ്വന്തമായി മതാചാരമുണ്ടാക്കുന്ന പൂജാരികളും പുരോഹിതന്മാരും അല്ലാഹുവിന്റെ അവകാശത്തില്‍ കൈയിടുന്ന ധിക്കാരികളത്രെ.
Enam 6:141
പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതിന്‍റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്ത് വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
Enam 6:142
കാലികളില്‍ നിന്ന് ഭാരം ചുമക്കുന്നവയും, അറുത്ത് ഭക്ഷിക്കാനുള്ളവയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) നിങ്ങള്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് നിങ്ങള്‍ തിന്നുകൊള്ളുക. പിശാചിന്‍റെ കാലടികളെ നിങ്ങള്‍ പിന്‍പറ്റിപോകരുത്. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രുവാകുന്നു.
Enam 6:143
എട്ടു ഇണകളെ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) ചെമ്മരിയാടില്‍ നിന്ന് രണ്ടും, കോലാടില്‍ നിന്ന് രണ്ടും. പറയുക: (അവ രണ്ടിലെയും) ആണ്‍വര്‍ഗങ്ങളെയാണോ, അതല്ല, പെണ്‍വര്‍ഗങ്ങളെയാണോ, അതുമല്ല പെണ്‍വര്‍ഗങ്ങളുടെ ഗര്‍ഭാശയങ്ങള്‍ ഉള്‍കൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? അറിവിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ എനിക്ക് പറഞ്ഞുതരൂ; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
Enam 6:144
ഒട്ടകത്തില്‍ നിന്ന് രണ്ട് ഇണകളെയും, പശുവര്‍ഗത്തില്‍ നിന്ന് രണ്ട് ഇണകളെയും(അവന്‍ സൃഷ്ടിച്ചു.) പറയുക: (അവ രണ്ടിലെയും) ആണ്‍വര്‍ഗങ്ങളെയാണോ, പെണ്‍വര്‍ഗങ്ങളെയാണോ അതുമല്ല പെണ്‍വര്‍ഗങ്ങളുടെ ഗര്‍ഭാശയങ്ങള്‍ ഉള്‍കൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്? അല്ല, അല്ലാഹു നിങ്ങളോട് ഇതൊക്കെ ഉപദേശിച്ച സന്ദര്‍ഭത്തിന് നിങ്ങള്‍ സാക്ഷികളായിട്ടുണ്ടോ? അപ്പോള്‍ ഒരു അറിവുമില്ലാതെ ജനങ്ങളെ പിഴപ്പിക്കാന്‍ വേണ്ടി അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലേക്ക് നയിക്കുകയില്ല; തീര്‍ച്ച.
Enam 6:145
(നബിയേ,) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ (നേര്‍ച്ചയായി) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്‍റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
Enam 6:146
നഖമുള്ള എല്ലാ ജീവികളെയും ജൂതന്‍മാര്‍ക്ക് നാം നിഷിദ്ധമാക്കുകയുണ്ടായി. പശു, ആട് എന്നീ വര്‍ഗങ്ങളില്‍ നിന്ന് അവയുടെ കൊഴുപ്പുകളും നാം അവര്‍ക്ക് നിഷിദ്ധമാക്കി. അവയുടെ മുതുകിന്‍മേലോ കുടലുകള്‍ക്ക് മീതെയോ ഉള്ളതോ, എല്ലുമായി ഒട്ടിച്ചേര്‍ന്നതോ ഒഴികെ. അവരുടെ ധിക്കാരത്തിന്ന് നാമവര്‍ക്ക് നല്‍കിയ പ്രതിഫലമത്രെ അത്. തീര്‍ച്ചയായും നാം സത്യം പറയുകയാകുന്നു.
Enam 6:147
ഇനി അവര്‍ നിന്നെ നിഷേധിച്ചുകളയുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: നിങ്ങളുടെ രക്ഷിതാവ് വിശാലമായ കാരുണ്യമുള്ളവനാകുന്നു. എന്നാല്‍ കുറ്റവാളികളായ ജനങ്ങളില്‍ നിന്ന് അവന്‍റെ ശിക്ഷ ഒഴിവാക്കപ്പെടുന്നതല്ല.
Enam 6:148
ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും: അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ, ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുമായിരുന്നുമില്ല എന്ന്. ഇതേ പ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നത് വരെ നിഷേധിച്ചു കളയുകയുണ്ടായി. പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ അതൊന്ന് വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ് നിങ്ങള്‍ പിന്തുടരുന്നത്. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.
Enam 6:149
പറയുക: ആകയാല്‍ അല്ലാഹുവിനാണ് മികച്ച തെളിവുള്ളത്. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ മുഴുവന്‍ അവന്‍ നേര്‍വഴിയിലാക്കുക തന്നെ ചെയ്യുമായിരുന്നു.
Enam 6:150
പറയുക: അല്ലാഹു ഇതൊക്കെ നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ സാക്ഷികളെ കൊണ്ടുവരിക. ഇനി അവര്‍ (കള്ള) സാക്ഷ്യം വഹിക്കുകയാണെങ്കില്‍ നീ അവരോടൊപ്പം സാക്ഷിയാകരുത്. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിയവരും, പരലോകത്തില്‍ വിശ്വസിക്കാത്തവരും തങ്ങളുടെ രക്ഷിതാവിന് സമന്‍മാരെവെക്കുന്നവരുമായ ആളുകളുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്‍ന്ന് പോകരുത്.
Enam 6:151
(നബിയേ,) പറയുക: നിങ്ങള്‍ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുകേള്‍പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങള്‍ ഹനിച്ചുകളയരുത്. നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.
Enam 6:152
ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങള്‍ അവന്‍റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കണം.) നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ നീതി പാലിക്കുക. അതൊരു ബന്ധുവിന്‍റെ കാര്യത്തിലായിരുന്നാല്‍ പോലും. അല്ലാഹുവോടുള്ള കരാര്‍ നിങ്ങള്‍ നിറവേറ്റുക. നിങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.
Enam 6:153
ഇതത്രെ എന്‍റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്‍റെ (അല്ലാഹുവിന്‍റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.
Enam 6:154
നന്‍മചെയ്തവന്ന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാകാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടിക്കാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി.
Enam 6:155
ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
Enam 6:156
ഞങ്ങളുടെ മുമ്പുള്ള രണ്ട് വിഭാഗങ്ങള്‍ക്ക് മാത്രമേ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ. അവര്‍ വായിച്ചുപഠിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും ധാരണയില്ലാത്തവരായിരുന്നു' എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാലാണ് (ഇതവതരിപ്പിച്ചത്.)(42)
———
42) പരലോകത്ത് നിങ്ങള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ഒരുവേള ഇങ്ങനെ പറഞ്ഞേക്കാം. "അറബികളായ ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭാഷയില്‍ ഒരു വേദവും നല്‍കപ്പെട്ടിട്ടില്ല. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കപ്പെട്ട വേദം ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അതിനാല്‍ ഞങ്ങളെ ശിക്ഷിക്കരുതേ" ഇങ്ങനെയൊരു ന്യായവാദത്തിന് നിങ്ങള്‍ക്ക് അവസരമുണ്ടാകാതിരിക്കാനാണ് നിങ്ങളുടെ അറിവിനായി വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്.
Enam 6:157
അല്ലെങ്കില്‍, ഞങ്ങള്‍ക്ക് ഒരു വേദഗ്രന്ഥം അവതരിച്ച് കിട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ അവരെക്കാള്‍ സന്‍മാര്‍ഗികളാകുമായിരുന്നു എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാല്‍. അങ്ങനെ നിങ്ങള്‍ക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ പ്രമാണവും മാര്‍ഗദര്‍ശനവും കാരുണ്യവും വന്നുകിട്ടിയിരിക്കുന്നു. എന്നിട്ടും അല്ലാഹുവിന്‍റെ തെളിവുകളെ നിഷേധിച്ചുതള്ളുകയും, അവയില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? നമ്മുടെ തെളിവുകളില്‍ നിന്ന് തിരിഞ്ഞ് കളയുന്നവര്‍ക്ക് അവര്‍ തിരിഞ്ഞ് കളഞ്ഞുകൊണ്ടിരുന്നതിന് പ്രതിഫലമായി നാം കടുത്ത ശിക്ഷ നല്‍കുന്നതാണ്.
Enam 6:158
തങ്ങളുടെ അടുക്കല്‍ മലക്കുകള്‍ വരുന്നതോ, നിന്‍റെ രക്ഷിതാവ് തന്നെ വരുന്നതോ, നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം(43) വരുന്നതോ അല്ലാതെ മറ്റെന്താണവര്‍ കാത്തിരിക്കുന്നത്? നിന്‍റെ രക്ഷിതാവിന്‍റെ ഏതെങ്കിലുമൊരു ദൃഷ്ടാന്തം വരുന്ന ദിവസം, മുമ്പ് തന്നെ വിശ്വസിക്കുകയോ, വിശ്വാസത്തോട് കൂടി വല്ല നന്‍മയും ചെയ്തുവെക്കുകയോ ചെയ്തിട്ടില്ലാത്ത യാതൊരാള്‍ക്കും തന്‍റെ വിശ്വാസം പ്രയോജനപ്പെടുന്നതല്ല. പറയുക: നിങ്ങള്‍ കാത്തിരിക്കൂ; ഞങ്ങളും കാത്തിരിക്കുകയാണ്.
———
43) മനസ്സിനെ തട്ടിയുണര്‍ത്താന്‍ പര്യാപ്തമായ ദൃഷ്ടാന്തങ്ങളും കൊണ്ടാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിട്ടുളളത്. മുഹമ്മദ് നബി(ﷺ) മുഖേന അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അമാനുഷിക ഗ്രന്ഥമായ വിശുദ്ധഖുര്‍ആന്‍ തന്നെ. എന്നാല്‍ ഏതു ദൃഷ്ടാന്തം കണ്ടാലും അത് മായാജാലമാണെന്ന് പറഞ്ഞ് തളളിക്കളയുന്ന നിലപാടാണ് എതിരാളികള്‍ സ്വീകരിച്ചത്. 'ഇതൊന്നും ദൃഷ്ടാന്തമല്ല; സ്പഷ്ടവും അനിഷേധ്യവുമായ ദൃഷ്ടാന്തം കൊണ്ടുവരണം' എന്നായിരുന്നു അവരുടെ ശാഠ്യം. അതിനുള്ള മറുപടിയാണ് ഈ വചനം. തങ്ങളെ സ്തബ്ധരാക്കിക്കളയുന്ന ഒരു ദൃഷ്ടാന്തം കണ്ടിട്ട് അവര്‍ വിശ്വസിച്ചാല്‍ അത് ഗത്യന്തരമില്ലാത്തതിൻ്റെ പേരിലുളള വിശ്വാസപ്രഖ്യാപനമായതിനാല്‍ അല്ലാഹു പരിഗണിക്കുന്നതല്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.
Enam 6:159
തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല.(44) അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്.) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും.
———
44) അല്ലാഹുവിൻ്റെ ഏകത്വത്തിനും ദീനിൻ്റെ അഖണ്ഡതയ്ക്കും എതിരായ വാദങ്ങളുമായി കക്ഷി പിരിഞ്ഞവരെപ്പറ്റിയാണ് ഈ വചനത്തില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ സമൂഹത്തില്‍ ബഹുദൈവാരാധനാ സമ്പ്രദായങ്ങളും അനിസ്‌ലാമികാചാരങ്ങളും വളര്‍ന്നുവരുമ്പോള്‍ അതിനെതിരില്‍ സംഘടിക്കുന്നവര്‍ ആക്ഷേപാര്‍ഹരല്ല. അവര്‍ മഹത്തായ സേവനമാണ് ചെയ്യുന്നത്. അതാണല്ലോ പ്രവാചകന്മാരൊക്കെ നിര്‍വ്വഹിച്ച ദൗത്യം.
Enam 6:160
വല്ലവനും ഒരു നന്‍മ കൊണ്ടു വന്നാല്‍ അവന്ന് അതിന്‍റെ പതിന്‍മടങ്ങ് ലഭിക്കുന്നതാണ്. വല്ലവനും ഒരു തിന്‍മകൊണ്ടു വന്നാല്‍ അതിന് തുല്യമായ പ്രതിഫലം മാത്രമേ അവന്ന് നല്‍കപ്പെടുകയുള്ളൂ. അവരോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ല.
Enam 6:161
പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്രാഹീമിന്‍റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.
Enam 6:162
പറയുക: തീര്‍ച്ചയായും എന്‍റെ നമസ്കാരവും, എന്‍റെ ബലികര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു.
Enam 6:163
അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്.
Enam 6:164
പറയുക: രക്ഷിതാവായിട്ട് അല്ലാഹുവല്ലാത്തവരെ ഞാന്‍ തേടുകയോ? അവനാകട്ടെ മുഴുവന്‍ വസ്തുക്കളുടെയും രക്ഷിതാവാണ്. ഏതൊരാളും ചെയ്തുവെക്കുന്നതിന്‍റെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രമായിരിക്കും. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തില്‍ നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കുന്നതാണ്.
Enam 6:165
അവനാണ് നിങ്ങളെ ഭൂമിയില്‍ പിന്തുടര്‍ച്ചാവകാശികളാക്കിയത്. നിങ്ങളില്‍ ചിലരെ ചിലരെക്കാള്‍ പദവികളില്‍ അവന്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും വേഗത്തിൽ ശിക്ഷാനടപടി എടുക്കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനും കൂടിയാകുന്നു.